ഹരിപ്പാട്: പ്രപഞ്ച ഊർജത്തെക്കുറിച്ചുള്ള പരിശീലന ക്ലാസിന്റെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഹിമാലയൻ തേർഡ് ഐ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ കഴമ്പില്ലെന്നു കണ്ട് കോടതി നടപടികൾ അവസാനിപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എഫ്എഡി ആയി ഫയൽ ക്ലോസ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയായി ചേർക്കപ്പെട്ടിരുന്ന കെ.എസ്. പണിക്കർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂർ സ്വദേശി പ്രശാന്തിന്റെ പരാതിയിലാണ് ട്രസ്റ്റ് ഭാരവാഹികളായ ഡോ.അഷ്റഫ്, കെ.എസ്. പണിക്കർ, അനിരുദ്ധൻ, വിനോദ് കുമാർ, സനൽ, ഡോ. അഭിനന്ദ് എന്നിവർക്കെതിരേ പൊലിസ് കേസെടുത്തിരുന്നത്. ക്ലാസുകളുടെ പേരിൽ പരാതിക്കാരനിൽ നിന്ന് മൂന്ന് ലക്ഷം രൂപയും മറ്റു പങ്കാളികളിൽ നിന്നായി 12 കോടിയോളം രൂപയും തട്ടിയെടുത്തു എന്നായിരുന്നു പരാതി.
എന്നാൽ, പൊലിസിന്റെ വിശദമായ അന്വേഷണത്തിലും സാക്ഷിമൊഴികളിലും ആരെയും കബളിപ്പിക്കാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നു വ്യക്തമായി. തുടർന്ന് പൊലിസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച കോടതി, പരാതിക്കാരന്റെ ഭാഗത്തുനിന്ന് എതിർപ്പുകൾ ഇല്ലാത്തതിനെത്തുടർന്ന് തുടർനടപടികൾ അവസാനിപ്പിച്ച് കേസ് റഫേർഡ് കേസ് ആയി തീർപ്പാക്കുകയായിരുന്നു. തങ്ങളെ അപമാനിക്കാൻ ബോധപൂർവം വ്യാജ പരാതി നൽകിയവർക്കെതിരേ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും കെ.എസ്. പണിക്കർ പറഞ്ഞു.