ന്യൂഡൽഹി: ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചരിത്ര സ്വർണം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. സ്വർണനേട്ടത്തിൽ തിളങ്ങിയ ടീമിലെ ഓരോ കളിക്കാർക്കും 11 ലക്ഷം രൂപ വീതവും, സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്ക് 5.5 ലക്ഷം രൂപ വീതവും ക്യാഷ് അവാർഡ് നൽകുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോലാ നാഥ് സിംഗ് പ്രഖ്യാപിച്ചു.
ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരും ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളുമായ ചൈനയെ 1-0 എന്ന ഗോൾ വ്യത്യാസത്തിലാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തകർപ്പൻ റിവേഴ്സ്-സ്റ്റിക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യക്കായി വിജയഗോൾ നേടിയത്. തുടർന്ന് മികച്ച പ്രതിരോധം കാഴ്ചവെച്ചാണ് ഇന്ത്യൻ വനിതകൾ ചരിത്ര വിജയം സ്വന്തമാക്കിയത്. 1982-ലെ ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യൻ വനിതാ ടീം ഇതിനുമുമ്പ് അവസാനമായി സ്വർണം നേടിയിട്ടുള്ളത്.