ശാസ്ത്രലോകത്തിന് ചൊവ്വ എന്ന ചുവന്ന ഗ്രഹം എന്നു വിസ്മയമാണ്. ജീവന്റെ സാന്നിധ്യമുണ്ടോ/ഉണ്ടായിരുന്നോ, ഭാവിയിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാൻ കഴിയുമോ തുടങ്ങിയ ഗവേഷണങ്ങൾ പുരോഗമിക്കുന്ന കാലം കൂടിയാണിത്. ഇപ്പോൾ, ചൊവ്വയിൽനിന്നുള്ള വിസ്മയകരമായ ചിത്രങ്ങൾ പകർത്തിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ക്യൂരിയോസിറ്റി റോവർ. കണ്ണെത്താദൂരത്തോളം തേനീച്ചക്കൂടുകളുടെ മാതൃകയില്‍ പരന്നുകിടക്കുന്ന അതിവിശാലമായ പ്രദേശമാണ് റോവര്‍ കണ്ടെത്തിയത്. നേരത്തെ, ഇത്തരത്തിലുള്ള ചെറിയ ഘടനകള്‍ ചൊവ്വാദൗത്യത്തിനിടയില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇത്രയും വിശാലമായ മേഖല ശ്രദ്ധയില്‍പ്പെടുന്നത് അന്വേഷണചരിത്രത്തിലെ ആദ്യത്തെ അധ്യായമാണ്!
വാലെ ഗ്രാന്‍ഡെ എന്നു പേരിട്ടിരിക്കുന്ന ചൊവ്വാ താഴ്വരയിലേക്ക് ക്യൂരിയോസിറ്റി അടുത്തിടെ പ്രവേശിക്കാനാരംഭിച്ചപ്പോഴാണ് അതിശകരമായ കണ്ടെത്തൽ. ഏകദേശം 1.5 മുതല്‍ മൂന്ന് ഇഞ്ചുവരെ വലിപ്പമുള്ള ബഹുഭുജ രൂപത്തിലുള്ള വിള്ളലുകളാല്‍ സമൃദ്ധമാണ് പ്രദേശം. വ്യാപ്തിയുടെ കാര്യത്തില്‍, മുൻ കണ്ടെത്തലുകളേക്കാള്‍ എത്രയോ മുകളിലാണ് വാലെ ഗ്രാന്‍ഡെയിലെ പ്രതിഭാസമെന്നു ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന നാസയിലെ ഗവേഷകർ അഭിപ്രായപ്പെട്ടു.
റോവർ പകർത്തിയ 360-ഡിഗ്രി പനോരമ ദൃശ്യങ്ങളില്‍, നാനാഭാഗങ്ങളിലേക്കും പടര്‍ന്നുകിടക്കുന്ന ജ്യാമിതീയ രൂപങ്ങള്‍ വ്യക്തമാണ്. പ്രദേശത്തുളള, ആറ് മീറ്റര്‍ ഉയരമുള്ള മിറാഫ്ളോര്സ് എന്ന പാറക്കെട്ടിനു ചുറ്റുമാണ് ബഹുഭുജരൂപങ്ങൾ. റോവറിന്റെ കാമറകളിലൂടെ കൗതുകകരമായ പല കാഴ്ചകളും കണ്ടിട്ടുണ്ടെങ്കിലും, ഒരേ രീതിയിലുള്ള ഈ ക്രമം തികച്ചും അത്ഭുതപ്പെടുത്തുന്നതാണെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഗവേഷകർ അഭിപ്രായപ്പെട്ടു.
കണ്ടെത്തിയ ഘടനകളുടെ ആകൃതിയും രാസഘടനയും ശാസ്ത്രജ്ഞര്‍ വിശദമായ പഠനത്തിനു വിധേയമാക്കി. നേരത്തെ നടത്തിയ ദൗത്യങ്ങളില്‍ ദൃശ്യമായ ഇത്തരം പ്രതിഭാസങ്ങള്‍ ഉണങ്ങിവരണ്ട ചെളിയിലെ വിള്ളലുകള്‍ കാരണം രൂപപ്പെട്ടതാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വിള്ളലുകള്‍, ഒരുപോലെ ആവര്‍ത്തിക്കപ്പെടുന്ന തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥാ വ്യതിയാനങ്ങളോ, അല്ലെങ്കില്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ സമ്മര്‍ദം ചെലുത്തപ്പെട്ട് ജലം പുറന്തള്ളപ്പെട്ടപ്പോള്‍ സംഭവിച്ച മാറ്റങ്ങളോ ആകാം എന്നാണ് ഗവേഷകുടെ വിലയിരുത്തല്‍. കൂടുതല്‍ പഠനങ്ങളിലൂടെ ചൊവ്വയിലെ പ്രാചീന അന്തരീക്ഷത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ റോവറിന്റെ പുതിയ കണ്ടെത്തലിലൂടെ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണു നാസ.