ഹരിപ്പാട്: കുമാരപുരത്ത് വീശിയിടിച്ച ശക്തമായ കാറ്റിലും മഴയിലും വൻമരം വീടിനു മുകളിലേക്ക് പിഴുതുവീണു. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയും മകളും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്റെ വീടിനു മുകളിലേക്കാണ് ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന വലിയ ആഞ്ഞിലിമരം പിഴുതുവീണത്. അപകടത്തിൽ മേൽക്കൂരയിലെ റൂഫിംഗ് ഷീറ്റുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മരം വീഴുന്ന വൻ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മയും മകളും ഉടൻതന്നെ പുറത്തേക്ക് ഓടിയിറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ സമീപത്തെ വൈദ്യുത കമ്പികളിലേക്കും മരം പതിച്ച് ലൈനുകൾ പൊട്ടിവീണു. വിവരമറിഞ്ഞ് റവന്യു അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.