ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരത്തില്‍ പങ്കുചേര്‍ന്ന വിദ്യാഭ്യാസ വിചക്ഷണനും കാലാവസ്ഥാ പ്രവര്‍ത്തകനുമായ സോനം വാംഗുചുകിന്റെ നിരാഹാരസമരം 15-ാം ദിവസത്തിലേക്ക് കടന്നു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി പ്രധാന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ സിജെപി തുടങ്ങിയ പ്രതിഷേധസമരം ഇന്ന് 23-ാം ദിവസത്തിലേക്ക് പ്രവേശിച്ചു.
വാംഗ്ചുകിന്റെ നിരാഹാരസമരം 14 ദിവസം പിന്നിട്ടിട്ടും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. നിരാഹാരം ആരംഭിച്ചതിനുശേഷം അദ്ദേഹത്തിന്റെ ഭാരം 7.5 കിലോഗ്രാം കുറഞ്ഞു.
പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും കുറഞ്ഞതിന്റെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നിരാഹാരസമരത്തില്‍നിന്നു പിന്മാറില്ലെന്ന് വാംഗ്ചുക് വ്യക്തമാക്കി. ജൂണ്‍ 28നാണ് വാംഗ്ചുക് സമരത്തില്‍ ചേര്‍ന്നു നിരാഹാരം തുടങ്ങിയത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന 20ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൗരന്മാരെയും സിജെപി ക്ഷണിച്ചു. പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ എംപിമാരെ പ്രേരിപ്പിക്കുന്നതിനാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നതെന്ന് വാംഗ്ചുക് പറഞ്ഞു.