മുംബൈ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സൂപ്പർതാരം ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ബുംറയുടെ സേവനം ഉറപ്പാക്കുന്നതിനാണ് സെലക്ടർമാർ മുൻഗണന നൽകുന്നത്. പരിക്കിൽനിന്ന് മുക്തനായ താരത്തിന് അമിത ജോലിഭാരം നൽകാതെ കായികക്ഷമതയോടെ ടെസ്റ്റ് മത്സരങ്ങളിൽ ഇറക്കുകയാണ് ലക്ഷ്യം.
നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ബുംറ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം നടത്തും. ഈ മാസം അവസാനത്തോടെ താരം ബംഗളൂരുവിലെത്തുമെന്നാണ് സൂചന.
ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ എയുടെ സന്നാഹമത്സരത്തിൽ താരം കളിക്കാനും സാധ്യതയുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രതീക്ഷകൾ നിലനിർത്തുന്നതിനൊപ്പം അടുത്ത വർഷം ഓസ്ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയും സെലക്ടർമാരുടെ പരിഗണനയിലുണ്ട്.