ചെലവ് ചുരുക്കണം. യാത്ര കുറയ്ക്കണം. കാർ ഉപയോഗം കുറച്ച് ബസിലോ മെട്രോയിലോ യാത്ര ചെയ്യുക. ഓഫീസിൽ പോകാതെ വീട്ടിൽ ഇരുന്നു ജോലി ചെയ്യുക. വിദേശയാത്ര ഒഴിവാക്കുക. സ്വർണം വാങ്ങുന്നതു മാറ്റിവയ്ക്കുക. വിദേശ ബ്രാൻഡുകൾ ഒഴിവാക്കി നാടൻ സാധനങ്ങൾ ഉപയോഗിക്കണം. കർഷകർ രാസവള ഉപയോഗം പകുതിയാക്കണം. വീട്ടമ്മമാർ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കണം.
രണ്ടാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാട്ടുകാരോട് ഉപദേശിച്ച കാര്യമാണിത്. രാജ്യത്തെ സാമ്പത്തികകാര്യങ്ങൾ ഒട്ടും പന്തിയല്ല. ജനങ്ങൾ സഹിക്കാൻ തയാറാകണം. വിദേശനാണ്യം സംരക്ഷിച്ചു രാജ്യത്തെ സഹായിക്കണം എന്നു ചുരുക്കം. 1960കളിലും 1970കളിലും പ്രധാനമന്ത്രിമാർ ഇത്തരം ആഹ്വാനങ്ങൾ നടത്തിയിരുന്നു.
സ്വയംപര്യാപ്തതയുടെ പേരിൽ ഇറക്കുമതി നിരുത്സാഹപ്പെടുത്തിയിരുന്ന കാലം. ഇറക്കുമതിക്കു നൽകാൻ വേണ്ടത്ര ഡോളർ ഇല്ല. അതിനാൽ ചുങ്കം കൂട്ടിയോ നിയന്ത്രണങ്ങൾ ചുമത്തിയോ ഇറക്കുമതി കുറച്ചു. അതാണു രാജ്യത്തെ ശക്തമാക്കുന്നത് എന്നു വിശ്വസിച്ച കാലമായിരുന്നു അത്. ദുരിതം നിറഞ്ഞ ആ കാലത്തേക്കു രാജ്യം തിരിച്ചു ചെന്നു എന്നതാണ് മോദിയുടെ ആഹ്വാനത്തിൽ മനസിലാക്കേണ്ട പ്രധാന കാര്യം. ഒരുതരം ഏറ്റുപറച്ചിൽ. നമ്മൾ വീണ്ടും ദുരിതകാലത്തായോ? വസ്തുതകൾ പരിശോധിക്കാം.
► കപ്പൽച്ചാലും വ്യാപാരവും
ഇറാനെതിരേ അമേരിക്കയും ഇസ്രയേലും തുടങ്ങിവച്ച യുദ്ധം അനിശ്ചിതമായി തുടരുന്നു. ദുർബലമായ വെടിനിർത്തൽ എപ്പോൾ വേണമെങ്കിലും തകരാം. സമാധാന ചർച്ചകൾ വഴിമുട്ടി. സംഘർഷം മൂലം ഗൾഫിലേക്കു കയറ്റുമതി നടക്കുന്നില്ല. ഇന്ത്യയുടെ കയറ്റുമതിയിൽ 18 ശതമാനം അങ്ങോട്ടായിരുന്നു. യുദ്ധം മൂലം ഇന്ത്യക്ക് ആവശ്യത്തിന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും പാചകവാതകവും രാസവളവും കിട്ടുന്നില്ല. ഇവയുടെ ഇറക്കുമതിയിൽ 40 മുതൽ 70 വരെ ശതമാനം ഹോർമുസ് കപ്പൽച്ചാൽ വഴിയായിരുന്നു.
► വിലക്കയറ്റത്തിന്റെ വഴി
യുദ്ധത്തിനു മുൻപ് ബാരലിന് 70 ഡോളറിൽ താഴെ നിന്നിരുന്ന ക്രൂഡ് ഓയിൽ വില 110 ഡോളറിലാണ്. 60 ശതമാനം വർധന. മിക്ക രാജ്യങ്ങളിലും ഇന്ധനവില കൂട്ടിയപ്പോൾ ഇന്ത്യ കൂട്ടിയില്ല. സംസ്ഥാന തെരഞ്ഞെടുപ്പുകൾ ആയിരുന്നു കാരണം. അതു കഴിഞ്ഞപ്പോൾ ഇന്ധനവില കൂട്ടിത്തുടങ്ങി. വാണിജ്യാവശ്യത്തിനുള്ള എൽപിജിക്കും വിദേശത്തേക്കു പോകുന്ന വിമാനങ്ങളുടെ ഇന്ധനത്തിനും നേരത്തേതന്നെ വില കൂട്ടി. ഇനി ഗാർഹിക എൽപിജിക്കും ആഭ്യന്തര വിമാനയാത്രയ്ക്കുള്ള ഇന്ധനത്തിനും വില കൂട്ടാം.
ഏപ്രിലിൽ ഇന്ത്യയിലെ ചില്ലറ വിലക്കയറ്റം 3.48ഉം മൊത്ത വിലക്കയറ്റം 8.3ഉം ശതമാനം ആയി. ഏപ്രിലിൽ അമേരിക്കയിലെ ചില്ലറ വിലക്കയറ്റം 3.8ഉം മൊത്തവിലക്കയറ്റം ആറും ശതമാനത്തിലേക്കു കയറി. വിലക്കയറ്റം കൂടുമ്പോൾ പലിശനിരക്കു കൂട്ടാൻ അമേരിക്കയിലെ ഫെഡറൽ റിസർവും ഇന്ത്യയിലെ റിസർവ് ബാങ്കും നിർബന്ധിതമാകും. അമേരിക്ക ജൂലൈയിൽ പലിശ കൂട്ടും എന്നാണ് അഭ്യൂഹങ്ങൾ. അവിടെ കൂട്ടിയാൽ രൂപയെ പിടിച്ചു നിർത്താൻ ഇന്ത്യയും പലിശ കൂട്ടേണ്ടി വരും.
► രൂപയുടെ തകർച്ച
അമേരിക്കയുടെ തീരുവയുദ്ധം വന്ന 2025ൽ രൂപ അഞ്ചു ശതമാനം ഇടിഞ്ഞു. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നു 2026ൽ ഇതുവരെ എട്ടു ശതമാനം താഴ്ന്നു. ഇപ്പോൾ ഡോളർ 97 രൂപയ്ക്കടുത്താണ്. താമസിയാതെ 100 കടക്കും. അതു വിലക്കയറ്റത്തെ എവിടെ എത്തിക്കും എന്നതു വലിയ ആശങ്ക. ഇറക്കുമതിക്കു ചെലവു കൂടും. വാണിജ്യകമ്മി വർധിക്കും.
വിലക്കയറ്റം കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുന്നത് ഇന്ത്യയുടെ സാമ്പത്തികവളർച്ച കുറയാൻ കാരണമാകും. 2025-26ൽ ഇന്ത്യ 7.6 ശതമാനം വളർന്നു എന്നു കണക്കാക്കുന്നു. 2026-27ൽ 7.2 ശതമാനമാണ് ഔദ്യോഗിക പ്രതീക്ഷ. പക്ഷേ, എണ്ണവിലയും യുദ്ധവും മൂലം വളർച്ച ആറു ശതമാനമേ വരൂ എന്നു വിദേശിയും സ്വദേശിയുമായ റേറ്റിംഗ് ഏജൻസികൾ കണക്കാക്കുന്നു.
► വിറ്റു മടങ്ങുന്ന വിദേശികൾ
വളർച്ച കുറയുമ്പോൾ കമ്പനികളുടെ ബിസിനസും ലാഭവും കുറയും. അതു കണക്കാക്കി വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റു പണം മടക്കിക്കൊണ്ടു പോകുന്നു. 2023ൽ 1.71 ലക്ഷം കോടി രൂപ ഇവിടെ നിക്ഷേപിച്ച അവർ 2024ൽ നിക്ഷേപിച്ചത് 427 കോടി രൂപ മാത്രം. 2025ൽ 1.66 ലക്ഷം കോടി പിൻവലിച്ചു. 2026ൽ മേയ് 15 വരെ പിൻവലിച്ചത് 2.2 ലക്ഷം കോടി രൂപ. ഇതു രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ കുറവ് വരുത്തുന്നു.
വിദേശവ്യാപാര കമ്മി കൂടുന്നു. ഒപ്പം, വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു. ഇതു മൊത്തം വിദേശനാണ്യ ഇടപാടുകളിലെ (കറന്റ് അക്കൗണ്ട്) കമ്മി നിയന്ത്രണാതീതമാക്കും. ജിഡിപിയുടെ ഒരു ശതമാനത്തിനു താഴെനിന്നു രണ്ടര ശതമാനത്തിലേക്ക് ഈ കമ്മി വർധിച്ചേക്കാം. ഈ ആശങ്കയിലാണു രൂപ ഇടിയുന്നത്. വിദേശനാണയ കമ്മി വർധിച്ചാൽ വിദേശത്തുനിന്നു കടം എടുക്കേണ്ടി വരും.
► മാന്ദ്യത്തിലേക്ക്
രൂപ ഇനിയും താഴ്ന്നുപോകും എന്നാണു സൂചന. ഫെബ്രുവരി 27ന് 72,900 കോടി ഡോളർ ഉണ്ടായിരുന്ന വിദേശനാണ്യ ശേഖരം മേയ് ഒന്നിന് 69,069 കോടി ഡോളർ ആയി കുറഞ്ഞു. രൂപയെ പിടിച്ചു നിർത്താൻ വലിയ തോതിൽ ഡോളർ വിറ്റതാണു കാരണം. രൂപയെ പിടിച്ചുനിർത്താൻ പറ്റിയുമില്ല. ഇപ്പോഴും വില്പന തുടരുകയാണ്. ശരാശരി ക്രൂഡ് ഓയിൽ വില 110 ഡോളറിനു മുകളിലേക്കു നീങ്ങിയാൽ രണ്ടു ശതമാനം മാത്രം ആഗോളവളർച്ചയേ ഐഎംഎഫ് പ്രതീക്ഷിക്കുന്നുള്ളൂ. പ്രായോഗികമായി ലോകം സാമ്പത്തിക മാന്ദ്യത്തിലാകുകയാണ് അതിന്റെ ഫലം.
► വീഴ്ചകൾ ഉണ്ടായി
ഇതാണു പ്രധാനമന്ത്രിയുടെ പ്രത്യേക അഭ്യർഥനയുടെ പശ്ചാത്തലം. സമീപകാല സംഭവങ്ങൾ ശരിയായി വിശകലനം ചെയ്തു കരുതൽ നടപടികൾ എടുക്കുന്നതിൽ വീഴ്ച വന്നു. യുദ്ധം നമ്മുടെ സൃഷ്ടിയല്ല. പക്ഷേ, യുദ്ധം വന്നശേഷം നമ്മുടെ ഇന്ധനലഭ്യത ഉറപ്പാക്കാനും ഉപയോഗം നിയന്ത്രിക്കാനും നേരത്തേ നടപടികൾ ആരംഭിക്കാമായിരുന്നു. എങ്കിൽ ഒരുപക്ഷേ ചെറിയ നിയന്ത്രണങ്ങൾ മതിയാകുമായിരുന്നു. ഇപ്പോൾ അതു പോരാ. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതു നൽകുന്ന സൂചന അതാണ്.
ഇറാനിലെ അമേരിക്കൻ ആക്രമണം അവസാനിച്ച് ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പഴയതുപോലെ ആകുമ്പോഴേ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം ഉണ്ടാകൂ. അതിനിടെ കാര്യങ്ങൾ ഗുരുതരമാകാതെ നോക്കാൻ താത്കാലിക പരിഹാര നടപടികൾക്കാണു സർക്കാർ ശ്രമിക്കുന്നത്. അവ വിജയിക്കുന്നത് അപൂർവമാണ്.