ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായ സാഹചര്യം. ഇസ്രയേലിന് നേരെ ഇറാനും ഹിസ്ബുള്ളയും സംയുക്ത മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.
ഇറാക്കിലെ ഖോർ അൽ സുബൈർ തുറമുഖത്തിന് സമീപം അമേരിക്കൻ ഉടമസ്ഥതയിലുള്ള 'സേഫ്സീ വിഷ്ണു' എന്ന എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ 'സൂയിസൈഡ് ബോട്ട്' ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. 38 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇറാനിൽ നിന്ന് തൊടുത്ത മിസൈലുകൾ തങ്ങളുടെ ഭൂപ്രദേശത്തേക്ക് എത്തുന്നതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതിന് മറുപടിയായി ഇറാനിലെ ടെഹ്റാനിലും ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേൽ വ്യാപകമായ ആക്രമണം ആരംഭിച്ചു.
യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഇതോടെ പല രാജ്യങ്ങളും തങ്ങളുടെ കരുതൽ എണ്ണശേഖരം ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. എയർ ന്യൂസിലൻഡ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറച്ചു.
ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം ഇറാൻ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യുഎൻ സുരക്ഷാ സമിതി പ്രമേയം പാസാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള 130 രാജ്യങ്ങൾ ഈ പ്രമേയത്തെ പിന്തുണച്ചു.