തൃശൂർ: കേരളത്തിന്‍റെ സാംസ്കാരികത്തനിമയെയും ക്ഷേത്രാചാരങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തിയ പ്രശസ്ത ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത സേത്ത് ഇനി ഔദ്യോഗികമായി ഇന്ത്യൻ പൗര. തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനിൽനിന്ന് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചാണ് അവർ പൂർണമായും ഇന്ത്യൻ പൗരത്വം നേടുന്നത് .
കേരളത്തിന്‍റെ മണ്ണിലേക്ക്
ലണ്ടനിലെ സഫോക്കിൽ ജനിച്ച പെപിതയുടെ കേരളത്തിലേക്കുള്ള വരവ് അവിചാരിതമായിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാരനായ തന്‍റെ മുത്തച്ഛന്‍റെ ഡയറിക്കുറിപ്പുകൾ വായിച്ചു വിസ്മയിച്ചാണ് 1970-കളിൽ അവർ ആദ്യമായി കേരളത്തിലെത്തുന്നത്. എന്നാൽ, ഇവിടെയെത്തിയ അവർക്ക് പിന്നീട് ഈ നാടിനെ വിട്ടുപോകാൻ കഴിഞ്ഞില്ല. നാലു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ആചാരങ്ങളെയും കലകളെയും നിരീക്ഷിച്ച് അവർ തൃശൂരിൽ താമസമാക്കി.
ഗുരുവായൂരപ്പന്‍റെ ചങ്ങാതി
ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരങ്ങൾ അടുത്തറിയാനും ക്ഷേത്രത്തിനകത്തു പ്രവേശിക്കാനും അനുവാദം ലഭിച്ച ഏക വിദേശി എന്ന അപൂർവ്വ ബഹുമതി പെപിത സേത്തിനുണ്ട്. ഗുരുവായൂരപ്പനെക്കുറിച്ചും അവിടുത്തെ ആചാരങ്ങളെക്കുറിച്ചും വർഷങ്ങളോളം പഠനം നടത്തി അവർ രചിച്ച 'Heaven on Earth: The Universe of Kerala’s Guruvayur Temple' എന്ന ഗ്രന്ഥം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗുരുവായൂർ കേശവന്‍റെ വിഖ്യാതമായ ചിത്രങ്ങൾ പകർത്തിയതും പെപിതയാണ്. ക്ഷേത്രാചാരങ്ങൾക്കു പുറമെ വടക്കൻ കേരളത്തിലെ തെയ്യങ്ങളെക്കുറിച്ചും മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ചും അവർ ആഴത്തിൽ പഠിച്ചു. കേരളത്തിന്‍റെ ആത്മാവിനെ തൊട്ടറിഞ്ഞ ഗവേഷകയായാണ് സാംസ്കാരിക ലോകം പെപിതയെ കാണുന്നത്.
രാജ്യത്തിന്‍റെ ആദരം
കേരളത്തിന്‍റെ കലകളെയും സംസ്കാരത്തെയും ആഗോളതലത്തിൽ പ്രചരിപ്പിച്ചതിന് 2012ൽ രാജ്യം പത്മശ്രീ നൽകി അവരെ ആദരിച്ചു. പത്മശ്രീ ലഭിച്ചിട്ടും വിദേശ പൗരയായി തുടരുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് അവർ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചത്.
വിശ്വപ്രസിദ്ധമായ ഗാന്ധി എന്ന ചിത്രത്തിൽ നെഹ്‌റുവിന്‍റെ വേഷമിട്ട റോഷൻ സേത്തായിരുന്നു ജീവിതപങ്കാളി. സേത്തുമായി പിന്നീട് വേർപിരിഞ്ഞെങ്കിലും പേരിലെ രണ്ടാം ഭാഗം അവർ ഉപേക്ഷിച്ചില്ല.
Tags : Padma Shri Pepita Seth Indian citizen British-born writer and photographer temple arts and rituals The Government of India