Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianAstronomy

ജന്തർ മന്തർ സമരഭൂമികയല്ല; ഭാരതീയ ജ്യോ​തി​ശാ​സ്ത്ര വി​സ്മ​യ​ങ്ങ​ളു​ടെ ക​ണ​ക്കു​പു​സ്ത​കം, അറിയാം ജന്തർ മന്തറിന്‍റെ ചരിത്രം

രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ജന്തർ മന്തർ സമാനതകളില്ലാത്ത സമരങ്ങളുടെ വേദിയാണ്. സിജെപിയുടെ സമരമാണ് ഏറ്റവും ഒടുവിലായി ആ ഭൂമികയിൽ അരങ്ങേറിയത്. ഇതിനു മുന്പും നിരവധി സമരങ്ങൾ ജന്തർ മന്തറിൽ അരങ്ങേറിയിട്ടുണ്ട്. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരം, ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങൾ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ മേധാവിക്കെതിരേ നടത്തിയ സമരം, ഡൽഹി കൂട്ടബലാത്സംഗ കേസിൽ ഇരയ്ക്കു നീതി ആവശ്യപ്പെട്ടും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു നടന്ന നിർഭയ കേസ് പ്രക്ഷോഭങ്ങൾ, കർഷക സമരം, വൺ റാങ്ക് വൺ പെൻഷൻ സമരം തുടങ്ങിയ നിരവധി സമരജ്വാലകൾ ഉയർന്നുപൊങ്ങിയ ആ ഭൂമിക, കേവലം സമരം ചെയ്യാനുള്ള ഇടമല്ല. വിജ്ഞാനദാഹിയായ ഒരു രാജാവിന്‍റെ ശാസ്ത്രീയാന്വേഷണങ്ങളുടെ മഹാകേന്ദ്രങ്ങളിലൊന്നാണ്.

 

ജ​ന്ത​ര്‍ മ​ന്ത​ര്‍ എ​ന്ന പേ​രിന്‍റെ അ​ര്‍ഥം
ഇ​ന്ത്യ​ന്‍ ജ്യോ​തി​ശാ​സ്ത്ര മി​ക​വിന്‍റെ പ്ര​തീ​ക​മാണ് ജ​ന്ത​ര്‍ മ​ന്ത​ര്‍. ച​രി​ത്ര​വും ജ്യോ​തി​ശാ​സ്ത്ര​വും വാ​സ്തു​വി​ദ്യ​യും സം​യോ​ജി​ക്കു​ന്ന ​ഈ കേ​ന്ദ്ര​ത്തിന്‍റെ പേ​രി​ല്‍​ത്ത​ന്നെ, നി​ര്‍മി​ച്ച​തി​ന്‍റെ കൃ​ത്യ​മാ​യ ല​ക്ഷ്യമുണ്ട്. സം​സ്‌​കൃ​തത്തിൽ​നിന്നാ​ണ് "ജ​ന്ത​ര്‍ മ​ന്ത​ര്‍' എ​ന്ന വാ​ക്കി​ന്‍റെ ഉ​ത്ഭ​വം. "യ​ന്ത്രം' (ഉ​പ​ക​ര​ണം) എ​ന്ന വാ​ക്കിന്‍റെ രൂ​പ​ഭേ​ദ​മാ​ണ് "ജ​ന്ത​ര്‍'. "മ​ന്ത്ര​ണ' (ആ​ലോ​ചി​ക്കു​ക) എ​ന്ന വാ​ക്കി​ല്‍ നി​ന്നാ​ണ് "മ​ന്ത​ര്‍' എ​ന്ന വാക്കു രൂ​പ​പ്പെ​ടു​ന്ന​ത്. ഈ ​ര​ണ്ടു വാ​ക്കു​ക​ളും കൂ​ട്ടി വാ​യി​ക്കു​മ്പോ​ള്‍ "ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍​ക്കുള്ള ഉ​പ​ക​ര​ണം' എ​ന്നാ​ണ് "ജ​ന്ത​ര്‍ മ​ന്ത​ര്‍' എ​ന്ന പേ​രിന്‍റെ അ​ര്‍ഥം. ആ​കാ​ശ​ഗോ​ള​ങ്ങ​ളു​ടെ ച​ല​നം നി​രീ​ക്ഷി​ക്കാ​നും, സ​മ​യം കൃ​ത്യ​മാ​യി അ​ള​ക്കാ​നും, ഗ്ര​ഹ​ങ്ങ​ളു​ടെ സ്ഥാ​നം ക​ണ്ടെ​ത്താ​നും, ജ്യോ​തി​ശാ​സ്ത്ര വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും നി​ര്‍മിച്ച ഈ ​കേ​ന്ദ്ര​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പേ​രു​ത​ന്നെ​യാ​ണി​ത്.

ജന്തർ മന്തറിന്‍റെ ശിൽപ്പി
1724-1730 കാലഘട്ടത്തിൽ ജ​യ്പു​ർ മ​ഹാ​രാ​ജാ​വാ​യി​രു​ന്ന സ​വാ​യ് ജ​യ് സിം​ഗ് ര​ണ്ടാ​മ​നാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ ​ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണകേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത്. ഓ​രോ ജ​ന്ത​ര്‍ മ​ന്ത​റും പ്ര​ത്യേ​ക ജ്യോ​തി​ശാ​സ്ത്ര ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍​ക്കാ​യി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത വി​വി​ധ നി​ര്‍​മി​തി​ക​ളു​ടെ ഒ​രു കൂ​ട്ട​മാ​ണ്.

അ​ക്കാ​ല​ത്ത് ല​ഭ്യ​മാ​യി​രു​ന്ന ജ്യോ​തി​ശാ​സ്ത്ര ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ള​രെ ചെ​റു​തും കൃ​ത്യ​ത​യി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ജ​യ് സിം​ഗ് മ​നസി​ലാ​ക്കി. ഇ​തി​നു പ​രി​ഹാ​ര​മാ​യാണ് വലുതും ദൃ​ഢ​വു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ദ്ദേ​ഹം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്. ക​ല്ലി​ലും ഇ​ഷ്ടി​ക​യി​ലും തീ​ര്‍​ത്ത ​കൂ​റ്റ​ന്‍ നി​ര്‍മി​തി​കൾ തി​ക​ഞ്ഞ ജ്യാ​മി​തീ​യ കൃ​ത്യ​ത​യോ​ടെ​യാ​ണ് മഹാരാജാലിന്‍റെ മേൽനോട്ടത്തിൽ ഒ​രു​ക്കി​യ​ത്. ശാ​സ്ത്രീ​യ ല​ക്ഷ്യ​ങ്ങ​ള്‍​ക്ക​പ്പു​റം വ​ലി​യ ക​ലാ​മൂ​ല്യ​മു​ള്ള വാ​സ്തു​വി​ദ്യ കൂ​ടി​യാ​ണ് ഇ​വ​യെ​ന്നു ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ര്‍​ക്കി​ടെ​ക്റ്റു​ക​ളും ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.

മ​ഹാ​രാ​ജാ സ​വാ​യ് ജ​യ് സിം​ഗ് ര​ണ്ടാ​മ​ന്‍ അ​ഞ്ച് ന​ഗ​ര​ങ്ങ​ളി​ലാ​ണ് ജ​ന്ത​ര്‍ മ​ന്ത​റു​ക​ള്‍ സ്ഥാപിച്ചത്. ഡൽഹിയിലാണ് അദ്ദേഹം ആദ്യത്തെ ജന്തർ മന്തർ നിർമിച്ചത്. 1724-ല്‍ ആണ് നിർമാണം പൂർത്തിയായത്. തുടർന്ന്, ജയ്പുർ, ഉജ്ജയ്ൻ‌, വാരാണസി, മഥുര എന്നിവിടങ്ങളിൽ ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചു. അഞ്ചു നിരീക്ഷണന്ദ്ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും വ​ലു​തും വി​പു​ല​വു​മാ​യത് ജ​യ്പു​രിലെ ജന്തർ മന്തർ ആണ്. യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം പിടിച്ച ജ്യോതിശാസ്ത്രകേന്ദ്രം കൂടിയാണിത്. മ​ഥു​ര​യി​ലെ ജ​ന്ത​ര്‍ മ​ന്ത​റും അ​തു സ്ഥി​തി ചെ​യ്തി​രു​ന്ന കോ​ട്ട​യും 1857-ലെ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​നു തൊ​ട്ടു​മു​മ്പ് ത​ക​ര്‍​ക്ക​പ്പെ​ട്ടു.

അ​ടി​സ്ഥാ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഒ​രേ ജ്യോ​തി​ശാ​സ്ത്രത​ത്വ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ങ്കി​ലും, വ​ലു​പ്പം, ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ള്‍, നി​ര്‍​മാ​ണ രീ​തി എ​ന്നി​വ​യി​ല്‍ ഓ​രോ ന​ഗ​ര​ത്തി​ലെ​യും ജ​ന്ത​ര്‍ മ​ന്ത​റു​ക​ള്‍ തമ്മിൽ വ്യത്യാസമുണ്ട്. ഡ​ല്‍​ഹി​യി​ലെ​യും ജ​യ്പുരി​ലെ​യും ജ​ന്ത​ര്‍ മ​ന്ത​റു​ക​ളാ​ണ് ഏ​റ്റ​വും പ്ര​ശ​സ്ത​വും ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തും. ജ​യ്പുരിലാണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​ക​ര​ണ വൈ​വി​ധ്യ​മു​ള്ളത്. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍നിന്നു കൃ​ത്യ​മാ​യ ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ഇപ്പോൾ സാ​ധി​ക്കി​ല്ല. ജന്തർ മന്തറിനു ചു​റ്റും ഉ​യ​ര്‍​ന്നു​പൊ​ങ്ങി​യ കൂറ്റൻ കെട്ടിടങ്ങളാണു തടസം. എ​ങ്കി​ലും, ഭാ​ര​ത​ത്തിന്‍റെ പ​ഴ​യ​കാ​ല ശാ​സ്ത്രമു​ന്നേ​റ്റ​ത്തിന്‍റെ സ്പന്ദിക്കുന്ന ചരിത്രമുദ്രകളായി ജന്തർ മന്തറുകൾ നി​ല​കൊ​ള്ളു​ന്നു.

Latest News

Corehub Up