ജയ്പുർ മഹാരാജാവായിരുന്ന സവായ് ജയ് സിംഗ് രണ്ടാമൻ സ്ഥാപിച്ച ഡൽഹി ജന്തർ മന്തർ.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ജന്തർ മന്തർ സമാനതകളില്ലാത്ത സമരങ്ങളുടെ വേദിയാണ്. സിജെപിയുടെ സമരമാണ് ഏറ്റവും ഒടുവിലായി ആ ഭൂമികയിൽ അരങ്ങേറിയത്. ഇതിനു മുന്‍പും നിരവധി സമരങ്ങൾ ജന്തർ മന്തറിൽ അരങ്ങേറിയിട്ടുണ്ട്. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരം, ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങൾ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ മേധാവിക്കെതിരേ നടത്തിയ സമരം, ഡൽഹി കൂട്ടബലാത്സംഗ കേസിൽ ഇരയ്ക്കു നീതി ആവശ്യപ്പെട്ടും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു നടന്ന നിർഭയ കേസ് പ്രക്ഷോഭങ്ങൾ, കർഷക സമരം, വൺ റാങ്ക് വൺ പെൻഷൻ സമരം തുടങ്ങിയ നിരവധി സമരജ്വാലകൾ ഉയർന്നുപൊങ്ങിയ ആ ഭൂമിക, കേവലം സമരം ചെയ്യാനുള്ള ഇടമല്ല. വിജ്ഞാനദാഹിയായ ഒരു രാജാവിന്റെ ശാസ്ത്രീയാന്വേഷണങ്ങളുടെ മഹാകേന്ദ്രങ്ങളിലൊന്നാണ്.
ജന്തര്‍ മന്തര്‍ എന്ന പേരിന്റെ അര്‍ഥം
ഇന്ത്യന്‍ ജ്യോതിശാസ്ത്ര മികവിന്റെ പ്രതീകമാണ് ജന്തര്‍ മന്തര്‍. ചരിത്രവും ജ്യോതിശാസ്ത്രവും വാസ്തുവിദ്യയും സംയോജിക്കുന്ന ഈ കേന്ദ്രത്തിന്റെ പേരില്‍ത്തന്നെ, നിര്‍മിച്ചതിന്റെ കൃത്യമായ ലക്ഷ്യമുണ്ട്. സംസ്കൃതത്തിൽനിന്നാണ് "ജന്തര്‍ മന്തര്‍' എന്ന വാക്കിന്റെ ഉത്ഭവം. "യന്ത്രം' (ഉപകരണം) എന്ന വാക്കിന്റെ രൂപഭേദമാണ് "ജന്തര്‍'. "മന്ത്രണ' (ആലോചിക്കുക) എന്ന വാക്കില്‍ നിന്നാണ് "മന്തര്‍' എന്ന വാക്കു രൂപപ്പെടുന്നത്. ഈ രണ്ടു വാക്കുകളും കൂട്ടി വായിക്കുമ്പോള്‍ "കണക്കുകൂട്ടലുകള്‍ക്കുള്ള ഉപകരണം' എന്നാണ് "ജന്തര്‍ മന്തര്‍' എന്ന പേരിന്റെ അര്‍ഥം. ആകാശഗോളങ്ങളുടെ ചലനം നിരീക്ഷിക്കാനും, സമയം കൃത്യമായി അളക്കാനും, ഗ്രഹങ്ങളുടെ സ്ഥാനം കണ്ടെത്താനും, ജ്യോതിശാസ്ത്ര വിവരങ്ങള്‍ ശേഖരിക്കാനും നിര്‍മിച്ച ഈ കേന്ദ്രത്തിന് ഏറ്റവും അനുയോജ്യമായ പേരുതന്നെയാണിത്.
ജന്തർ മന്തറിന്റെ ശിൽപ്പി
1724-1730 കാലഘട്ടത്തിൽ ജയ്പുർ മഹാരാജാവായിരുന്ന സവായ് ജയ് സിംഗ് രണ്ടാമനാണ് ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രങ്ങള്‍ നിര്‍മിച്ചത്. ഓരോ ജന്തര്‍ മന്തറും പ്രത്യേക ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത വിവിധ നിര്‍മിതികളുടെ ഒരു കൂട്ടമാണ്.
അക്കാലത്ത് ലഭ്യമായിരുന്ന ജ്യോതിശാസ്ത്ര ഉപകരണങ്ങള്‍ വളരെ ചെറുതും കൃത്യതയില്ലാത്തതുമാണെന്ന് ജയ് സിംഗ് മനസിലാക്കി. ഇതിനു പരിഹാരമായാണ് വലുതും ദൃഢവുമായ ഉപകരണങ്ങള്‍ അദ്ദേഹം രൂപകല്‍പ്പന ചെയ്തത്. കല്ലിലും ഇഷ്ടികയിലും തീര്‍ത്ത കൂറ്റന്‍ നിര്‍മിതികൾ തികഞ്ഞ ജ്യാമിതീയ കൃത്യതയോടെയാണ് മഹാരാജാലിന്റെ മേൽനോട്ടത്തിൽ ഒരുക്കിയത്. ശാസ്ത്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം വലിയ കലാമൂല്യമുള്ള വാസ്തുവിദ്യ കൂടിയാണ് ഇവയെന്നു ലോകമെമ്പാടുമുള്ള ആര്‍ക്കിടെക്റ്റുകളും ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.
മഹാരാജാ സവായ് ജയ് സിംഗ് രണ്ടാമന് അഞ്ച് നഗരങ്ങളിലാണ് ജന്തര്‍ മന്തറുകള്‍ സ്ഥാപിച്ചത്. ഡൽഹിയിലാണ് അദ്ദേഹം ആദ്യത്തെ ജന്തർ മന്തർ നിർമിച്ചത്. 1724-ല്‍ ആണ് നിർമാണം പൂർത്തിയായത്. തുടർന്ന്, ജയ്പുർ, ഉജ്ജയ്ൻ, വാരാണസി, മഥുര എന്നിവിടങ്ങളിൽ ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചു. അഞ്ചു നിരീക്ഷണന്ദ്രങ്ങളില് ഏറ്റവും വലുതും വിപുലവുമായത് ജയ്പുരിലെ ജന്തർ മന്തർ ആണ്. യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം പിടിച്ച ജ്യോതിശാസ്ത്രകേന്ദ്രം കൂടിയാണിത്. മഥുരയിലെ ജന്തര്‍ മന്തറും അതു സ്ഥിതി ചെയ്തിരുന്ന കോട്ടയും 1857-ലെ സ്വാതന്ത്ര്യസമരത്തിനു തൊട്ടുമുമ്പ് തകര്‍ക്കപ്പെട്ടു.
അടിസ്ഥാന ഉപകരണങ്ങള്‍, ഒരേ ജ്യോതിശാസ്ത്രതത്വങ്ങള് തന്നെയാണ് പിന്തുടരുന്നതെങ്കിലും, വലുപ്പം, ഉപയോഗിച്ച സാമഗ്രികള്‍, നിര്‍മാണ രീതി എന്നിവയില്‍ ഓരോ നഗരത്തിലെയും ജന്തര്‍ മന്തറുകള്‍ തമ്മിൽ വ്യത്യാസമുണ്ട്. ഡല്‍ഹിയിലെയും ജയ്പുരിലെയും ജന്തര്‍ മന്തറുകളാണ് ഏറ്റവും പ്രശസ്തവും ആളുകള്‍ കൂടുതല്‍ സന്ദര്‍ശിക്കുന്നതും. ജയ്പുരിലാണ് ഏറ്റവും കൂടുതല്‍ ഉപകരണ വൈവിധ്യമുള്ളത്. നിര്‍ഭാഗ്യവശാല്‍, ഈ കേന്ദ്രങ്ങളില്‍നിന്നു കൃത്യമായ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ ഇപ്പോൾ സാധിക്കില്ല. ജന്തർ മന്തറിനു ചുറ്റും ഉയര്‍ന്നുപൊങ്ങിയ കൂറ്റൻ കെട്ടിടങ്ങളാണു തടസം. എങ്കിലും, ഭാരതത്തിന്റെ പഴയകാല ശാസ്ത്രമുന്നേറ്റത്തിന്റെ സ്പന്ദിക്കുന്ന ചരിത്രമുദ്രകളായി ജന്തർ മന്തറുകൾ നിലകൊള്ളുന്നു.
Tags : JantarMantar IndianAstronomy MaharajahSawaiJaiSinghofJaipur AstronomicalObservatory