ന്യൂഡൽഹി: ആഗോളനയങ്ങൾക്കു പകരം ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിച്ചുകൊണ്ടു മാത്രമേ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് രാജ്യത്തു പ്രവർത്തിക്കാൻ കഴിയൂവെന്ന് ഉടമകളായ മെറ്റയ്ക്കു കേന്ദ്രസർക്കാരിന്റെ നിർദേശം.
ഡീപ്ഫേക്കുകൾ, പ്ലാറ്റ്ഫോം അൽഗോരിതങ്ങൾ, ഉള്ളടക്ക നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് മെറ്റയുമായി കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം നടത്തിവന്ന ചർച്ചകളിലാണു നിർദേശം മുന്നോട്ടുവച്ചത്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നു സർക്കാർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ശക്തമായ പ്രതിരോധസംവിധാനം നടപ്പാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടു.
ഡീപ്ഫേക്കുകൾ കണ്ടെത്താൻ ഓട്ടോമേറ്റഡ് സംവിധാനങ്ങളെ ആശ്രയിക്കുന്നതിനു പകരം സംശയാസ്പദമായ കേസുകളിൽ മനുഷ്യന് നേരിട്ടു പരിശോധന നടത്താൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
ഇതിനുപുറമെ ഒരിക്കൽ നീക്കം ചെയ്ത വ്യാജ ഉള്ളടക്കങ്ങളും പ്രൊഫൈലുകളും വീണ്ടും പ്രചരിക്കുന്നതു തടയാനും ഉപയോക്താക്കളുടെ താത്പര്യങ്ങൾക്കു വിരുദ്ധമായി അൽഗോരിതം വഴി ഇത്തരം ഉള്ളടക്കങ്ങൾ ശിപാർശ ചെയ്യുന്നത് ഇല്ലാതാക്കാനും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ വിവിധ ഭാഷകളും സാംസ്കാരിക സവിശേഷതകളും കൃത്യമായി മനസിലാക്കാൻ വിദേശകേന്ദ്രങ്ങളിൽ രൂപകല്പന ചെയ്യുന്ന നയങ്ങൾക്കു കഴിയുന്നില്ലെന്ന ആശങ്കയും സർക്കാർ മെറ്റയെ അറിയിച്ചു.