Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianRailway

ഹ​രി​ത​വി​പ്ല​വ​‌‌ഗാഥ രചിച്ച് ഇന്ത്യൻ റെയിൽവേ; ഹൈ​ഡ്ര​ജ​ൻ ട്രെയിനിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും അറിയാം

ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ പദ്ധതി ന​ട​പ്പാ​ക്കിയ അമേരിക്ക, ജ​ർ​മ​നി, ചൈ​ന, ജ​പ്പാ​ൻ എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നു. എ​ന്നാ​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യൊ​രു നേ​ട്ട​വും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​. ഇപ്പോൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ൾ​ക്കു പരമാവധി നാല് പാ​സ​ഞ്ച​ർ കോ​ച്ചു​ക​ൾ മാ​ത്ര​മാണുള്ളത്. അതേസമയം, ഇ​ന്ത്യ നിർമിച്ചത് പത്തു കോ​ച്ചു​ക​ളു​ള്ള വ​മ്പ​ൻ പാ​സ​ഞ്ച​ർ ട്രെ​യി​നാ​ണ്. ഏ​ക​ദേ​ശം 2,600 പേർക്ക് ഒരേസമയം യാത്ര ചെയ്യാം..

 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഹ​രി​തറെ​യി​ൽ​വേ സ്വ​പ്ന​ങ്ങ​ൾ​ ചിറകുവിരിച്ച് പറക്കാൻ തുടങ്ങിയിരിക്കുന്നു. രാ​ജ്യ​ത്തെ റെ​യി​ൽ​വേശൃം​ഖ​ല​യെ പൂർണമായും കാ​ർ​ബ​ൺ വി​മു​ക്ത​മാ​ക്കു​ക എ​ന്ന വലിയ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ച​രി​ത്ര​പ​ര​മാ​യ ചു​വ​ടുവയ്പ്പായി മാറിയിരിക്കുകയാണ് ആ​ദ്യ​ത്തെ ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന ട്രെ​യി​ൻ. ഹ​രി​യാന​യി​ലെ ജി​ന്ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങിൽ; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യുന്പോൾ, ഭാവിയിലെ വലിയ മാറ്റത്തിലേക്കാണ് ട്രെയിൻ ചൂളംവിളിച്ച് കുതിച്ചുപാഞ്ഞത്. ജി​ന്ദിൽനിന്ന് സോ​ണി​പഥിലേക്കുള്ള 89 കിലോമീറ്റർ സഞ്ചാരം, ചരിത്രയാത്രയായി!

പൂ​ർണ​മാ​യും ഇ​ന്ത്യ​യി​ൽ ത​ന്നെ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് നി​ർ​മി​ച്ച ​ട്രെ​യി​ൻ, അ​ന്ത​രീ​ക്ഷ​ത്തി​ലെ ഓ​ക്സി​ജ​നും ഹൈ​ഡ്ര​ജ​നും ത​മ്മി​ലു​ള്ള രാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ മി​ഷന്‍റെ ഭാ​ഗ​മാ​യാണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ പദ്ധതി നടപ്പാക്കുന്നത്. ഈ ​അ​ത്യാ​ധു​നി​ക ഹ​രി​ത ട്രെ​യി​നിന്‍റെ പ്ര​വ​ർ​ത്ത​നത​ത്വം, സ​വി​ശേ​ഷ​ത​ക​ൾ, പ്ര​യോ​ജ​ന​ങ്ങ​ൾ, നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ്രധാനവിവരങ്ങൾ അറിയാം.

നേട്ടം എന്തൊക്കെ...
പ​ര​മ്പ​രാ​ഗ​ത ഡീ​സ​ൽ ട്രെ​യി​നു​ക​ളോ അ​ല്ലെ​ങ്കി​ൽ ഓ​വ​ർ​ഹെ​ഡ് ലൈ​നു​ക​ളി​ൽ നി​ന്ന് വൈ​ദ്യു​തി സ്വീ​ക​രി​ക്കു​ന്ന ഇ​ല​ക‌ട്രിക് ട്രെ​യി​നു​ക​ളോ പോ​ലെ​യ​ല്ല ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ളുടെ പ്രവർത്തനം. ഈ ​ട്രെ​യി​നു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഹൈ​ഡ്ര​ജ​ൻ ഫ്യൂ​വ​ൽ സെ​ല്ലു​ക​ളാ​ണ് ഇ​തിന്‍റെ പ​വ​ർ ഹൗ​സ്.
ഫ്യൂ​വ​ൽ സെ​ല്ലി​നു​ള്ളി​ലേ​ക്ക് ഉ​യ​ർ​ന്ന സ​മ്മ​ർ​ദ​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഹൈ​ഡ്ര​ജ​ൻ വാ​ത​ക​വും അ​ന്ത​രീ​ക്ഷ​ത്തി​ൽനി​ന്നു​ള്ള ഓ​ക്സി​ജ​നും ക​ട​ത്തി​വി​ടു​ന്നു. ഇ​വ ത​മ്മി​ൽ ന​ട​ക്കു​ന്ന രാ​സ​പ്ര​വ​ർ​ത്ത​ന​ത്തിന്‍റെ ഫ​ല​മാ​യി ഉ​യ​ർ​ന്ന അ​ള​വി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു. ഈ ​വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചാ​ണ് ട്രെ​യി​ൻ ചലിക്കുന്നത്.

പ​ര​മ്പ​രാ​ഗ​ത ഇ​ന്ധ​ന​ങ്ങ​ൾ ക​ത്തു​മ്പോ​ൾ കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ്, നൈ​ട്ര​ജ​ൻ ഓ​ക്സൈ​ഡു​ക​ൾ എ​ന്നി​വ പു​റ​ന്ത​ള്ള​പ്പെ​ടു​മ്പോ​ൾ, ഹൈ​ഡ്ര​ജ​ൻ ഫ്യൂ​വ​ൽ സെ​ല്ലി​ലെ രാ​സ​പ്ര​വ​ർ​ത്ത​ന​ത്തിന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ഏ​ക ഉ​പോ​ത്പന്നം ജ​ല​ബാ​ഷ്പം മാ​ത്ര​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം പൂർണമായും ഒഴിവാകുന്നു.

ഹൈഡ്രജൻ വാഹനം ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി ഇപ്പോൾ നേരിടുന്ന ആഘാതങ്ങൾ കുറച്ചുകൊണ്ടുവരാൻ കഴിയും. കാ​ർ​ബ​ൺ വി​മു​ക്തയാ​ത്ര ത​ന്നെ​യാ​ണ് എടുത്തുപറയേണ്ടത്. ഡീ​സ​ൽ ഇ​ന്ധ​ന​ത്തി​നു പ​ക​ര​മാ​യി ഹൈ​ഡ്ര​ജ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ പ്ര​തി​വ​ർ​ഷം ല​ക്ഷ​ക്ക​ണ​ക്കി​ന് ട​ൺ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ ഒ​ഴി​വാ​ക്കാ​ൻ റെ​യി​ൽ​വേ​യ്ക്കു സാ​ധി​ക്കും. ഇ​ന്ധ​ന​ക്ഷ​മ​ത​യിലും ഇത്തരം ട്രെയിനുകൾ മുന്നിലാണ്. ക​ൽ​ക്ക​രി​യോ ഡീ​സ​ലോ ക​ത്തി​ച്ച് ഊ​ർജം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്ന ഊ​ർജക്ഷമത ഹൈ​ഡ്ര​ജ​നു​ണ്ട്. കൂ​ടാ​തെ പ​ര​മ്പ​രാ​ഗ​ത ഐ​സി എ​ൻജിനുകളേക്കാൾ കാ​ര്യ​ക്ഷ​മ​ത ഫ്യൂ​വ​ൽ സെ​ല്ലു​ക​ൾ​ക്കു​ണ്ട്.

ശ​ബ്ദ​മ​ലി​നീ​ക​ര​ണം കുറയുന്നു എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. ഡീ​സ​ൽ എൻജി​നു​ക​ളെ അ​പേ​ക്ഷി​ച്ച് ഹൈ​ഡ്ര​ജ​ൻ ഫ്യൂ​വ​ൽ സെ​ൽ ട്രെ​യി​നു​ക​ൾ വ​ള​രെ നി​ശ​ബ്ദ​മാ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തു യാ​ത്ര​ക്കാ​ർ​ക്കും റെ​യി​ൽ​പ്പാ​ത​യ്ക്ക് ഇ​രു​വ​ശ​വു​മു​ള്ള ജ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​ന​ൽ​കു​ന്നു. കൂ​ടാ​തെ, വൈ​ദ്യു​തി ലൈ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ദു​ർ​ഘ​ടപാ​ത​ക​ളി​ലും വ​ലി​യ ചെ​ല​വി​ല്ലാ​തെ ഹ​രി​ത ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

വെ​ല്ലു​വി​ളി​ക​ൾ എന്തൊക്കെ...
സാ​ങ്കേ​തി​ക​മാ​യി വ​ലി​യ നേ​ട്ട​മാ​ണെ​ങ്കി​ലും ചി​ല പ്രാ​യോ​ഗി​ക വെ​ല്ലു​വി​ളി​ക​ളും ​പ​ദ്ധ​തി​ക്ക് അഭിമുഖീകരിക്കേണ്ടിവരും. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന ചെ​ല​വാ​ണ്. ജ​ല​ത്തി​ൽ നി​ന്ന് വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് ഹൈ​ഡ്ര​ജ​ൻ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന പ്ര​ക്രി​യ​യ്ക്ക് വ​ലി​യ ചെ​ല​വ് വ​രു​ന്നു​ണ്ട്. ഈ ​പ്ര​ക്രി​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി, സൗ​രോ​ർ​ജം പോ​ലെ​യു​ള്ള ഊ​ർജസ്രോ​തസു​ക​ളി​ൽ നി​ന്നാ​കു​മ്പോ​ൾ മാ​ത്ര​മേ അ​തി​നെ പൂ​ർണ​മാ​യും ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ എ​ന്നു വി​ളി​ക്കാ​ൻ സാ​ധി​ക്കൂ. നി​ല​വി​ൽ ഇ​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചു വ​രു​ന്ന​തേ​യു​ള്ളൂ.

മ​റ്റൊ​രു വെ​ല്ലു​വി​ളി സം​ഭ​ര​ണ​വും സു​ര​ക്ഷ​യു​മാ​ണ്. ഹൈ​ഡ്ര​ജ​ൻ പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ വാ​ത​ക​മാ​യ​തി​നാ​ൽ സം​ഭ​രി​ക്കാ​ൻ വ​ലി​യ ടാ​ങ്കു​ക​ളും ഉ​യ​ർ​ന്ന മ​ർദ​വും ആ​വ​ശ്യ​മായിവരും. അ​ത്യ​ധി​കം ജ്വ​ല​ന​ശേ​ഷി​യു​ള്ള വാ​ത​ക​മാ​യ​തി​നാ​ൽ നേ​രി​യ ചോ​ർ​ച്ച പോ​ലും വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാകും. അ​തു​കൊ​ണ്ടുത​ന്നെ അ​തീ​വ സു​ര​ക്ഷി​ത​മാ​യ റീ​ഫ്യൂ​വ​ലിംഗ് സ്റ്റേ​ഷ​നു​ക​ളും സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും രാ​ജ്യ​ത്തു​ട​നീ​ളം നി​ർ​മിക്കു​ക എ​ന്ന​തു വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​തവ​രു​ത്തും.

ഇ​ന്ത്യ​യെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ​യും ക​യ​റ്റു​മ​തി​യു​ടെ​യും ഹ​ബ്ബാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നാ​ഷ​ണ​ൽ ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ മി​ഷ​ൻ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ത​ദേ​ശീ​യ​മാ​യി ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ൾ വി​ക​സി​പ്പി​ക്കുക എന്നത് ഇ​തി​ന്‍റെ ഭാ​ഗ​മാണ്. പ്രാ​രം​ഭവെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ, വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ മു​ഖ​ച്ഛാ​യ മാ​റുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രതീക്ഷ.

ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ സാ​ങ്കേ​തി​ക​വി​ദ്യ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന ലോ​ക​ത്തി​ലെ ചു​രു​ക്കം ചി​ല രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യിൽ (അമേരിക്ക, ജ​ർ​മ​നി, ചൈ​ന, ജ​പ്പാ​ൻ) ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നു. എ​ന്നാ​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യൊ​രു നേ​ട്ട​വും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഭൂ​രി​ഭാ​ഗം ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ൾ​ക്കും പരമാവധി നാല് പാ​സ​ഞ്ച​ർ കോ​ച്ചു​ക​ൾ മാ​ത്ര​മാണുള്ളത്. അതേസമയം, ഇ​ന്ത്യ നിർമിച്ചത് പത്തു കോ​ച്ചു​ക​ളു​ള്ള വ​മ്പ​ൻ പാ​സ​ഞ്ച​ർ ട്രെ​യി​നാ​ണ്. ഏ​ക​ദേ​ശം 2,600 പേർക്ക് ഒരേസമയം യാത്ര ചെയ്യാം..!

Latest News

Corehub Up