വൈക്കം: ഉൾനാടൻ മത്സ്യസമ്പത്തും വിപണനവും വർധിപ്പിക്കാനും മത്സ്യഫെഡിന്റെ ഫാമുകളിലെ വിനോദ സഞ്ചാര വികസനത്തിനും ഊന്നൽ നൽകുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ.വി.ഇ. അബ്ദുൾ ഗഫൂർ. മത്സ്യഫെഡിന്റെ വൈക്കം ചെമ്പ് കാട്ടിക്കുന്നിലെ പാലാക്കരി ഫിഷ് ഫാമിൽ കരിമീൻ ഹാച്ചറി, ബയോഫ്ലോക് യൂണിറ്റ് ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ എന്നിവ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉൾനാടൻ മേഖലയിൽ മത്സ്യ ഉത്പാദനം വർധിപ്പിക്കാൻ ഗുണമേന്മയുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ നൂതന സങ്കേതികവിദ്യയുടെ പിൻബലമുള്ള ഹൈടെക് ഹാച്ചറികളാണ് സർക്കാർ തുടങ്ങുന്നത്. ഈ ഹാച്ചറികൾ ഉൾനാടൻ മത്സ്യമേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ. ബിനിമോൻ എം എൽഎ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. മത്സ്യകൃഷിമേഖലയിലെ ആധുനികവത്കരണം, ഉത്പാദന വർധനവ്, സാങ്കേതിക വിദ്യയുടെ പ്രചാരണം എന്നിവ ലക്ഷ്യമാക്കി പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യഫെഡ് പാലാക്കരി ഫിഷ് ഫാമിൽ സജ്ജീകരിച്ച കരിമീൻ വിത്ത് ഉത്പാദനകേന്ദ്രം, ബയോഫ്ളോക്ക് യൂണിറ്റ്, ലൈവ് ഫിഷ് വെൻഡിംഗ് യൂണിറ്റ് എന്നിവ ഉൾനാടൻ മത്സ്യ മേഖലയ്ക്ക് കരുത്താകുമെന്ന് ഫ്രാൻസിസ് ജോർജ് എംപി, കെ. ബിനിമോൻ എംഎൽഎ എന്നിവർ പറഞ്ഞു.
മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ അജിത് കോളശേരി റിപ്പോർട്ട് അവതരിപ്പിച്ചു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി, വൈസ് പ്രസിഡന്റ് ദേവീകൃഷ്ണ, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.എസ്. ബാബു, എസ്. ബാഹുലേയൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എൻ. സിബി, പഞ്ചായത്ത് അംഗങ്ങളായ റഷീദ് മങ്ങാടൻ, റെജി മേച്ചേരി, ആശ ബാബു, ഫിഷറീസ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ജോയിസ് ഏബ്രഹാം, മത്സ്യഫെഡ് കോട്ടയം ജില്ലാ മാനേജർ പി. ശ്രീകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കടുത്തു.