കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലിസ് നോട്ടീസ് നൽകി. കേസിൽ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനോട് കളമശേരി പൊലിസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലിസ് നിർദ്ദേശം നൽകി. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്. ആദ്യം തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കളമശേരിയിലേക്ക് കൈമാറുകയായിരുന്നു. കളമശേരി പൊലിസ് രാജു പി. നായരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത്.
പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി മറ്റൊരു വിവാഹം കൂടി കഴിച്ചതിന്റെ രേഖകളുമായി ചിലർ തന്നെ സമീപിച്ചിരുന്നുവെന്ന് ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു. ഈ രേഖയുടെ ഉറവിടം ആന്റോ അഗസ്റ്റിനെ സമീപിച്ചത് ആരാണ് തുടങ്ങിയ കാര്യങ്ങളാണ് പൊലിസ് പരിശോധിക്കുന്നത്. അതേസമയം കേസിൽ ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.