ബംഗളൂരു: നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്നും ഒരുതരത്തിലുള്ള കള്ളപ്പണ ഇടപാടും കന്പനിയിൽ നടന്നിട്ടില്ലെന്നും വിശദീകരിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.എ.ജോസഫ്. കന്പനി ചെയർമാൻ സി.ജെ. റോയി ജീവനൊടുക്കി ഒരാഴ്ചയ്ക്കുശേഷം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് മാനേജിംഗ് ഡയറക്ടറുടെ വിശദീകരണം. മരണശേഷം ചെയർമാനെ അപകീർത്തിപ്പെടുത്തുന്ന ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെയർമാന്റെ മരണത്തിനുപിന്നാലെ കന്പനിയുമായി സഹകരിച്ചിരുന്നവർക്ക് ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് സന്ദേശത്തിൽ ടി.എ. ജോസഫ് പറയുന്നു.
കന്പനിയെ സംബന്ധിച്ച് ഒരാളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേര് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ആരുടെയെങ്കിലും പൈസയോ കള്ളക്കടത്ത് പണമോ കമ്പനിയിലില്ല. അക്കാര്യത്തില്‍ നിക്ഷേപകര്‍ക്ക് തന്നെ വിശ്വസിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സി.ജെ. റോയിയുടെ മരണത്തെക്കുറിച്ചുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണസംഘം അടുത്തദിവസങ്ങളിൽ കൊച്ചിയിൽ എത്തിയേക്കും. കര്‍ണാടക പോലീസും അന്വേഷണത്തിനായി കൊച്ചിയിലെത്തുമെന്നാണ് വിവരം.