തൃശൂർ: സൗത്ത് കളമശേരി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അഗ്രി ടൂറിസം മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉടമകൾ 100 കോടിയിലേറെ രൂപയുടെ നിക്ഷേപവുമായി കമ്പനി പൂട്ടി മുങ്ങിയെന്ന ആരോപണവുമായി നിക്ഷേപകർ രംഗത്ത്.
തൃശൂരിലെ റീജണൽ ഓഫീസ് ഉൾപ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള 14 ബ്രാഞ്ചുകളും ഹെഡ് ഓഫീസും അടച്ചുപൂട്ടി ചെയർമാൻ ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാവരും ഒളിവിൽ പോയതായി നിക്ഷേപകർ ആരോപിച്ചു. 1,200 ലേറെ നിക്ഷേപകരുടെ നിക്ഷേപസംഖ്യയും പലിശയുമായി 100 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
എറണാകുളത്തും തൃശൂരുമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയതിനെതുടർന്ന് 32 എഫ്ഐആറുകൾ ഇട്ട് കേസെടുത്തെങ്കിലും മൂന്നു മാസമായിട്ടും കമ്പനി ഡയറക്ടർമാർക്കെതിരേ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ തൃശൂർ, എറണാകുളം കമ്മീഷണർ ഓഫീസുകളിലേക്കു മാർച്ചും തുടർന്ന് സൊസൈറ്റി ചെയർമാൻ മുരളിയുടെ അയ്യന്തോളിലെ വസതിക്കുമുമ്പിൽ അനിശ്ചിതകാല നിരാഹാരസമരവും സംഘടിപ്പിക്കുമെന്ന് നിക്ഷേപകരുടെ കൂട്ടായ്മയായ അറ്റ്കോസ് വിന്നേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കളക്ടർമാർക്കും പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഭീമഹർജികൾ നൽകിയിട്ടും നടപടി ഉണ്ടാകിട്ടില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ആൽഫ്രഡ് ബെന്നോ, വർഗീസ് മൊഴിയിൽ, ജോയ് വർഗീസ്, നെൽസൺ സ്റ്റീഫൻ, സാവൂൾ തോമസ് എന്നിവർ പങ്കെടുത്തു.
Tags : Investment scam Investors join protest Agri Tourism Multi State Co-operative Society