ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിൽ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ (CSD) പരേഡിനിടെ നടന്ന വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണം ഇസ്ലാമിക് ഭീകരാക്രമണം തന്നെയാണെന്ന് ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചത്. അതിനിടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 29 ആയി ഉയർന്നു.
ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അക്രമത്തിൽ ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ: പ്രതിയായ അബ്ദുൾ ബലൂട്ട് (21) ഡെലിവറി വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി മരത്തിൽ പ്രഹരിച്ച ശേഷം, കൊടുവാൾ പോലുള്ള മാരകായുധവുമായി പുറത്തിറങ്ങി വഴിയാത്രക്കാരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.
മുൻപും ജയിൽശിക്ഷ അനുഭവിച്ച വ്യക്തി:
2005-ൽ ജർമനിയിൽ ജനിച്ച ലബനൻ വംശജനായ പ്രതിക്ക് ഒരു വർഷവും 10 മാസവും തടവുശിക്ഷ മുൻപ് കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് സസ്പെൻഡ് ചെയ്ത് പ്രൊബേഷനിൽ വിടുകയായിരുന്നു.
ഇതിനെതിരേ ജനറൽ പ്രോസിക്യൂട്ടർ ഓഫിസ് അപ്പീൽ നൽകിയിരുന്നതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നു.
ഐഎസ് ബന്ധവും വിദേശയാത്രയും: പ്രതി വിദേശത്തേക്ക് കടന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ശ്രമിച്ചതിനും രാജ്യത്ത് വൻ അക്രമത്തിന് പദ്ധതിയിട്ടതിനും മുൻപും അന്വേഷണം നേരിട്ടിട്ടുള്ള ആളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പതാകകൾ പകുതി താഴ്ത്തിക്കെട്ടി നഗരം
"ഇത് നമുക്ക് ഓരോരുത്തർക്കും നേരെ നടന്ന ആക്രമണമാണ്' - കൈ വെഗ്നർ (ബെർലിൻ മേയർ) സംഭവത്തിൽ കടുത്ത ഞെട്ടൽ രേഖപ്പെടുത്തിയ ബെർലിൻ മേയർ കൈ. വെഗ്നർ സിറ്റി ഹാൾ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു.
നഗരത്തിന്റെ സഹിഷ്ണുതയ്ക്കും ജനാധിപത്യത്തിനും മേലുള്ള കടുത്ത ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയോടുള്ള ആദരസൂചകമായും പരിക്കേറ്റവർക്ക് പിന്തുണ പ്രഖ്യാപിച്ചും ബെർലിനിലെ സെന്റ് മേരീസ് പള്ളിയിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ സംഘടിപ്പിച്ചു.
തുടർന്ന് പ്രകടനം ബ്രാൻഡൻബുർഗ് ഗേറ്റിലേക്ക് നീങ്ങി. കേന്ദ്ര ഗവൺമെന്റിന്റെ വിക്ടിംസ് കമ്മീഷണർ റോളണ്ട് വെബർ, നീതിന്യായ മന്ത്രി സ്റ്റെഫാനി ഹ്യൂബിഗ് എന്നിവർ ഇരകൾക്കും കുടുംബങ്ങൾക്കും എല്ലാവിധ നിയമ-സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തു.
യൂറോപ്പിലുടനീളം റെഡ് അലേർട്ട്പ്രതിക്കായി ജർമ്മനിയുടെ അയൽരാജ്യ അതിർത്തികളിലും എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന വൻതോതിൽ ശക്തമാക്കിയിട്ടുണ്ട്.
അടിയന്തിര ഭീഷണി നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും 1.90 മീറ്റർ ഉയരമുള്ള പ്രതി അബ്ദുൾ ബലൂട്ടിനെ കാണുന്നവർ നേരിട്ട് സമീപിക്കാതെ 110 എന്ന എമർജൻസി നമ്പറിൽ പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.