കൊല്ലം: ജില്ലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള 200 കോടിയോളം രൂപയുടെ 25 പദ്ധതികള്‍ പ്രതിസന്ധിയില്‍. പുതിയ കരാറുകള്‍ക്ക് ദേശീയ ജല്‍ ജീവന് മിഷന്റെ അനുമതിയില്ലാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഇതോടെ പ്ലാന്റുകളുടെ ശേഷി ഉയര്‍ത്താനുള്ള വികസന, നവീകരണ പദ്ധതികള്‍ പാതിവഴിയിലായി.
അതേസമയം ജല്‍ ജീവന് മിഷന് പദ്ധതി പൂര്‍ത്തിയാക്കാനുള്ള കാലാവധി 2028 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 2024 ഓഗസ്റ്റിന് മുമ്പ് ടെന്‍ഡര്‍ ക്ഷണിച്ച പദ്ധതികളുടെ കരാര്‍ പോലും ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
പദ്ധതിയിലൂടെ നല്കിയ വലിയൊരു വിഭാഗം ഗാര്‍ഹിക കണക്ഷനുകള്‍ക്കും ആവശ്യമായ ജലം നല്കാന് ഇപ്പോള്‍ കഴിയാത്ത സ്ഥിതിയാണ്. വിതരണത്തിനാവശ്യമായ ജല ലഭ്യത കുറവ് വലിയ പ്രതിസന്ധിയുണ്ടാക്കുകയാണ്. പ്ലാന്റുകളുടെ ശേഷി ഉയര്‍ത്തിയാല്‍ വിതരണത്തിന്റെ അളവ് കുറച്ചുകൂടി വര്‍ധിപ്പിക്കാം. അതിലേക്കുള്ള തയാറാക്കിയ പദ്ധതികളാണ് പ്രതിസന്ധിയിലായത്.
ജല്‍ ജീവന് മിഷന് പദ്ധതി ആരംഭിക്കുമ്പോള്‍ ജില്ലയിലെ ഗ്രാമീണ മേഖലയില്‍ 1.50 ലക്ഷം ഗാര്‍ഹിക കണക്ഷനുകളാണുണ്ടായിരുന്നത്. പദ്ധതിയിലൂടെ 3.10 ലക്ഷം കണക്ഷന് നല്കി. ഇനി ഒരു ലക്ഷം കണക്ഷന് കൂടി നല്‍കണം. അതില്‍ 50,000 കണക്ഷന് കൂടി നല്‍കാനുള്ള കരാറാണ് നിലവിലുള്ളത്.
ബാക്കി കണക്ഷൻ നല്‍കാനുള്ള ടെണ്ടര്‍ ക്ഷണിക്കണമെങ്കില്‍ പുതിയ കരാര്‍ പാടില്ലെന്ന ഉത്തരവ് പുന:പരിശോധിക്കണം. കരാര്‍ തുക വന്‍ കുടിശിക കൂടിയതോടെ കരാറുകാര്‍ പ്രവൃത്തികള്‍ നിര്‍ത്തിവച്ചിരുന്നു. നബാര്‍ഡ് വായ്പ ഉപയോഗിച്ച് കുടിശിക തീര്ത്തത്തോടെ നിലവിലുള്ള കരാറിലെ പ്രവൃത്തികള്‍ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ വിതരണത്തിന് ആവശ്യമായ ജലം ഇല്ല. അതിനാല്‍ പുതിയ കണക്ഷനുകള്‍ നല്കാന് നടപടി സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് വാട്ടര്‍ അഥോറിറ്റി.