ഒട്ടാവ: സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ മറികടന്ന് കാനഡയിൽ ജൂലൈ മാസത്തിൽ 75,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ തൊഴിൽ റിപ്പോർട്ട്. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മൊത്ത-ചില്ലറ വ്യാപാരം, ധനകാര്യം-ഇൻഷുറൻസ്, പ്രഫഷണൽ-ശാസ്ത്രീയ സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങളിൽ കാര്യമായ വർധന രേഖപ്പെടുത്തിയത്.
സ്വകാര്യ മേഖലയിലെ നിയമനങ്ങൾ വർധിച്ചതും തൊഴിൽ വിപണിയുടെ പ്രകടനം മെച്ചപ്പെടാൻ സഹായിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്കൻ വ്യാപാര സമ്മർദങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും തുടരുന്നതിനിടെയാണ് കാനഡയുടെ തൊഴിൽ വിപണി പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത്.
പുതിയ കണക്കുകൾ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ വീണ്ടെടുപ്പിന് അനുകൂലമായ സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.