കോട്ടയം: ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഇടപെടേണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്. തോമസ് ഉണ്ണിയാടന് വേണ്ടി പരസ്യമായി ടി.എൻ.പ്രതാപൻ രംഗത്തിറങ്ങിയതിനെ അദ്ദേഹം വിമർശിച്ചു. ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനുള്ള രാഷ്ട്രീയ മര്യാദ കോൺഗ്രസ് നേതാക്കൾ കാണിക്കണമെന്നും കെ.സി.ജോസഫ് പറഞ്ഞു.
സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് കെ.സി നിലപാട് വ്യക്തമാക്കിയത്. യുഡിഎഫിലെ ഘടകകക്ഷികൾക്ക് നീക്കിവെക്കുന്ന പദവികളിലേക്ക് ആളുകളെ തീരുമാനിക്കുന്നത് അതത് പാർട്ടികളുടെ ആഭ്യന്തര വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളിൽ മുന്നണിയിലെ മറ്റ് ഘടകകക്ഷികൾ പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെ.സി.ജോസഫ് വ്യക്തമാക്കി.
മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കാനുള്ള പ്രധാന ഉത്തരവാദിത്തം യുഡിഎഫിലെ മുഖ്യകക്ഷിയായ കോൺഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായവ്യത്യാസങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് പരസ്യപ്രസ്താവനകളിലൂടെ ഉന്നയിക്കരുത്.
പകരം യുഡിഎഫ് കമ്മിറ്റിക്കുള്ളിലോ ബന്ധപ്പെട്ട പാർട്ടി നേതാക്കളോടോ അഭിപ്രായം പറയുന്നതാണ് അഭികാമ്യം. ഉണ്ണിയാടന് പിന്തുണ പ്രഖ്യാപിച്ച് ടി.എൻ. പ്രതാപൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് കെ.സി.ജോസഫിന്റെ പരസ്യ വിമർശനം.