പത്തനംതിട്ട: ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം നഷ്ടമായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ ആറന്മുളയിലുണ്ടാകണം. തിരുവാഭരണം കമ്മീഷണർ നൽകിയ വിവരമനുസരിച്ച് കിരീടം ആറന്മുളയിലുണ്ടെന്നാണ് കരുതുന്നത്.
കിരീടം ആറന്മുളയിലുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി തിരുവാഭരണം കമ്മീഷണറെ വിളിപ്പിച്ചിട്ടുണ്ടെന്നും കെ. ജയകുമാർ അറിയിച്ചു. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇതുസംബന്ധിച്ച് തിരുവാഭരണം കമ്മീഷണറും ബോർഡിന് വിശദീകരണം നൽകിയിട്ടുണ്ട്. അതേസമയം മറ്റ് ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ലാണ് സ്വർണക്കിരീടം നൽകിയത്. അതേസമയം 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ കിരീടം നഷ്ടമായിട്ടില്ലെന്നും സുരക്ഷിതമായി ഉണ്ടെന്നുമാണ് നിലവിൽ ദേവസ്വം ബോർഡിന്റെ വിശദീകരണം.