കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചു കയറി
വധഭീഷണി; ഏഴു പേർക്കെതിരെ കേസെടുത്തു
തൃപ്പൂണിത്തുറ: തുടർച്ചയായ വൈദ്യുതി മുടക്കത്തിൽ പ്രകോപിതരായി എരൂർ കെഎസ്ഇബി സെക്ഷൻ ഓഫിസിൽ അതിക്രമിച്ചു കയറി വധഭീഷണി നടത്തിയ സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലിസ് കേസെടുത്തു. ബുധനാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം.
എരൂർ ഭാഗത്ത് പല തവണകളായി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് വൈദ്യുതി ഓഫിസിലേക്കെത്തിയ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവർസിയർ കെ.എ. അഭിലാഷിനെ തടഞ്ഞുവച്ച് വധഭീഷണി മുഴക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പറയുന്നു.
സംഭവം നടക്കുമ്പോൾ ലൈൻമാൻമാർ പുറത്തായിരുന്നതിനാൽ ഓഫിസിൽ ഓവർസിയർ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് അസിസ്റ്റന്റ് എൻജിനീയറെ സ്ഥലത്തേക്ക് വിളിപ്പിച്ചു സംസാരിച്ചെങ്കിലും തുടർന്നും സംഘത്തിന്റെ ഇടപെടൽ മോശമായി. ഇതോടെ ഉദ്യോഗസ്ഥർ ഹിൽപാലസ് പൊലിസിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി സംഘത്തെ ഓഫിസിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.
ഓവർസിയർ കെ.എ.അഭിലാഷിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.