മേപ്പാടി: വയനാട് തുരങ്കപാത നിര്‍മാണ മേഖലയിലെ കള്ളാടിക്കു സമീപം കഴിഞ്ഞ് ഏഴിന് മണ്ണിടിഞ്ഞ പ്രദേശത്തുനിന്നു മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ അന്തിമ പട്ടിക അടുത്തയാഴ്ച പ്രസിദ്ധപ്പെടുത്തും.
അപകടഭീഷണി നേരിടുന്ന കുടുംബങ്ങളുടെ വിവരശേഖരണം റവന്യു, പഞ്ചായത്ത് അധികൃതര്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. പഞ്ചായത്തിലെ എട്ട്, 12 വാര്‍ഡുകളിലെ 200 ഓളം കുടുംബങ്ങള്‍ അപകട ഭീഷണിയിലാണെന്നാണ് കണ്ടെത്തിയത്. ഇവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപടി സ്വീകരിക്കേണ്ടതുണ്ട്. ദുരന്തംസ്ഥലത്തിന് 500 മീറ്റര്‍ ചുറ്റളവിലുള്ള കുടുംബങ്ങള്‍, മീനാക്ഷി പുഴയുടെ സമീപത്ത് താമസിക്കുന്നവര്‍ എന്നിവരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടത്.
ഇവരുടെ പട്ടിക റവന്യൂ അധികൃതര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് രണ്ട് ദിവസത്തിനകം കൈമാറും. അതോറിറ്റി പരിശോധിച്ച് തീരുമാനമെടുക്കുന്ന മുറയ്ക്ക് അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തും. പട്ടികയിലുള്ള കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. വാടകവീടുകളിലേക്ക് മാറിയവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മാസവാടക 6,000 രൂപ ലഭ്യമാക്കും.