കരുവാരകുണ്ട്: കരുവാരകുണ്ട് പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. പൊട്ടിപ്പൊളിഞ്ഞും കുണ്ടും കുഴികളുമായ റോഡുകളിലൂടെ ദിനംപ്രതി യാത്ര ചെയ്യേണ്ടിവരുന്ന നാട്ടുകാർ വലിയ ദുരിതമാണ് നേരിടുന്നത്. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രക്കാർക്കാണ് റോഡുകളുടെ തകർച്ച ഏറ്റവും കൂടുതൽ ഭീഷണിയാകുന്നത്.
റോഡിലെ കുഴിയിൽ ഇരുചക്രവാഹന യാത്രികർ വീണ് പരിക്കേൽക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതിനെത്തുടർന്ന് പല ഭാഗങ്ങളിലും വലിയ കുഴികളാണ്. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ റോഡിന്റെ യഥാർഥ അവസ്ഥ തിരിച്ചറിയാൻ കഴിയുന്നില്ല. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.തകർന്ന റോഡുകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.
മഴ ശക്തമായതോടെ പല റോഡുകളുടെയും സ്ഥിതി ഏറെ ശോചനീയമാണ്. വെള്ളക്കെട്ടും ചെളിയും റോഡിലെ കുഴികളും ഒന്നിച്ചാകുന്പോൾ വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. രാത്രി യാത്രയാണ് ഏറെ ദുഷ്കരം.
തെരുവുവിളക്കുകളുടെ അഭാവവും റോഡിലെ കുഴികൾ വ്യക്തമായി കാണാൻ കഴിയാത്തതും അപകടസാധ്യത കൂട്ടുന്നു.
ഗ്രാമീണ മേഖലകളിൽ സ്കൂൾ വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ, വയോധികർ തുടങ്ങി നിരവധി പേർ ദിവസേന ഈ റോഡുകളെയാണ് ആശ്രയിക്കുന്നത്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നതിനും തകർന്ന റോഡുകളിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. പഞ്ചായത്തിലെ തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി )പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.