തിരുവനന്തപുരം: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ നേരത്തേ തുടങ്ങാൻ ബിജെപി. മിഷൻ 29 എന്ന പേരിൽ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചു. മണ്ഡല പുനർനിർണയത്തിലൂടെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 30 ആയി ഉയർന്നാൽ ആറു മുതൽ എട്ട് സീറ്റുകൾ വരെ നേടുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്ടി മുന്നോട്ടുപോകുന്നത്.
സ്ഥാനാർഥികളെയും മണ്ഡല ചുമതലക്കാരെയും നേരത്തേ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാനാണ് തീരുമാനം. അതേസമയം ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലും സംഘടനാ ചർച്ചകളേക്കാൾ തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾക്കാണ് നേതൃത്വം മുൻഗണന നൽകുന്നത്.
ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം നിലവിലെ 20 ആയി തുടർന്നാൽ നാല് സീറ്റുകൾ നേടുക എന്ന ലക്ഷ്യവും കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, പത്തനംതിട്ട തുടങ്ങിയ മണ്ഡലങ്ങളിലെ സാധ്യതാ സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകളും ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
കഴിഞ്ഞ തവണ വിജയിച്ച തൃശൂർ നിലനിർത്തുന്നതിനൊപ്പം മറ്റ് മണ്ഡലങ്ങൾ പിടിച്ചെടുക്കാനാണ് പാർട്ടി തീരുമാനം. പാർട്ടി തുടർച്ചയായി രണ്ടാം സ്ഥാനത്തുവരുന്ന തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നേതാക്കൾ നിർദ്ദേശംനൽകി.