തിരുവനന്തപുരം: ഡൽഹിയിൽ വോട്ടവകാശ സംരക്ഷണത്തിനായി സമരം ചെയ്ത കോൺഗ്രസ് നേതാക്കളെ കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കാനൊരുങ്ങി കോൺഗ്രസ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കാൻ ധർമ്മസമരത്തിന് നേതൃത്വം നൽകിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ബുധനാഴ്ച വൈകുന്നേരം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. ജനാധിപത്യത്തെയും പൗരന്മാരുടെ വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.