മംഗലംഡാം: വീടിനു പിന്നിലെ കാർപോർച്ചിൽനിന്നും പത്തടിയിലേറെ നീളമുള്ള വമ്പൻ രാജവെമ്പാലയെ പിടികൂടി. പൊൻകണ്ടം റോഡിൽ ഒലിംകടവ് അങ്ങേവീട്ടിൽ ജോസിന്റെ വീട്ടിലാണ് ഇന്നലെ രാവിലെ രാജവെമ്പാലയെ കണ്ടത്.
തിങ്കളാഴ്ച രാത്രി തുണി ഉണക്കാനിടാൻ വീട്ടുകാർ പുറത്തു കടന്നപ്പോൾ സ്റ്റാൻഡ് പോലെയുള്ള തട്ടിൽ എന്തൊ ഇരിക്കുന്നതുപോലെ തോന്നി. സൈക്കിളിന്റെ ടയറാകുമെന്ന് കരുതി അതു കാര്യമാക്കിയില്ല.
എന്നാൽ ഇന്നലെ രാവിലെ ജോസിന്റെ ഭാര്യ പള്ളിയിൽ പോയി തിരിച്ചു വരുമ്പോൾ തലേന്ന് രാത്രി റോഡിലൂടെ ബൈക്കിൽ പോയിരുന്നവർ വലിയ പാമ്പ് റോഡ് ക്രോസ് ചെയ്യുന്നത് കണ്ടതായി പറഞ്ഞെന്നു അയൽവീട്ടുകാർ പറഞ്ഞു.
ഇതോടെ ഭയപ്പാടായി തെരച്ചിൽ നടത്തി. ഇതിനിടെ മകൻ ജെയിംസ് നോക്കിയപ്പോഴാണ് പാമ്പ് അട്ടപ്പെട്ടിയുടെ പിറകിലായി വൃത്താകൃതിയിൽ കിടക്കുന്നതുകണ്ടത്. ഉടൻ മംഗലംഡാമിലെ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമദ് ഹാഷിമിന്റെ നിർദേശപ്രകാരം വനപാലകർ സ്ഥലത്തെത്തി നോക്കിയപ്പോൾ പാമ്പ് ചില്ലറക്കാരനല്ലെന്നു മനസിലാക്കി കൊല്ലംങ്കോട് നിന്നുള്ള ആർആർടി ടീമിനെ വിളിച്ചു വരുത്തുകയായിരുന്നു.
പാമ്പുപിടുത്തത്തിൽ പരിശീലനം നേടിയ സുബൈർ, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിന്നീട് നാലുമണിക്കുറിനുശേഷം പാമ്പിനെ പിടികൂടിയത്.
പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടതായി അധികൃതർ പറഞ്ഞു.