കൊച്ചി: കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധന. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ അറ്റനഷ്ടത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി വരുമാനത്തിലും പ്രവര്‍ത്തന ലാഭത്തിലും മുന്നേറ്റം കൈവരിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ അറ്റനഷ്ടം (നെറ്റ് ലോസ്) 2024-25ലെ 430.50 കോടി രൂപയില്‍ നിന്ന് 352.49 കോടി രൂപയായി കുറഞ്ഞു. അതേസമയം ഇക്കാലയളവില്‍ 52.64 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും (ഓപ്പറേറ്റിംഗ് പ്രോഫിറ്റ്) നേടി. ഇതോടെ തുടര്‍ച്ചയായ നാലാം വര്‍ഷവും പ്രവര്‍ത്തന ലാഭം കൈവരിക്കുന്ന മെട്രോയായി കൊച്ചി മെട്രോ മാറി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പാത കാക്കനാട് സ്മാര്‍ട്ട് സിറ്റിയിലേക്കും ഇന്‍ഫോപാര്‍ക്കിലേക്കുമുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും പ്രവര്‍ത്തന ലാഭം വര്‍ധിക്കുകയും ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു.
2025-26ല്‍ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്ന് 1.01 ലക്ഷത്തിലെത്തി. കൊച്ചി മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരി ദിനയാത്രക്കാരുടെ എണ്ണമാണിത്.
കൂടുതല്‍ പേര് ദൈനംദിന യാത്രയ്ക്ക് മെട്രോ തെരഞ്ഞെടുക്കാന്‍ തുടങ്ങിയതോടെ ടിക്കറ്റ് വരുമാനവും ഗണ്യമായി ഉയര്‍ന്നു. ഇതാണ് പ്രവര്‍ത്തന ലാഭത്തില്‍ നേരിട്ട് പ്രതിഫലിച്ചത്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുഖകരവുമായ യാത്ര ഉറപ്പാക്കാനും കെഎംആര്‍എല്‍ നടപടി സ്വീകരിച്ചു.
ടിക്കറ്റ് വരുമാനത്തിനപ്പുറം ടിക്കറ്റിതര (നോണ്‍ഫെയര്‍ റവന്യൂ) വരുമാനം വര്‍ധിപ്പിക്കുന്നതിലും കൊച്ചി മെട്രോ രാജ്യത്തിന് മാതൃകയായി മാറി.
2025-26ല്‍ ലഭിച്ച ആകെ പ്രവര്‍ത്തന വരുമാനമായ 224.65 കോടിയില്‍ 76.33 കോടി സ്റ്റേഷന് വാണിജ്യവത്കരണം, പരസ്യവരുമാനം, പ്രോപ്പര്‍ട്ടി വികസനം, മറ്റ് നൂതന വരുമാന മാര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നാണ് ലഭിച്ചത്.
പ്രവര്‍ത്തനം ആരംഭിച്ച ആദ്യ വര്‍ഷങ്ങളിലെ നഷ്ടത്തില്‍ നിന്ന് തുടര്‍ച്ചയായ നാലു വര്‍ഷത്തെ ലാഭത്തിലേക്കുള്ള ഈ മുന്നേറ്റം കെഎംആര്‍എലിന്റെ പ്രവര്‍ത്തന മികവും സാമ്പത്തിക അച്ചടക്കവും നൂതന സമീപനങ്ങളുടെയും പ്രതിഫലനമാണെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.