കുറുപ്പന്തറ: ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് കുറുപ്പന്തറയില്‍ കംപ്യൂട്ടര്‍ കട കത്തിനശിച്ചു. കുറുപ്പന്തറ ജംഗ്ഷനില്‍ സെന്റ് തോമസ് പള്ളിയുടെ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന ടെക് സ്പേസ് എന്ന പേരിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇരവിമംഗലം മേട്ടുംപാറ വാഴയില്‍ ഷിനു ഡേവിസിന്റേതാണ് സ്ഥാപനം.
നാല് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ഷിനു പറയുന്നു. ഇന്നലെ രാവിലെ 8.30 ഓടെയാണ് അപകടം. രാവിലെ എട്ടോടെ ഷിനു കട തുറന്ന ശേഷം കുട്ടികളെ സ്കൂളില്‍ കൊണ്ടുവിടുന്നതിനായി പോയ സമയത്താണ് സംഭവം. തീപിടിത്ത വിവരമറിഞ്ഞു സമീപത്തെ കടയിലുള്ളവരാണ് ഫയര്‍ഫോഴ്സിനെ വിളിച്ചത്. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കടയിലുണ്ടായിരുന്ന കംപ്യൂട്ടര്‍ ഉപകരണങ്ങള്‍, പാര്‍ട്സുകള്‍, സിസി ടിവി കാമറകള്‍, വയറിംഗ്, ഇന്റീരിയല്‍ തുടങ്ങിയവയെല്ലാം കത്തിനശിച്ചു.