തൃശൂർ: കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നാളെ രാവിലെ നടക്കും. കമ്മിറ്റി ചെയർമാൻമാരെ പിന്നീടു തീരുമാനിക്കും. 56 അംഗ കൗൺസിലിലെ മുതിർന്ന നേതാക്കളെയാണു ചെയർമാൻസ്ഥാനത്തേക്കു പരിഗണിക്കുന്നത്. എന്നാൽ പ്രവൃത്തിപരിചയം ഏറെയുള്ള, കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ലാലി ജെയിംസിന്റെ പേര് ചെയർമാൻസ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ പട്ടികയിലില്ല.
പണപ്പെട്ടിയില്ലാത്തതിനാൽ മേയറാക്കിയില്ലെന്ന വിവാദപ്രസ്താവന നടത്തിയ ലാലിയെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇത്തരക്കാരെ ചെയർമാൻസ്ഥാനത്തേക്കു പരിഗണിക്കേണ്ടതില്ലെന്നാണു യുഡിഎഫ് തീരുമാനം. നേരത്തേ എൽഡിഎഫ് ഭരിക്കുന്പോൾ പ്രവൃത്തിപരിചയം കണക്കിലെടുത്ത് ലാലിയെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാക്കിയിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻസ്ഥാനവും ഇല്ലാതാകുന്നതോടെ കോൺഗ്രസ്- ലാലി ജെയിംസ് പടലപ്പിണക്കം കോർപറേഷൻ ഭരണത്തിൽ പ്രകടമാകുമെന്ന് ഉറപ്പായി.
ഡിവിഷൻ 18 ചേലക്കോട്ടുകര കൗൺസിലർ ടി.ആർ. സന്തോഷ്, ഡിവിഷൻ 34 കുരിയച്ചിറ വെസ്റ്റ് ജേക്കബ് പുലിക്കോട്ടിൽ, ഡിവിഷൻ 56 പുതൂർക്കര മേഫി ഡെൽസൻ, ഡിവിഷൻ ഒന്പത് ചേറൂർ വില്ലി ജിജോ, ഡിവിഷൻ 31 ഒല്ലൂർ കരോളി ജോഷ്വ എന്നിവരുടെ പേരുകളാണ് നിലവിൽ ഡിസിസി നിർദേശിച്ചിച്ചിട്ടുള്ളത്. എൽഡിഎഫ്, എൻഡിഎ അംഗങ്ങൾക്കും കൗൺസിലിലെ പുതുമുഖങ്ങൾക്കും ചെയർമാൻസ്ഥാനം നല്കേണ്ടതുണ്ടോയെന്നും ആലോചിക്കുന്നുണ്ട്.
ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതിഅപ്പീൽ, വിദ്യാഭ്യാസ കായികം കമ്മിറ്റി ചെയർമാൻമാരെയാണു തെരഞ്ഞെടുക്കുക. ധനകാര്യം ഡെപ്യൂട്ടി മേയറായ എ. പ്രസാദാണു കൈകാര്യം ചെയ്യുക.
തൃശൂർ കോർപറേഷൻ വൻഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ മേയർസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന അവസാന മൂന്നുപേരിൽ ലാലൂരിൽനിന്നു വിജയിച്ച ലാലി ജെയിംസ് ഉൾപ്പെട്ടിരുന്നു. പിന്നീട് അവസാനഘട്ടത്തിൽ ലാലിയെ ഒഴിവാക്കി ഡോ. നിജി ജസ്റ്റിനെ മേയറാക്കാൻ ഡിസിസി തീരുമാനിച്ചപ്പോഴാണ് ലാലി ജെയിംസ് കോഴവിവാദമുയർത്തിയത്. തുടർന്നാണ് ലാലിയെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
ഇനി കോർപറേഷനിലെയും കോൺഗ്രസിലെയും ഒരു നേതൃസ്ഥാനത്തേക്കും തന്റെ പേര് പരിഗണിക്കേണ്ടതില്ലെന്നും കോൺഗ്രസുകാരിയായി തുടരാൻ പാർട്ടി അംഗത്വം ആവശ്യമില്ലെന്നും ലാലി ജെയിംസ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.