തളരരുത്... ലാലി ജെയിംസിനെ ആശ്വസിപ്പിക്കുന്ന എൽഡിഎഫ് കൗൺസിലർ എം.എൽ. റോസി.
തൃശൂർ: മേയർതെരഞ്ഞടുപ്പിനു കൗൺസിൽ ഹാളിലേക്ക് ആത്മവിശ്വാസത്തോടെ നടന്നുകയറിയ യുഡിഎഫ് കൗൺസിലർ ലാലി ജെയിംസ് സത്യപ്രതിജ്ഞയ്ക്കുശേഷം കൗൺസിൽ ഹാളിൽ തുടർന്നത് മൂകയായി. മേയറായി സ്ഥാനമേറ്റ നിജി ജസ്റ്റിനെ അഭിനന്ദിച്ച ഇടത്, വലത് കൗൺസിലർമാരിൽ പലരും ലാലിയെ ആശ്വസിപ്പിക്കാനായി അവരുടെ അടുക്കലെത്തി.
ഡോ. നിജി ജസ്റ്റിനെ മേയറാക്കാൻ ഡിസിസി തീരുമാനിച്ചത് ഇന്നലെ ലാലിയുടെ എതിർപ്പിനു വഴിയൊരുക്കിയിരുന്നു. തുടർന്ന് മേയർതെരഞ്ഞെടുപ്പിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്ന അവർ നേതൃത്വത്തിന്റെ നടപടിക്കെതിരേ വിമർശനവും ഉന്നയിച്ചു. വോട്ട് രേഖപ്പെടുത്താൻ എത്തില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് എത്തുകയായിരുന്നു.
പൊതുവെ കൗൺസിൽ ഹാളിലും സമരമുഖങ്ങളിലും പോരാട്ടവീര്യത്തോടെ നിറഞ്ഞുനിന്നിരുന്ന ലാലി മൂകയായതോടെയാണ് കൗൺസിലർമാർ ലാലിയുടെ അടുക്കലെത്തിയത്. മുൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി അടക്കമുള്ളവരും സാന്ത്വനമേകാനായി എത്തിയിരുന്നു.
കോൺഗ്രസ് വിമതനായി മത്സരിച്ചുവിജയിച്ച ഷോമി ഫ്രാൻസീസ്, സ്വതന്ത്രനായി ജയിച്ച റാഫി ജോസ് എന്നിവരും ലാലിയുടെ അടുത്തെത്തി.
Tags : Lali James nattuvishesham local news