ചാലക്കുടിദിശയിൽ കൊരട്ടി പൊലിസ് സ്റ്റേഷനും ജംഗ്ഷനും ഇടയിൽ ക്രാഷ് ബാരിയേഴ്സ് സ്ഥാപിക്കാത്ത സ്ഥലം.
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കൊരട്ടി മേഖലയിൽ അപകടസാധ്യതയുള്ള സ്ഥലങ്ങൾ അധികൃതർ അടിയന്തരമായി പരിശോധിച്ച് സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കൊരട്ടി പൊലിസ് സ്റ്റേഷനും ജംഗ്ഷനും ഇടയിൽ ചാലക്കുടി ഭാഗത്തേക്ക് ഏകദേശം 80 മീറ്ററോളം ദൂരത്തിൽ ദേശീയപാതയോരത്ത് അടിയന്തരമായി ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. പാതയിൽനിന്ന് ഏകദേശം 50 അടിയിലേറെ താഴ്ചയുള്ള ഭാഗമാണിത്. നിലവിൽ ഇവിടെ സുരക്ഷാ സംവിധാനങ്ങളില്ല. കൊരട്ടി മുത്തിയുടെ തിരുനാൾ ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇടതുവശത്തുകൂടി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിർമാണ മേഖലകളിൽ മതിയായ വെളിച്ചമില്ലാത്തതും ആശങ്കയ്ക്കിടയാക്കുന്നു.
റോഡിലെ കുഴികൾ അടച്ചെങ്കിലും നടത്തിയ ടാറിംഗ് പല ഭാഗങ്ങളിലും കുറ്റമറ്റതല്ലെന്നാണ് പരാതി. ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലും പല സ്ഥലങ്ങളിലും പൊങ്ങിയും താഴ്ന്നും നിലയിലാണ് ടാറിംഗ്. കൊരട്ടി ജംഗ്ഷനിൽ ചാലക്കുടി ഭാഗത്തേക്ക് ചേതന മെഡിക്കൽസ് മുതൽ സർവീസ് സഹകരണ ബാങ്ക് വരെയുള്ള ഭാഗത്ത് പതിവായി രൂപപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജംഗ്ഷനിലെ അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും ഒഴിപ്പിച്ച് ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും ആവശ്യമായ സ്ഥലം ഉറപ്പാക്കണം.
ഗതാഗതതടസമുണ്ടാക്കുന്ന വിധത്തിലുള്ള വൈദ്യുതി പോസ്റ്റുകൾ സാധ്യമാകുന്നിടത്ത് മാറ്റിസ്ഥാപിക്കണം. ഡ്രെയിനുകൾക്ക് മുകളിലെ കേടായ സ്ലാബുകൾ മാറ്റി സ്ഥാപിക്കുകയും എല്ലാ സ്ലാബുകളും ഒരേ ഉയരത്തിലാണെന്ന് ഉറപ്പാക്കുകയു ചെയ്താൽ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. പൊലിസ് സ്റ്റേഷനു മുന്നിലെ അനധികൃത പാർക്കിംഗും കർശനമായി നിയന്ത്രിക്കണം. കൊരട്ടി ജംഗ്ഷനിലെ നിലവിലെ ബസ് സ്റ്റോപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോഗം വിളിച്ച് എൻഎച്ച്എഐയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ തുടർനടപടി ഉണ്ടായിട്ടില്ല.
Tags : NattuVishesham DistrictNews