x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

76ലും ​ചേ​ന​ക്കൃ​ഷി​യി​ലെ യോ​ഹ​ന്നാ​ൻ സ്റ്റൈ​ൽ സൂ​പ്പ​ർ

സ്റ്റാഫ് ലേഖകൻ
Published: October 1, 2026 06:15 AM IST | Updated: October 1, 2026 06:15 AM IST

യോഹന്നാൻ കൃഷിയിടത്തിൽ

തൃ​ശൂ​ർ: കാ​ർ​ഷി​ക​രം​ഗ​ത്ത് വ​ജ്ര​ജൂ​ബി​ലി പി​ന്നി​ടു​ന്ന യോ​ഹ​ന്നാ​ൻ ചേ​ട്ട​ൻ ചേ​ന​ക്കൃ​ഷി​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച് കു​തി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 28 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ചേ​ന​ക്കൃ​ഷി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന തൃ​ശൂ​ർ ജി​ല്ല​യി​ലെ മാ​ള കു​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ പാ​ല​മ​റ്റം യോ​ഹ​ന്നാ​നും മ​ക​ൻ സെ​ബി​യും അ​ഞ്ചു പ്ലോ​ട്ടു​ക​ളി​ലാ​യി 14 ഏ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി​ചെ​യ്യു​ന്ന​ത്. സാ​ധാ​ര​ണ ചേ​ന ക​ർ​ഷ​ക​രി​ൽ​നി​ന്നു വി​ഭി​ന്ന​മാ​യ സ​ന്പ്ര​ദാ​യ​ങ്ങ​ളാ​ണ് യോ​ഹ​ന്നാ​ൻ എ​ന്ന 76കാ​ര​ൻ പ​രീ​ക്ഷി​ച്ച് വി​ജ​യി​പ്പി​ച്ച​തും ഇ​പ്പോ​ൾ പി​ന്തു​ട​രു​ന്ന​തും. അ​താ​ണു ചേ​ന​ക്കൃ​ഷി​യി​ലെ യോ​ഹ​ന്നാ​ൻ സ്റ്റൈ​ൽ.
കൃ​ഷി കുഞ്ഞുനാൾ മുതൽ

കു​ണ്ടൂ​ർ പാ​ല​മ​റ്റം വ​റീ​തി​നു അ​ഞ്ചു​മ​ക്ക​ളാ​യി​രു​ന്നു. മൂ​ന്നാ​ണും ര​ണ്ടു പെ​ണ്ണും. ആ​ണ്‍​കു​ട്ടി​ക​ളി​ൽ മൂ​ത്ത ര​ണ്ടു​പേ​രും ചെ​റു​പ്പ​ത്തി​ലേ മ​രി​ച്ചു. ഇ​തോ​ടെ യോ​ഹ​ന്നാ​ൻ എ​ന്ന ഇ​ള​യ മ​ക​ൻ പ​ഠ​നം​നി​ർ​ത്തി അ​പ്പ​നൊ​പ്പം കൃ​ഷി​പ്പ​ണി​ക്കു​കൂ​ടി. ആ​ദ്യം നെ​ൽ​കൃ​ഷി മാ​ത്ര​മാ​യി​രു​ന്നു പി​ന്നീ​ട് അ​ല്പം വാ​ഴ. പി​ന്നെ സ്വ​ന്ത​മാ​യി ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​ചെ​യ്ത് വി​ജ​യ​ഗാ​ഥ ര​ചി​ച്ചു​തു​ട​ങ്ങി.

ചേ​ന​ക്കൃ​ഷി​യി​ലേ​ക്ക് അ​പ്പ​നും മ​ക​നും തി​രി​ഞ്ഞി​ട്ട് ഇ​ത് 27-ാം വ​ർ​ഷം. മ​റ്റു പ​ച്ച​ക്ക​റി​ക​ളി​ൽ​നി​ന്നു വി​ഭി​ന്ന​മാ​യി ചേ​ന​യ്ക്ക് കേ​ടു​പാ​ടു​ക​ൾ കു​റ​വാ​ണെ​ന്ന​തും എ​ലി, കാ​ട്ടു​പ​ന്നി എ​ന്നി​വ​യു​ടെ ശ​ല്യം ഇ​ല്ലാ​ത്ത​തും സാ​മാ​ന്യം വി​ല ല​ഭി​ക്കു​മെ​ന്ന​തു​മാ​ണ് ഇ​തി​ൽ ശ്ര​ദ്ധ​യൂ​ന്നാ​ൻ കാ​ര​ണം. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി 14 ഏ​ക്ക​റി​ൽ ചേ​നക്കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ചാ​ല​ക്കു​ടി ചേ​ന​ത്തു​നാ​ട്ടി​ൽ ര​ണ്ട് ഏ​ക്ക​റി​ലും കൊ​ര​ട്ടി​ക്കു​സ​മീ​പം കാ​തി​ക്കു​ടം, ക​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന​ര ഏ​ക്ക​റു​ക​ളി​ലും കൃ​ഷി​യു​ണ്ട്. പു​ളി​ക്ക​ക​ട​വി​ൽ ര​ണ്ട് പ്ലോ​ട്ടു​ക​ളി​ലാ​യി ഏ​ഴ് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി. ഇ​തെ​ല്ലാം​ത​ന്നെ പാ​ട്ട​ത്തി​ന് എ​ടു​ത്താ​ണ് ചെ​യ്യു​ന്ന​ത്. കൃ​ഷി​യോ​ടു​ള്ള അ​ഭി​നി​വേ​ശ​വും ചി​ട്ട​യാ​യ ജീ​വി​ത​രീ​തി​ക​ളും ക​ഠി​ന​പ​രി​ശ്ര​മ​വും​കൊ​ണ്ട് ഇ​വ​ർ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്നു. ഒ​പ്പം പ​ത്തു​പേ​ർ​ക്ക് തൊ​ഴി​ലും ന​ൽ​കു​ന്നു.

ധ​നു​വി​ൽ​ന​ട്ട് ധ​നം
കൊ​യ്യു​ന്നു
കും​ഭ​ത്തി​ൽ ന​ട്ടാ​ൽ
കു​ട​ത്തോ​ളം
മീ​ന​ത്തി​ൽ ന​ട്ടാ​ൽ
മീ​ൻ ക​ണ്ണോ​ളം

എ​ന്നാ​ണു ചേ​ന​യെ​ക്കു​റി​ച്ചു​ള്ള പ​ഴ​മൊ​ഴി​യെ​ങ്കി​ലും യോ​ഹ​ന്നാ​ൻ ചേ​ട്ട​ൻ ഇ​ത് തി​രു​ത്തി. ധ​നു​വി​ൽ ന​ട്ടാ​ൽ ധ​നം​കൊ​യ്യാം എ​ന്നാ​ണ് യോ​ഹ​ന്നാ​ന്‍റെ വേ​ർ​ഷ​ൻ. ഡി​സം​ബ​ർ പ​കു​തി​യോ​ടെ ആ​രം​ഭി​ക്കു​ന്ന ചേ​ന ന​ടീ​ൽ ജ​നു​വ​രി പ​കു​തി​ക്കു​മു​ന്പ് യോ​ഹ​ന്നാ​നും സം​ഘ​വും പൂ​ർ​ത്തി​യാ​ക്കും. അ​പ്പോ​ഴേ​ക്കും ആ​ദ്യം ന​ട്ട​യി​ട​ങ്ങ​ളി​ൽ ആ​ദ്യ വ​ള​മി​ട്ട് മൂ​ടാ​ൻ തു​ട​ങ്ങും. വ​യ​നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഓ​രോ ത​വ​ണ​യും വി​ത്തു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. ഒ​രു കി​ലോ ന​ട്ട വി​ത്ത് ചേ​ന അ​ഞ്ച് മു​ത​ൽ ആ​റു​കി​ലോ​വ​രെ വി​ള​വു​ത​രും.

ചേ​ന പ​റി​ച്ചു ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യ്ക്ക​കം​ത​ന്നെ എ​ല്ലാ കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ള​രി​യോ, കു​ന്പ​ള​മോ കൃ​ഷി​ചെ​യ്യും. ചേ​ന​യ്ക്ക് ന​ൽ​കി​യ വ​ളം മ​ണ്ണി​ലു​ള്ള​തു​കൊ​ണ്ട് പ്ര​ത്യേ​ക വ​ളം ഇ​വ​യ്ക്കാ​യി ന​ൽ​കേ​ണ്ട​തി​ല്ല. 55-60 ദി​വ​സം കൊ​ണ്ട് കാ​യ പൊ​ട്ടി​ച്ചു തു​ട​ങ്ങും. ഏ​താ​ണ്ട് ഒ​ന്ന​ര​മാ​സം വി​ള​വെ​ടു​പ്പ് നീ​ണ്ടു​നി​ൽ​ക്കും. തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച ഇ​ട​വേ​ള ക​ഴി​യു​ന്പോ​ഴേ​ക്കും വീ​ണ്ടും ചേ​ന​ക്കൃ​ഷി തു​ട​ങ്ങും.

വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ദി​ന​ച​ര്യ

76-ാം വ​യ​സി​ലും യോ​ഹ​ന്നാ​ൻ ചേ​ട്ട​ൻ പു​ല​ർ​ച്ചെ നാ​ലി​ന് എ​ഴു​ന്നേ​ൽ​ക്കും. തു​ട​ർ​ന്ന് കു​റ​ച്ചു​സ​മ​യം പ്രാ​ർ​ഥ​ന. പി​ന്നെ വ ്യാ​യാ​മം. അ​തു​ക​ഴി​ഞ്ഞ് കു​ളി. അ​പ്പോ​ഴേ​ക്കും ഭാ​ര്യ കൊ​ച്ചു​ത്രേ​സ്യ പ്രാ​ത​ൽ റെ​ഡി​യാ​ക്കി​യി​ട്ടു​ണ്ടാ​കും. അ​തും​ക​ഴി​ച്ച് ഭ​ക്ഷ​ണ​വു​മാ​യി നേ​രെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക്. പി​ന്നെ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ കൃ​ഷി​യി​ട​ത്തി​ൽ​ത്ത​ന്നെ. വ​ര​ന്പ് വ​യ്ക്ക​ൽ, ത​ടം മൂ​ട​ൽ, പു​ല്ലു​പ​റി​ക്ക​ൽ തു​ട​ങ്ങി എ​ല്ലാ പ​ണി​ക​ളും ചെ​യ്യും. വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ കു​ളി​ച്ച് പ്രാ​ർ​ഥ​ന​യും ക​ഴി​ഞ്ഞ് അ​ത്താ​ഴം ക​ഴി​ച്ച് അ​ല്പ​സ​മ​യം ടി​വി​യും ക​ണ്ട് രാ​ത്രി 10ന് ​ഉ​റ​ക്കം. അ​പ്പ​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് ഇ​ള​യ മ​ക​നും 45 കാ​ര​നു​മാ​യ സെ​ബി​യും എ​പ്പോ​ഴും കൃ​ഷി​യി​ട​ങ്ങ​ളി​ലു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up