തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിൽക്കണമോയെന്ന കാര്യത്തിൽ നിർദേശം സമർപ്പിക്കാൻ യുഡിഎഫ് ഉപസമിതി രൂപീകരിക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചേർന്ന മുന്നണി യോഗത്തിലാണ് തീരുമാനം. എന്നാൽ ഉപസമിതിയിൽ ഉൾപ്പെടുത്തേണ്ട നേതാക്കൾ ആരൊക്കെയെന്ന് ഇന്നത്തെ യോഗം തീരുമാനിച്ചിട്ടില്ല.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തണുപ്പിക്കുന്നതിന്റെ ഭാഗമായി ഇതിന് കുറഞ്ഞ നികുതി ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും മദ്യവിൽപന സംബന്ധിച്ച് അന്തിമ തീരുമാനം യുഡിഎഫ് ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ നിർദ്ദേശങ്ങളും പുതിയ മദ്യനയവും വരാനിരിക്കുന്ന പ്രത്യേക യോഗത്തിൽ ചർച്ച ചെയ്യും.
പി.എം. ശ്രീയിൽ നിന്ന് ഇനി സർക്കാരിന് പിന്മാറാനാകില്ലെന്നാണ് മുന്നണിയിലെ ധാരണ. മുൻ ഇടതു സർക്കാർ ഇതിനായി കരാർ ഒപ്പിടുകയും ഫണ്ട് വാങ്ങുകയും ചെയ്തു. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് കാത്തിരിക്കുന്നുണ്ടെങ്കിലും പദ്ധതിയിൽ നിന്ന് പിന്മാറാൻ മുന്നണി സർക്കാരിനോട് ആവശ്യപ്പെടില്ല.
രണ്ടാം ഭൂപരിഷ്കരണം, സ്വകാര്യ നിക്ഷേപം, പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ നയം രൂപീകരിക്കുന്നതിനായി ഓണത്തിന് ശേഷം ഒരു ദിവസം നീളുന്ന വിശാല യുഡിഎഫ് യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. അതേസമയം നേതാക്കള്‍ക്ക് കാബിനറ്റ് റാങ്കോടെയുള്ള പദവിയിൽ അടുത്ത മാസം ഏഴിനകം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാണി സി. കാപ്പൻ, പി.ജെ. ജോസഫ്, എം.കെ. മുനീര്‍, ജി. ദേവരാജൻ എന്നിവരാണ് പരിഗണനയിൽ. ബോര്‍ഡ് കോര്പേറഷൻ വീതം വയ്പിന് കോണ്‍ഗ്രസ് ഘടകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്താണ് ചര്‍ച്ച.