കൊളംബോ: ലങ്കൻ പ്രീമിയർ ലീഗിൽ ഒത്തുകളിക്ക് ശ്രമിച്ചെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് താരം മൻജോത് കൽറ ശ്രീലങ്കയിൽ അറസ്റ്റിലായി. എൽപിഎൽ ഫ്രാഞ്ചൈസിയായ ജാഫ്ന കിംഗ്സിന്റെ സഹഉടമകളിൽ ഒരാളാണ് മൻജോത് കൽറ.
കായികരംഗത്തെ അഴിമതികളും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ലങ്കൻ പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് കൽറയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 31 വരെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് യുവരാജ് പുഷ്പ എന്ന മറ്റൊരു ഇന്ത്യൻ പൗരനെയും അറസ്റ്റിലായിട്ടുണ്ട്.
2018ൽ ഇന്ത്യ അണ്ടർ-19 ലോകകപ്പ് കിരീടം നേടുമ്പോൾ ഫൈനലിൽ സെഞ്ചുറി നേടി തിളങ്ങിയ താരമാണ് ഓപ്പണറായ മൻജോത് കൽറ. പിന്നീട് സ്പോർട്സ് ബിസിനസിലേക്ക് തിരിഞ്ഞ ഇയാൾ ഈ വർഷം ആദ്യമാണ് ജാഫ്ന കിംഗ്സ് ഫ്രാഞ്ചൈസിയുടെ നിക്ഷേപകനാകുന്നത്.
അതേസമയം വെള്ളിയാഴ്ച ആരംഭിച്ച ലങ്ക പ്രീമിയർ ലീഗിന്റെ സുഗമമായ നടത്തിപ്പിനെ ഈ അറസ്റ്റുകൾ ബാധിക്കില്ലെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ടൂർണമെന്റിന്റെ സുതാര്യത നിലനിർത്താൻ പൂർണ പ്രതിബദ്ധതയുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ വിഭാഗത്തിന് എല്ലാ സഹകരണവും നൽകുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.