കോരുത്തോട്: മുണ്ടക്കയം -കോരുത്തോട് റോഡിൽ പള്ളിപ്പടി ടൗണിന് സമീപം അപകട ഭീഷണി ഉയർത്തി വൻ മരം. ബാങ്കുപടിക്ക് സമീപം നിൽക്കുന്ന ബദാം മരമാണ് അപകട ഭീഷണി ഉയർത്തുന്നത്.
ദിവസേന നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പ്രധാന പാതയുടെ വശത്താണ് മരം നിൽക്കുന്നത്. ചുവട്ടിലെ മണ്ണ് മാറിയ മരം ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മരം വെട്ടി നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരികളും ചേർന്ന് ഒപ്പിട്ട് പഞ്ചായത്തിൽ നിവേദനം നൽകിയിരുന്നു. നടപടിക്രമങ്ങൾക്ക് വേണ്ടി പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
മരം ഒടിഞ്ഞുവീണ് അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന ഈ മരം അടിയന്തരമായി വെട്ടി മാറ്റി നാട്ടുകാർക്കും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.