ലണ്ടൻ: യുകെയിലെ ലെസ്റ്റർ ലാസ്യ കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച "മധുരം മലയാളം' ക്ലാസിന്റെ ഉദ്ഘാടനം വർണാഭമായി നടന്നു. ലെസ്റ്ററിലെ മുഴുവൻ മലയാളി കുട്ടികൾക്കും മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും കഴിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലാസ്യ കലാകേന്ദ്ര ഈ ഭാഷാ പഠന കേന്ദ്രത്തിന് തുടക്കം കുറിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ലെസ്റ്റർ വൂഡ്ഗേറ്റ് കമ്യൂണിറ്റി സെന്ററിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെയുള്ള സദസിനെ സാക്ഷി നിർത്തി "മധുരം മലയാളം' സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ സി. എ. ജോസഫ് ഭദ്രദീപം തെളിച്ച് നിർവഹിച്ചു.
ലാസ്യ കലാകേന്ദ്ര ഡയറക്ടർ ശ്രീജിത്ത് മാടക്കത്ത് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, റീജിയണൽ കോഓർഡിനേറ്ററും ലോക കേരളസഭാംഗവുമായ ആഷിക്ക് മുഹമ്മദ് നാസർ, ഗീതു ശ്രീജിത്ത്, കൃഷ്ണപ്രസാദ്, ഗീത ലക്ഷ്മൺ എന്നിവർ ആശംസകൾ അർപ്പിച്ചു. അജേഷ് നായർ സ്വാഗതവും അനുപമ സ്മിജു നന്ദിയും പറഞ്ഞു.