ലോസ് ഏഞ്ചൽസ്: അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിലെ ആദ്യത്തെ മാർത്തോമ്മാ ദേവാലയമായ ലോസ് ഏഞ്ചൽസ് മാർത്തോമ്മാ ചർച്ച് സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനത്തിലേക്ക്.
1976ൽ 19 കുടുംബങ്ങളുമായി ആരംഭിച്ച ഇടവക ഇന്ന് 110 കുടുംബങ്ങളുള്ള സജീവ വിശ്വാസസമൂഹമായി വളർന്നിരിക്കുകയാണ്. ഒരു വർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് അസൂസ പസഫിക് യൂണിവേഴ്സിറ്റിയിലെ അപ്പർ ടർണർ സെന്ററിൽ നടക്കും.
മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ. ജെ. ശ്രീനിവാസ, വിവിധ സഹോദര സഭകളിലെ വൈദികർ, ഫുള്ളർ സെമിനാരിയിലെ ഡോ. ജോസ് എബ്രഹാം എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
"വിശ്വാസത്തിൽ വേരൂന്നി, കൃപയിൽ ഫലവൃഷ്ടിയോടെ" (Rooted in Faith, Flourishing in Grace) എന്ന സന്ദേശത്തോടെയാണ് ദേവാലയം സുവർണ ജൂബിലി വർഷം ആചരിക്കുന്നത്. കാലിഫോർണിയയിലെ ഗ്ലെൻഡോറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടവക ആത്മീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സേവനമാണ് നടത്തിവരുന്നത്.
സമീപപ്രദേശങ്ങളിലെ രണ്ട് ഇടവകകളുടെ മാതൃസ്ഥാനമായും ലാസ് വെഗാസ് പ്രാർത്ഥനാ കൂട്ടായ്മയുടെ പിന്തുണാകേന്ദ്രമായും ദേവാലയം പ്രവർത്തിക്കുന്നു.