ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ലോസ് ഏഞ്ചൽസ്: അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിലെ ആദ്യത്തെ മാർത്തോമ്മാ ദേവാലയമായ ലോസ് ഏഞ്ചൽസ് മാർത്തോമ്മാ ചർച്ച് സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനത്തിലേക്ക്.
1976ൽ 19 കുടുംബങ്ങളുമായി ആരംഭിച്ച ഇടവക ഇന്ന് 110 കുടുംബങ്ങളുള്ള സജീവ വിശ്വാസസമൂഹമായി വളർന്നിരിക്കുകയാണ്. ഒരു വർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് അസൂസ പസഫിക് യൂണിവേഴ്സിറ്റിയിലെ അപ്പർ ടർണർ സെന്ററിൽ നടക്കും.
മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ. ജെ. ശ്രീനിവാസ, വിവിധ സഹോദര സഭകളിലെ വൈദികർ, ഫുള്ളർ സെമിനാരിയിലെ ഡോ. ജോസ് എബ്രഹാം എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
"വിശ്വാസത്തിൽ വേരൂന്നി, കൃപയിൽ ഫലവൃഷ്ടിയോടെ" (Rooted in Faith, Flourishing in Grace) എന്ന സന്ദേശത്തോടെയാണ് ദേവാലയം സുവർണ ജൂബിലി വർഷം ആചരിക്കുന്നത്. കാലിഫോർണിയയിലെ ഗ്ലെൻഡോറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടവക ആത്മീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സേവനമാണ് നടത്തിവരുന്നത്.
സമീപപ്രദേശങ്ങളിലെ രണ്ട് ഇടവകകളുടെ മാതൃസ്ഥാനമായും ലാസ് വെഗാസ് പ്രാർത്ഥനാ കൂട്ടായ്മയുടെ പിന്തുണാകേന്ദ്രമായും ദേവാലയം പ്രവർത്തിക്കുന്നു.

വികാരി റവ. തോമസ് ബി. കറ്റാനം, ജനറൽ കൺവീനർമാരായ ബിന്ദു തോമസ്, പരേതനായ ജേക്കബ് എ. മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി ഭാരവാഹികൾ ജൂബിലി ആഘോഷങ്ങൾ ഏകോപിപ്പിക്കുന്നു.
ഓഗസ്റ്റ് ഒമ്പതിന് ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നൽകും.
സ്തോത്രാരാധന, 50 വർഷത്തെ വിശ്വാസയാത്രയുടെ അനുസ്മരണം, സാംസ്കാരിക പരിപാടികൾ, സ്ഥാപക അംഗങ്ങളെയും മുതിർന്നവരെയും ആദരിക്കൽ, സ്മരണിക പ്രകാശനം, സൗഹൃദസംഗമം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. സുവർണ ജൂബിലിയോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പദ്ധതികളും ഇടവക നടപ്പിലാക്കുന്നുണ്ട്.
നാല് നഴ്സിംഗ് വിദ്യാർഥികൾക്ക് സമ്പൂർണ വിദ്യാഭ്യാസസഹായം, 50 ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം, രണ്ട് യുവതികൾക്ക് വിവാഹസഹായം, ഒരു ചാപ്പൽ നിർമ്മാണത്തിന് പിന്തുണ, മൂന്ന് ഭവനങ്ങളുടെ നിർമ്മാണസഹായം, ഭദ്രാസന മിഷൻ പ്രവർത്തനങ്ങൾക്കും പ്രാദേശിക ജീവകാരുണ്യ സംഘടനകൾക്കും പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ദൈവത്തിന്റെ വിശ്വസ്തതയുടെ അൻപത് വർഷങ്ങൾക്ക് നന്ദി അർപ്പിക്കുന്ന ഈ സുവർണ ജൂബിലി ആഘോഷങ്ങളിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹോദര ഇടവകകളെയും സമൂഹത്തിലെ എല്ലാ അഭ്യുദയകാംക്ഷികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Tags : MarThomaChurch LosAngeles GoldenJubilee 50Years