തിരുവനന്തപുരം: അടുത്തവർഷം നടത്താനിരുന്ന സൂര്യയുടെ സുവർണ ജൂബിലി ആഘോഷം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാതെയാണ് കൃഷ്ണമൂർത്തിയുടെ അവിചാരിതമായ മടക്കം. 49-ാമത് സൂര്യമേള ആരംഭിക്കും മുന്പുതന്നെ സുവർണജൂബിലി എങ്ങനെ അതിവിപുലമായി ആഘോഷിക്കണമെന്ന് കൃഷ്ണമൂർത്തി വിഭാവനം ചെയ്തിരുന്നു.
49-ാമത് സൂര്യ മേളയ്ക്കു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സൂര്യയുടെ ആത്മതാളമായ കൃഷ്ണമൂർത്തി വിടവാങ്ങിയത്. അതും സൂര്യയുടെ പരിപാടികൾ ആരംഭിക്കുന്ന കൃത്യം വൈകുന്നേരം 6.45ന്.
സൂര്യാമേളയിൽ വൈകുന്നേരം കൃത്യം 6.45നുതന്നെ കലാ പരിപാടികൾ ആരംഭിക്കണമെന്ന് കൃഷ്ണമൂർത്തിക്കു വലിയ നിർബന്ധമുണ്ടായിരുന്നു. 49 വർഷത്തെ സൂര്യാമേളയുടെ ചരിത്രത്തിൽ ഒരിക്കൽപോലും ഈ പതിവു തെറ്റിയിട്ടില്ല.
49-ാമത് സൂര്യമേളയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത് ഒക്ടോബർ ഒന്നിന് വൈകുന്നേരം 6.45നാണ്. ഉദ്ഘാടന സന്ധ്യയിൽ ആദ്യം നടി ശോഭനയുടെ ഭരതനാട്യമാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ, ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ശോഭനയ്ക്കു ഉദ്ഘാടന ദിവസം എത്താൻ കഴിയില്ലെന്ന് ഇന്നലെ സൂര്യയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിപ്പു വന്നിരുന്നു. അതിനാൽ കെ.എസ്. ഹരിശങ്കറിന്റെ കർണാടക സംഗീത കച്ചേരി ആണ് എന്നും അറിയിച്ചിരുന്നു. ശോഭന മറ്റൊരു ദിവസം സൂര്യ വേദിയിൽ ഭരതനാട്യം അവതരിപ്പിക്കും എന്ന വാർത്തയും വന്നിരുന്നു.