പരിപാടിയിൽ നിന്ന്
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് - കാരൾട്ടൺ ഇടവകയുടെ 50-ാമത് വാർഷിക സുവർണ ജൂബിലി (1976 - 2026) ആഘോഷങ്ങളും പുതിയ ദേവാലയത്തിന്റെയും മൾട്ടിപർപ്പസ് ഹാളിന്റെയും തറക്കല്ല് വാഴ്വ് ശുശ്രൂഷയും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച വിശുദ്ധ ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മുഖ്യകാർമികത്വം വഹിച്ചു.
ഇടവകയുടെ 50 വർഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ചടങ്ങിൽ സഭയിലെ വൈദികർ, വിവിധ ഇടവകകളുടെ പ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, വിശ്വാസികൾ തുടങ്ങി വലിയ ജനപങ്കാളിത്തം ഉണ്ടായി.
സഭാ ഗായകസംഘത്തിന്റെ ദൈവസ്തുതികളോടെയും വർണാഭമായ ഘോഷയാത്രയോടെയും ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന വിശുദ്ധ ആരാധനയ്ക്ക് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് സ്വാഗതം ആശംസിച്ചു.

ഇടവക സെക്രട്ടറി ജൂബി അലക്സാണ്ടർ, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിലായി കാരൾട്ടൺ മാർത്തോമ്മാ ഇടവക കൈവരിച്ച വളർച്ചയും സേവനപ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന റിപ്പോർട്ട് അവതരിപ്പിച്ചു.
സുവർണ ജൂബിലിയുടെ ഭാഗമായി സഭാ ഗായകസംഘം പ്രത്യേക വാർഷിക ഗാനം ആലപിക്കുകയും, ജൂബിലി സ്മാരക ടി-ഷർട്ടിന്റെ പ്രകാശനവും നടത്തുകയും ചെയ്തു.
ചടങ്ങിൽ സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ. റോബിൻ വർഗീസ്, ഡാളസ് കെഇസിഎഫ് പ്രസിഡന്റ് റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ, മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) വികാരി റവ. അബ്രഹാം വി. സാംസൺ, സണ്ണിവെയിൽ മേയർ സജി ജോർജ്, കാരൾട്ടൺ മേയർ സ്റ്റീവ് ബാബിക്ക് എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് പുതിയ ദേവാലയത്തിന്റെയും അനുബന്ധ മൾട്ടിപർപ്പസ് ഹാളിന്റെയും തറക്കല്ലുകൾ മെത്രാപ്പോലീത്ത ആശീർവദിച്ച് വാഴ്വ് ശുശ്രൂഷ നിർവഹിച്ചു. വിശ്വാസസമൂഹത്തിന്റെ അർപ്പണബോധവും ഭാവിയിലേക്കുള്ള ആത്മവിശ്വാസപൂർണമായ കാൽവയ്പ്പുമാണ് ഈ സംരംഭമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
ഇടവക വൈസ് പ്രസിഡന്റ് വർക്കി എം. ജേക്കബ് നന്ദിപ്രസംഗം നടത്തി. സമാപന പ്രാർഥനയും മെത്രാപ്പോലീത്തയുടെ ആശീർവാദവും കൈമുത്തും തുടർന്ന് ചടങ്ങുകൾ സമാപിച്ചു.
Tags : Dallas GoldenJubilee MarThomaParish