റവ.ഫാ. ബൈജു ഈപ്പൻ സംസാരിക്കുന്നു
ഡാളസ്: മലങ്കര മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ മാർത്തോമ്മാ, സിഎസ്ഐ, സിഎൻഐ സഭകൾ സംയുക്തമായി ആചരിക്കുന്ന ഐക്യ പ്രാർഥനാ ദിനം നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ ഇടവകകളിൽ ഭക്തിനിർഭരമായി ആചരിച്ചു.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടവകകളിൽ പ്രാർഥനാ ദിനം വിജയകരമായി സംഘടിപ്പിച്ചത്.
"മനസ് പുതുക്കി രൂപാന്തരപ്പെടുവിൻ' (റോമർ 12:2) എന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു പ്രാർഥനാ ശുശ്രൂഷകൾ ക്രമീകരിച്ചിരുന്നത്.
ബാഹ്യമായ മാറ്റങ്ങളിൽ മാത്രം ഒതുങ്ങാതെ, ദൈവവചനത്തിലേക്കുള്ള മടങ്ങിവരവിലൂടെയും പ്രാർഥനാജീവിതത്തിലൂടെയും സഭയെയും വിശ്വാസികളെയും നവീകരിക്കുക എന്ന ശക്തമായ സന്ദേശമാണ് ദിനാചരണം നൽകിയത്.
മലങ്കര മാർത്തോമ്മാ സുറിയാനി സഭ, സിഎസ്ഐ, സിഎൻഐ എന്നീ സഭകൾ ചേർന്നുള്ള "കമ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ' (സിസിഐ) കൂട്ടായ്മയും ശുശ്രൂഷയും സഭകളുടെ പരസ്പര ഐക്യത്തിന്റെയും സഹകരണത്തിന്റെയും വലിയൊരു സാക്ഷ്യമാണെന്ന് വിവിധ ഇടവകകളിൽ നിന്നുള്ള പ്രഭാഷകർ ഓർമിപ്പിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾ മാർത്തോമ്മാ ചർച്ചിൽ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ ഡാളസ് സിഎസ്ഐ ഇടവക വികാരി റവ.ഫാ. ബൈജു ഈപ്പൻ മുഖ്യ സന്ദേശം നൽകി.
ആരാധന കേവലം കാഴ്ചക്കാരുടെ ഒത്തുകൂടലല്ലെന്നും മറിച്ച് ദൈവവചനത്തിലൂടെയുള്ള ആത്മപരിശോധനയ്ക്കും ആത്മീയ നവീകരണത്തിനുമുള്ള അവസരമായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സെന്റ് പോൾ മാർത്തോമ്മാ വികാരി റവ. രജിൻ രാജു സ്വാഗതവും ഇടവക സെക്രട്ടറി സോജി സ്കറിയാ നന്ദിയും പറഞ്ഞു. ഐക്യ ഞായറാഴ്ചയോടനുബന്ധിച്ച് നോർത്ത് അമേരിക്കയിലെ എല്ലാ ഇടവകകളിലും പ്രത്യേക ആരാധനയും മധ്യസ്ഥ പ്രാർഥനയും നടന്നു.
സഭയുടെ ആത്മീയ പുതുക്കത്തിനും വളർച്ചയ്ക്കും വേണ്ടി വിശ്വാസികൾ ഒന്നടങ്കം പ്രാർഥനയിൽ പങ്കുചേർന്നു.
Tags : EcumenicalPrayerDay NorthAmerica MarThomaChurch CSIChurch CNIChurch EcumenicalPrayer