പരിപാടിയിൽ നിന്ന്
കുവൈറ്റ് സിറ്റി: പ്രവാസികൾ നേരിടുന്ന വിവിധ നിയമപ്രശ്നങ്ങൾക്ക് മാർഗനിർദേശങ്ങളും നിയമസഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ലീഗൽ സെൽ (പിഎൽസി) കുവൈറ്റ് ചാപ്റ്ററും ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്റ്റേർഡ് അസോസിയേഷൻസ് കുവൈറ്റും (ഫിറ കുവെെറ്റും) സംയുക്തമായി മൂന്നാമത് സൗജന്യ ലീഗൽ ക്ലിനിക് സംഘടിപ്പിച്ചു.
നിരവധി പ്രവാസി ഇന്ത്യക്കാർ ലീഗൽ ക്ലിനിക്കിൽ പങ്കെടുത്തു. അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഓപ്പറേഷൻസ് മാനേജർ സുബൈർ ഉദ്ഘാടനം ചെയ്തു. പിഎൽസി കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷൈജിത്ത് സ്വാഗതം ആശംസിച്ചു. പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളും നിയമസഹായ പദ്ധതികളും പിഎൽസി കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് വിശദീകരിച്ചു. കുവൈറ്റ് അഭിഭാഷകൻ അഡ്വ. ഡോ. തലാൽ താക്കി മുഖ്യപ്രഭാഷണം നടത്തി.
കുവൈറ്റിലെ നിയമവ്യവസ്ഥ, പ്രവാസികളുടെ നിയമപരമായ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, തൊഴിൽ തർക്കങ്ങൾ, ശമ്പള കുടിശിക, തൊഴിൽ കരാറുകൾ, താമസരേഖകൾ, സിവിൽ നിയമപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നിയമപരമായ മാർഗനിർദേശങ്ങൾ നൽകി.

നിയമപരമായ അറിവില്ലായ്മയും ഭാഷാപരമായ പരിമിതികളും മൂലം പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനും നിയമാവബോധം വർധിപ്പിക്കുന്നതിനും ഇത്തരം സൗജന്യ നിയമസഹായ സംരംഭങ്ങൾ സഹായകരമാണെന്ന് സംഘാടകർ വ്യക്തമാക്കി.
അൽ നഹീൽ ക്ലിനിക് മാർക്കറ്റിംഗ് ഹെഡ് അസ്സലാം, ഫിറ കുവൈറ്റ് ജനറൽ സെക്രട്ടറി ചാൾസ് ജോർജ്, പിഎൽസി ഗ്ലോബൽ വനിതാ കോഓർഡിനേറ്റർ ഷൈനി ഫ്രാങ്ക് എന്നിവർ ആശംസകൾ നേർന്നു. പിഎൽസി കുവൈറ്റ് ചാപ്റ്റർ ട്രഷറർ രാജേഷ് ഗോപി നന്ദി പ്രകാശിപ്പിച്ചു.
പ്രവാസികളുടെ നിയമപരമായ അവകാശസംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമായി ഇത്തരം നിയമസഹായ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Tags : LegalClinic Kuwait Expatriates LegalAid PLC FIRA Kuwait