International
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പാർപ്പിട സമുച്ചയത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. അപകടത്തിൽ നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ഇവരെ അതിസാഹസികമായാണ് അഗ്നിശമനസേനാംഗങ്ങൾ പുറത്തെത്തിച്ചത്.
ജാബ്രിയയിൽ ശനിയാഴ്ച വൈകുന്നേരമാണ് മൂന്നുനില പാർപ്പിട സമുച്ചയത്തിന്റെ മേൽക്കൂര തകർന്നുവീണത്. ഹവല്ലി, സാൽമിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള പ്രത്യേക രക്ഷാപ്രവർത്തക സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കെട്ടിടത്തിൽ കുടുങ്ങിക്കിടന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം മുൻകരുതലിന്റെ ഭാഗമായി താമസക്കാരെ മുഴുവൻ ഒഴിപ്പിച്ച് ഉദ്യോഗസ്ഥർ കെട്ടിടം പൂർണമായും സുരക്ഷിതമാക്കി. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് ഫയർ ഫോഴ്സ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
മേൽക്കൂര തകരാൻ ഇടയാക്കിയ സാങ്കേതിക കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി അപകടസ്ഥലം പിന്നീട് ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകൾക്ക് കൈമാറി. വലിയൊരു ദുരന്ത ഒഴിവായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.
NRI
കുവൈറ്റ് സിറ്റി: മലയാളി യുവാവിനെ അബ്ബാസിയയിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. രാജപുരം കൊട്ടോടിയിലെ അനന്തകൃഷ്ണനെയാണ് (29) മരിച്ചനിലയിൽ കണ്ടെത്തിയത്.
വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. അടുത്തദിവസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.
കൊട്ടോടിയിലെ കെ. ചന്ദ്രൻ - ഗംഗ ദമ്പതികളുടെ മകനാണ്. സഹോദരൻ: അജയ് കൃഷ്ണൻ.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Kerala
രാജപുരം: മലയാളി യുവാവിനെ കുവൈറ്റിലെ അബ്ബാസിയയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം കൊട്ടോടിയിലെ അനന്തകൃഷ്ണനെ (29) യാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുവൈത്തിലെ ഒരു വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. അടുത്തദിവസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. കൊട്ടോടിയിലെ കെ. ചന്ദ്രന്റെയും ഗംഗയുടെയും മകനാണ്.
സഹോദരൻ: അജയ് കൃഷ്ണൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
International
കുവൈത്ത് സിറ്റി: മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്. ഇറാന്റെ ഇത്തരം നടപടികൾ മേഖലയുടെ സ്ഥിരതയ്ക്ക് ഭംഗം വരുത്തുമെന്നും അയൽരാജ്യങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്രസഭയും സുരക്ഷാ കൗൺസിലും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കണമെന്ന് കുവൈത്ത് ഔദ്യോഗിക പ്രസ്താവനയിൽ ഓർമിപ്പിച്ചു. മേഖലയിലെ നിലവിലെ ഉത്കണ്ഠാഭരമായ സാഹചര്യങ്ങളെ രാജ്യം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
NRI
കുവൈറ്റ് സിറ്റി: റാന്നി പ്രവാസി സംഘം കുവൈറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയയിലെ നയനം ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ പ്രസിഡന്റ് അനിൽ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് മണിമലേത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ ഫിലിപ്പ് വർഗീസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് സംഘടനയെ നയിക്കുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് പ്രസിഡന്റ് അനിൽ ചാക്കോ നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ
പാട്രൺ: അഡ്വ. പഴകുളം മധു എംഎൽഎ, വൈസ് പാട്രൺ: അനി സ്റ്റീഫൻ, എക്സിക്യൂട്ടീവ് വൈസ് പാട്രൺ: ജോയൽ ജേക്കബ്.
പ്രസിഡന്റ്: റോണി വർഗീസ്, വൈസ് പ്രസിഡന്റ്: ജോൺ സേവ്യർ, ജനറൽ സെക്രട്ടറി: ഷിജോ തോമസ്, ജോയിന്റ് സെക്രട്ടറി: മജോ മാത്യു, ട്രഷറർ: ടോണി പോത്തൻ, ജോയിന്റ് ട്രഷറർ: ജോജോ മംഗലവീട്ടിൽ, ലേഡി സെക്രട്ടറി: സ്നേഹ ഫിലിപ്പ്, ജനറൽ കൺവീനർ: റിനു കണ്ണാടിക്കൽ, ജോയിന്റ് കൺവീനർ: മാത്യു ജെയ്സ്, എക്സ്-ഓഫീഷ്യോ: പ്രദീപ് മണിമലേത്ത്, മീഡിയ കോ-ഓർഡിനേറ്റർ: മോനു വേലമേപ്പുറത്ത്, ഓഡിറ്റർമാർ: എബി അത്തിക്കയം, ടിബി മാത്യു.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളെയും യോഗം അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്ന് യോഗം സമാപിച്ചു.
NRI
കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈറ്റ് 2026-27 കാലയളവിലേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബ്ബാസിയ സംസം ഹാളിൽ കെഡിഎൻഎ പ്രസിഡന്റ് സന്തോഷ് പുനത്തിലിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
കെഡിഎൻഎ വൈസ് പ്രസിഡന്റുമാരായ അസീസ് തിക്കോടി, ടി.എം. പ്രജു, ഷിജിത്ത് ചിറയ്ക്കൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, വുമൺസ് ഫോറം ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
2024-26 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ശ്യാം പ്രസാദും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ മൻസൂർ ആലക്കലും അവതരിപ്പിച്ചു.
കെഡിഎൻഎ വൈസ് പ്രസിഡന്റ് അസീസ് തിക്കോടി നിരീക്ഷകനായി 2026-27 കാലയളവിലേക്കുള്ള കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ: ഇല്യാസ് തോട്ടത്തിൽ (പ്രസിഡന്റ്), ഉബൈദ് ചക്കിട്ടക്കണ്ടി, തുളസീധരൻ തോട്ടക്കര, രാമചന്ദ്രൻ പെരിങ്ങോളം (വൈസ് പ്രസിഡണ്ടുമാർ), ശ്യാം പ്രസാദ് (ജനറൽ സെക്രട്ടറി), ഷൗക്കത്ത് ആർ.എൻ (ജോ. സെക്രട്ടറി), എം.പി അബ്ദുറഹ്മാൻ (ട്രഷറർ), പ്രത്യുമ്നൻ മൂടാട്ട് (ജോ. ട്രഷറർ)
ടി.എം. പ്രജു (സെക്രട്ടറി - മെമ്പർഷിപ്പ്), ഹമീദ് പാലേരി (ജോ. സെക്രട്ടറി - മെമ്പർഷിപ്പ്), മൻസൂർ ആലക്കൽ (സെക്രട്ടറി - മീഡിയ, ഡാറ്റ, ഐടി), വിജേഷ് വേലായുധൻ (സെക്രട്ടറി - മെഡിക്കൽ വിംഗ്), ഹനീഫ കുറ്റിച്ചിറ (സെക്രട്ടറി - ചാരിറ്റി & വെൽഫെയർ), റാഫി കല്ലായി (സെക്രട്ടറി - ആർട്സ്), പി.എസ്. ഷമീർ (സെക്രട്ടറി - സ്പോർട്സ്), അസീസ് തിക്കോടി (ഓഡിറ്റർ),
അഡ്വൈസറി ബോർഡ് അംഗങ്ങളായി കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, സുരേഷ് മാത്തൂർ, സന്തോഷ് പുനത്തിൽ എന്നിവരെയും കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായി എം.പി. സുൽഫിക്കർ, ഷിജിത് കുമാർ, അബ്ദുൾ റൗഫ്, ഷാജഹാൻ കളത്തിൽ, അനസ് പുതിയോട്ടിൽ, വി.എ. ഷംസീർ, സമീർ വെള്ളയിൽ എന്നിവരെയും തെരഞ്ഞെടുത്തു.
International
കുവൈത്ത് സിറ്റി: വ്യക്തിഗത ആവശ്യത്തിന് മദ്യം കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് കുവൈത്ത് കോടതി. വിൽപ്പനയ്ക്കായി 12 കുപ്പി വിദേശമദ്യം കൈവശം വച്ചെന്ന കേസിൽ കുവൈത്ത് സ്വദേശിയെ മിസ്ഡിമീനർ കോടതി കുറ്റവിമുക്തനാക്കി.
പിടിച്ചെടുത്ത മദ്യം വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇത് സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചതാണെന്ന പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതി മദ്യം വിൽക്കാൻ ശ്രമിക്കുകയോ ആർക്കെങ്കിലും വിതരണം ചെയ്യുകയോ ചെയ്തതായി തെളിയിക്കാൻ കേസ് ഡയറിയിൽ യാതൊരുവിധ അന്തിമ തെളിവുകളുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതി എന്തിനാണ് മദ്യം കൈവശം വച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് പ്രോസിക്യൂഷൻ ഹാജരാക്കിയ രണ്ട് സാക്ഷികളും മൊഴി നൽകിയത്. ഇയാൾ മദ്യം വിൽക്കുന്നതോ കൈമാറുന്നതോ പണം വാങ്ങുന്നതോ ആരും കണ്ടിട്ടില്ല. മാത്രമല്ല, പിടിച്ചെടുത്ത മദ്യം പ്രതി സ്വന്തം ആവശ്യത്തിനായി സൂക്ഷിച്ചതാണെന്നാണ് പോലീസ് അന്വേഷണത്തിലും വ്യക്തമായത്.
അന്വേഷണ ഘട്ടത്തിലും കോടതിയിലും താൻ മദ്യം വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പ്രതി ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. കേവലം സംശയങ്ങളുടെയോ അനുമാനങ്ങളുടെയോ അടിസ്ഥാനത്തിൽ ഒരാളെ ക്രിമിനൽ കേസിൽ ശിക്ഷിക്കാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. ക്രിമിനൽ കേസുകളിലെ വിധികൾ സംശയങ്ങൾക്കും ഊഹാപോഹങ്ങൾക്കും അപ്പുറം കൃത്യമായ തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ (ഫോർ) ബുധനാഴ്ച മുതൽ ഭാഗികമായി പ്രവർത്തിക്കും. വ്യോമഗതാഗതം ഘട്ടങ്ങളായി സാധാരണ നിലയിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
അറബ് രാജ്യങ്ങളുടെയും മറ്റ് അന്താരാഷ്ട്ര വിമാനക്കമ്പനികളുടെയും സർവീസുകൾക്കായി ടെർമിനൽ തുറന്നുനൽകുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അറിയിച്ചു.
ദിവസേന പുലർച്ചെ നാല് മുതൽ രാത്രി 10 വരെ മാത്രമായിരിക്കും വിമാന സർവീസുകൾ അനുവദിക്കുക. ആദ്യ ഘട്ടത്തിൽ ഓരോ വിമാനക്കമ്പനിക്കും ഓരോ സർവീസ് വീതം നടത്താനാണ് അനുമതി നൽകുക.
സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി 50 ചെക്ക്-ഇൻ കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇമിഗ്രേഷൻ, സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ എന്നിവ പൂർണ തോതിൽ പ്രവർത്തനക്ഷമമാക്കും.
ഗ്രൗണ്ട് സർവീസ് കമ്പനികളുമായി ഏകോപിപ്പിച്ചാണ് വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. എയർ കാർഗോ, സ്വകാര്യ വ്യോമയാന സർവീസുകൾ എന്നിവ തടസമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു.
വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-സാൽമി ഏരിയയിലെ സ്ക്രാപ്പ് യാർഡിൽ വൻ തീപിടിത്തം. സംഭവം അറിഞ്ഞ് കുതിച്ചെത്തിയ അഗ്നിശമന കൃത്യമായ ഇടപെടലുകളിലൂടെ തീ നിയന്ത്രണവിധേയമാക്കി.
അപകടത്തിൽ പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സ്ക്രാപ്പ് യാർഡിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തീ പടർന്നുപിടിച്ചത്.
തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ സമീപ പ്രദേശങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഒന്നിലധികം അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
വേനൽക്കാലത്തെ കഠിനമായ ചൂട് കാരണം ഇത്തരം സ്ക്രാപ്പ് യാർഡുകളിൽ തീപിടിത്തത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും അറിയുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കുവൈറ്റ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിൽ വീണ്ടും ഇറാന്റെ ആക്രമണം. ബഹ്റിനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കാമ്പുകൾ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ജോർദാനിലും മിസൈൽ ആക്രമണമുണ്ടായി.
അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. ജോർദാനിലെ അൽ-അസ്റാഖ് വ്യോമതാവളം മാത്രം ലക്ഷ്യമിട്ട് 12 ബാലിസ്റ്റിക് മിസൈൽ തൊടുത്തെന്നും ഇതിൽ പലതും ലക്ഷ്യം കണ്ടെന്നുമാണ് ഇറാന്റെ അവകാശവാദം. വ്യോമതാവളത്തിന് കനത്ത നാശമുണ്ടായെന്നാണ് വിവരം.
ഇറാന്റെ ആക്രമണം ഉണ്ടായെന്നും ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിച്ചെന്നും കുവൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ കുവൈറ്റ് വ്യോമപാത താത്ക്കാലികമായി അടച്ചു.
അതേസമയം യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഹോര്‍മൂസ് അടച്ചുവെന്ന ഇറാന്റെ വാദം വ്യാജമാണെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം. വാണിജ്യ കപ്പലുകള്‍ ഇപ്പോഴും ഇതുവഴി കടന്നുപോകുന്നുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. യുഎസ് യുദ്ധക്കപ്പല്‍ ഹോര്‍മൂസില്‍ ആക്രമിക്കപ്പെട്ടുവെന്ന ഇറാനിയന്‍ മാധ്യമ റിപ്പോര്‍ട്ടും അമേരിക്ക തള്ളി.
International
കുവൈറ്റ് സിറ്റി: ഇറാനും അമേരിക്കയും പരസ്പരം ആക്രമണം തുടരുന്നു. ഇന്നലെ ഇറാൻ തൊടുത്ത ഡ്രോണുകൾ വെടിവച്ചിട്ടശേഷം അവരുടെ റഡാർ സംവിധാനം ആക്രമിച്ചു നശിപ്പിച്ചതായി അമേരിക്കൻ സേന അറിയിച്ചു. ഇതിനു മറുപടിയായി ഇറാനിലെ വിപ്ലവഗാർഡുകൾ കുവൈത്തിലെയും ബഹ്റിനിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ വിക്ഷേപിച്ചു.
ഹോർമുസ് കടലിടുക്കിലേക്ക് ഇറാൻ നാലു ഡ്രോണുകൾ പ്രയോഗിച്ചതിനെത്തുടർന്നാണ് ആക്രമണം വേണ്ടിവന്നതെന്ന് അമേരിക്കൻ സേന പറഞ്ഞു. ഹോർമുസിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലുകളെയാണ് ഇറേനിയൻ ഡ്രോണുകൾ ലക്ഷ്യമിട്ടതെന്നു സൂചനയുണ്ട്. ഇറാൻ ഇത്തരം ആക്രമണങ്ങൾ തുടരുന്നത് തടയാനായി ഹോർമുസ് കടലിടുക്കിലെ ദ്വീപുകളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ റാഡാറുകൾ നശിപ്പിച്ചതായും അമേരിക്കൻ സേനയുടെ അറിയിപ്പിൽ പറയുന്നു.
ഇതിനു പിന്നാലെ കുവൈറ്റിലെ രണ്ട് യുഎസ് വ്യോമതാവളങ്ങളിലേക്കും ബഹറിനിലെ യുഎസ് നാവികതാവളത്തിലേക്കും ഇറാൻ മിസൈലുകൾ തൊടുത്തു. ഇവ ലക്ഷ്യം കണ്ടുവെന്നാണ് വിപ്ലവഗാർഡ് അവകാശപ്പെട്ടത്. എന്നാൽ, ഇറാൻ ഏഴു മിസൈലുകളാണ് തൊടുത്തതെന്നും ഇതിൽ ആറെണ്ണം വെടിവച്ചിട്ടെന്നും ഏഴാമത്തേത് ലക്ഷ്യം കാണാതെ തകർന്നതായും യുഎസ് സേന അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നിൽ അമേരിക്കയാണെന്നാണ് ഇറാന്റെ ആരോപണം.
ഇതിനിടെ, മധ്യസ്ഥചർച്ചകൾക്കായി പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ഇന്നലെ ഇറാനിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
അമേരിക്കയിൽ നവംബറിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപിനുമേൽ വലിയ സമ്മർദമുള്ളതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇറേനിയൻ നേതാക്കൾക്ക് കരുത്തും അഭിമാനവും കൂടുതലുള്ളതിനാലാണ് അവർ വെടിനിർത്തൽ ധാരണയ്ക്കു വഴങ്ങാത്തതെന്ന് ട്രംപ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഫുട്ബോൾ മത്സരത്തിനായി അമേരിക്ക ഇറേനിയൻ ടീമിന് വീസ അനുവദിച്ചു. വരുന്ന 15ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യമത്സരം.
NRI
കുവൈറ്റ് സിറ്റി: ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ സബാഹ്, ആഭ്യന്തര മന്ത്രി ഷെയ്ഖ് യൂസുഫ് അൽ ഫഹദ് അൽ സ്വബാഹ് എന്നിവർ സന്ദർശിച്ചു.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് എൻജിനീയർ ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ് ഒപ്പമുണ്ടായിരുന്നു.
International
കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ നിലപാട് കടുപ്പിച്ച് ജിസിസി രാജ്യങ്ങൾ. ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇറാനുമായുള്ള നയതന്ത്രം ബന്ധം അവസാനിപ്പിക്കാനാണ് കുവൈറ്റിന്റെ തീരുമാനം.
ഇറാനിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം കുവൈറ്റ് വിടാൻ നിർദേശം നൽകിയിട്ടുണ്ട്. കുവൈറ്റിന് നേരെ ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നയതന്ത്ര നടപടിയുമായി മുന്നോട്ടുപോകുന്നത്.
ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജിസിസി കൂട്ടായ്മയും രംഗത്തെത്തി. അതേസമയം ചർച്ചകൾ സ്തംഭിച്ചു നിൽക്കുന്നതിനിടെ അമേരിക്ക - ഇറാൻ സംഘർഷം മേഖലയിലേക്ക് വ്യാപിക്കുന്നതിന്റെ ആശങ്കിലാണ് ഗൾഫ് രാജ്യങ്ങൾ.
International
കുവൈറ്റ്: ഡ്രോൺ ആക്രമണത്തെ തുടർന്ന് നിർത്തിവച്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ടി1 ടെർമിനലിന് നേരെ ആയിരുന്നു ആക്രമണം.
സാങ്കേതിക വിദഗ്ധ സംഘങ്ങളും ബന്ധപ്പെട്ട അധികൃതരും നാശനഷ്ടങ്ങൾ വിലയിരുത്തി ആവശ്യമായ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് സർവീസുകൾ പുനരാരംഭിച്ചത്. യാത്രക്കാർ തങ്ങളുടെ വിമാന സമയവും യാത്രാ വിവരങ്ങളും സ്ഥിരീകരിക്കുന്നതിനായി നേരിട്ട് കുവൈറ്റ് എയർവേയ്സുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെ ആയിരുന്നു ആക്രമണം. വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പരമപ്രധാനമെന്നും വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും ഡിജിസിഎ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ മിതമായ നിരക്കിൽ ലഭ്യമാകുന്ന 10 വ്യത്യസ്ത ഹെൽത്ത് ചെക്കപ്പ് പാക്കേജുമായി ഫർവാനിയ മെട്രോ മെഡിക്കൽ കെയർ രംഗത്ത്. ഈ പ്രത്യേക ആരോഗ്യ പരിശോധനാ പാക്കേജുകൾ ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയാണ് ലഭ്യമാക്കിയിരിക്കുന്നത്.
ആധുനിക ജീവിതശൈലിയും ജോലി തിരക്കുകളും കാരണം പലരും ആരോഗ്യ പരിശോധനകൾ മാറ്റിവയ്ക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പല ഗുരുതര രോഗങ്ങളും ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പേ കണ്ടെത്താൻ കഴിയുമെന്ന ബോധ്യത്തോടെ, ആരോഗ്യ പരിശോധനകൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയുടെ പിന്നിൽ.
പ്രമേഹം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ, കരൾ സംബന്ധമായ അസുഖങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, വിറ്റാമിൻ കുറവ്, രക്തസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് വിവിധ പാക്കേജുകളിലായി ഉൾപ്പെടുത്തിയിരിക്കുന്നത്.
രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, ക്രിയാറ്റിനിൻ, എഎൽടി , കമ്പ്ലീറ്റ് ബ്ലഡ് കൌണ്ട്, ഇസിജി, തൈറോയ്ഡ് പ്രൊഫൈൽ, യൂറിൻ അനാലിസിസ് തുടങ്ങിയ പ്രധാന പരിശോധനകൾ വളരെ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നു.
NRI
കുവൈറ്റ് സിറ്റി: 12-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് കുവൈറ്റിൽ തുടക്കമായി. കുവൈറ്റിലെ ഇന്ത്യൻ എംബസി "ഇന്ത്യൻ ഡെന്റിസ്റ്റ് അലയൻസ് ഇൻ കുവൈറ്റ്', "കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഹെൽത്ത്' എന്നിവയുമായി സഹകരിച്ച് ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ യോഗാ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
"ആരോഗ്യകരമായ വാർധക്യത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയം. പ്രായഭേദമന്യേ എല്ലാ ജനങ്ങളുടെയും ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് യോഗ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വർക്ക്ഷോപ്പിൽ വിദഗ്ധർ വിശദീകരിച്ചു.
NRI
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് പുതിയ നാഷണൽ കമ്മിറ്റി ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. കെപിസിസിയുടെ മേൽനോട്ടത്തിൽ പുനഃസംഘടിപ്പിച്ച യൂത്ത് വിംഗ് കമ്മിറ്റി കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് രൂപീകരിച്ചിരിക്കുന്നത്.
11 വർഷമായി കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ യൂത്ത് വിംഗ് പുതിയ നേതൃത്വത്തിൽ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
അബ്ബാസിയയിലെ സം സം റസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ചു. ചടങ്ങ് ഒഐസിസി നാഷണൽ പ്രസിഡന്റ് സാമുവേൽ കാട്ടൂർകളീക്കൽ ഉദ്ഘാടനം ചെയ്തു.
കല, കായികം, ജീവകാരുണ്യം, സാമൂഹിക സേവനം എന്നീ മേഖലകളിൽ യൂത്ത് വിംഗ് നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും പുതിയ കമ്മിറ്റി കുവൈറ്റിലെ മുൻനിര യുവജന സംഘടനയായി യൂത്ത് വിംഗിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യൂത്ത് വിംഗിന്റെ ചുമതലയുള്ള നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോബിൻ ജോസ്, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇല്ലിയാസ് പുതുവാച്ചേരി, നാഷണൽ കമ്മിറ്റി ട്രഷറർ സൂരജ് കണ്ണൻ, നാഷണൽ കമ്മിറ്റി സെക്രട്ടറി റെജി കൊരുത്, കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലിബിൻ മുഴക്കുന്ന്, കാസർകോഡ് ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി, ആലപ്പുഴ ജില്ലാ ട്രഷറർ വിജോ പി. തോമസ്, യൂസഫ് തൃശൂർ, ജോമോൻ കോട്ടവിള എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നേതാക്കൾ ചൂണ്ടിക്കാട്ടി. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കൂടുതൽ സജീവ സാന്നിധ്യമാകാൻ പുതിയ കമ്മിറ്റിക്ക് കഴിയട്ടെയെന്നും നേതാക്കൾ ആശംസിച്ചു.
പരിപാടികൾക്ക് യൂത്ത് വിംഗ് വൈസ് പ്രസിഡന്റുമാരായ ബോണി സാം മാത്യു, ശരത് കല്ലിങ്കൽ, ഷഫീർ മൂസ, സാം മാത്യു, ജനറൽ സെക്രട്ടറിമാരായ ആൽബിൻ കുമ്പളാനിക്കൽ, ജോബിൻ കുര്യാക്കോസ്, റോയ് ജോസഫ്, മുഹമ്മദ് ആഷിക്, ലിജിൽ മാത്യു, രല്ലു രാജു, ബേസിൽ, റോയ്, നിതിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
യോഗത്തിന് യൂത്ത് വിംഗ് ജനറൽ സെക്രട്ടറി അരുൺ ചന്ദ്രൻ സ്വാഗതവും ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദിയും രേഖപ്പെടുത്തി.
NRI
കുവൈറ്റ് സിറ്റി: ജലീബ് അൽ ഷുവൈഖിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഒരു അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. അൽ-സുമൂദ്, അർദിയ ഭാഗങ്ങളിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും പൊള്ളലേറ്റ അഞ്ചുപേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്ഥലം ബന്ധപ്പെട്ട അധികൃതരുടെ നിയന്ത്രണത്തിലാണ്. മരിച്ചവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സുരക്ഷാ- പ്രതിരോധ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.
NRI
കുവൈറ്റ് സിറ്റി: സ്റ്റുഡന്റ്സ് ഇന്ത്യ കുവൈറ്റ് ഷയ്മ അൽ ജാബർ മസ്ജിദിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
കെഐജി വൈസ് പ്രസിഡന്റ് പി.ടി. ഷരീഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് ഇന്ത്യ കുവൈറ്റ് കേന്ദ്ര കൺവീനർ കെ.വി. ഫൈസൽ അധ്യക്ഷനായി.
മികച്ച വിജയം നേടിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ വിദ്യാർഥികളായ അയ്മൻ മുഹമ്മദ് യൂനിസ് (100 ശതമാനം), മുഹമ്മദ് സുഹൈൽ (99.2 ശതമാനം), റൈഹാൻ റമീസ് (97.8 ശതമാനം) എന്നിവരെയാണ് അനുമോദിച്ചത്.
കെഐജി കേന്ദ്ര ട്രഷറർ പി.ടി. ഷാഫി, സ്റ്റുഡന്റ്സ് ഇന്ത്യ കുവൈറ്റ് കേന്ദ്ര സെക്രട്ടറി നിസാർ കെ. റഷീദ്, ഫർവാനിയ കെഐജി പ്രസിഡന്റ് ഹാഫിസ് പാടൂർ, അബ്ബാസിയ കെഐജി ഏരിയ പ്രസിഡന്റ് ഷാഅലി, കെഐജി കേന്ദ്ര കൂടിയാലോചന സമിതി അംഗങ്ങളായ പി.കെ. മനാഫ്, സി.കെ. നജീബ് എന്നിവർ ആശംസകൾ നേർന്നു.
സ്റ്റുഡന്റ്സ് ഇന്ത്യ കേന്ദ്ര സെക്രട്ടറി ഷെമീം, കേന്ദ്ര സമിതി അംഗങ്ങളായ ഇളയത് ഇടവ, ഫൈസൽ വടക്കേക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
NRI
കുവൈറ്റ് സിറ്റി: മലയാളി വിദ്യാർഥിനി കുവൈറ്റില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. എറണാകുളം പെരുമ്പാവൂര്‍ ചിറക്കര മുറ്റത്ത് ബിജു സി. മാണി - ലിബി ബിജു ദമ്പതികളുടെ മകള്‍ ഫെബ ബിജു മാണിയെയാണ് (14) മരിച്ചത്.
അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിനു സമീപം ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ്.
മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: അന്ന ബിജു. സംസ്കാരം പിന്നീട്.
NRI
കുവൈറ്റ് സിറ്റി: നീറ്റ് ചോദ്യപേപ്പർ ചോർച്ച - പ്രവാസി വിദ്യാർഥികൾ ദുരിതത്തിലാണെന്നും പ്രതികളെ കർശനമായി ശിക്ഷിക്കണമെന്ന് എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്.
22 ലക്ഷത്തിലധികം വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും ത്യാഗത്തെയും സ്വപ്നങ്ങളെയും തകർത്തു കളഞ്ഞ സംഭവമാണ് നീറ്റ് ചോദ്യ പേപ്പർ ചോർച്ച. ഒന്നിലധികം വർഷം ഈ പരീക്ഷയ്ക്കായി പഠിച്ച കുട്ടികളും പരീക്ഷ എഴുതിയിരുന്നു.
കുറ്റമറ്റരീതിയിൽ പരീക്ഷ നടത്താൻ സാധിക്കാത്ത എൻടിഎ ഉദ്യോഗസ്ഥരേയും പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരേയും സമഗ്ര അന്വേഷണം വഴി കണ്ടെത്തി കർശനമായി ശിക്ഷിക്കാൻ നടപടി സ്വീകരിക്കണം.
താമസമില്ലാതെ വീണ്ടും പരീക്ഷ നടത്തി പുതിയ അധ്യയന വർഷത്തിൽ ദിവസങ്ങൾ നഷ്ടപ്പെടാതെ റിസൽട്ട് പ്രഖ്യാപിക്കണം. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് കുറഞ്ഞ നിരക്കിൽ കുവൈറ്റിൽ നിന്ന് നാട്ടിലേക്കും അവിടെ നിന്നും ഇവിടേക്കും വിമാന ടിക്കറ്റ് ലഭ്യമല്ലാത്തത്, നാട്ടിലേക്ക് പോയ കുട്ടികൾക്ക് വീണ്ടും വന്ന് പരീക്ഷ എഴുതാൻ പ്രതിസന്ധി സൃഷ്ടിക്കും.
കേന്ദ്ര സർക്കാരിന്റെ വീഴ്ചമൂലമാണ് ഈ ചോദ്യപേപ്പർ ചോർച്ചയും തുടർപ്രശ്നങ്ങളുമെന്ന് ഓവർസീസ് എൻസിപി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി സംഗീതാസ്വാദകർക്ക് വേറിട്ട സംഗീതാനുഭവമൊരുക്കാൻ കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. ഈ മാസം 27ന് വൈകുന്നേരം ആറിന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ പരിപാടി അരങ്ങേറും.
കുവൈറ്റിലെ വിവിധ ഗായകസംഘങ്ങൾ സംഗീതസന്ധ്യയിൽ പങ്കെടുക്കും. കെടിഎംസിസി ക്വയർ, ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ക്വയർ, കുവൈറ്റ് സിറ്റി മാർത്തോമ്മാ ചർച്ച് ക്വയർ, മെൻസ് വോയ്സ് ആൻഡ് കോറൽ സൊസൈറ്റി കുവൈറ്റ്, സെന്റ് ജെയിംസ് മാർത്തോമ്മാ ചർച്ച്, സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, സെന്റ് പീറ്റേഴ്സ് സിഎസ്ഐ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, വോയ്സ് ഓഫ് ജോയ്, യൂത്ത് കോറസ് കുവൈറ്റ് എന്നിവ ഉൾപ്പെടെ പത്തോളം ഗായകസംഘങ്ങൾ പരിപാടിയിൽ അണിനിരക്കും.
ഗാനസന്ധ്യയുടെ ഒരുക്കങ്ങൾക്കായി റോയി കെ. യോഹന്നാൻ, കുരുവിള ചെറിയാൻ, സജു വാഴയിൽ തോമസ്, അജോഷ് മാത്യു, ഷിലു ജോർജ്, ജിനു അരീക്കൽ, ബിജോ കെ. ഈശോ, തോമസ് ഫിലിപ്പ്, കെടിഎംസിസി കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
സംഗീതവും കൂട്ടായ്മയും ഒരുമിക്കുന്ന ഈ വിരുന്നിലേക്ക് സംഗീതാസ്വാദകരെ സംഘാടകർ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തിയിൽ കടന്നുകയറാൻ ശ്രമിച്ച ശത്രു ഡ്രോണുകളെ നിർവീര്യമാക്കിയതായി സൈന്യം.
ഞായറാഴ്ച പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഡ്രോണുകളെ സൈന്യം തകർത്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഡ്രോണുകളുടെ ഉറവിടമോ മറ്റു വിവരങ്ങളോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
International
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സിഗരറ്റ് കടത്താൻ ശ്രമിച്ച സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരും ഒരു ശുചീകരണ തൊഴിലാളിയുമാണ് അറസ്റ്റിലായത്.
വിമാനത്താവളത്തിലെ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കാനുള്ള അനുമതി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി സിഗരറ്റ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 31 കാർട്ടൺ സിഗരറ്റുകളുമായി ഒരു ബംഗ്ലാദേശി ശുചീകരണ തൊഴിലാളിയെയാണ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വിദേശ യാത്രക്കാരുടെ ബോർഡിംഗ് പാസുകൾ ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സിഗരറ്റ് വാങ്ങാൻ ഒരു കസ്റ്റംസ് ഇൻസ്പെക്ടർ തന്റെ ബാങ്ക് കാർഡും വർക്ക് പെർമിറ്റും നൽകി സഹായിച്ചതായി കണ്ടെത്തി.
മറ്റൊരു കസ്റ്റംസ് ഇൻസ്പെക്ടർ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച്, സാധാരണ കസ്റ്റംസ് പരിശോധനകൾ ഒഴിവാക്കി ഈ ഉൽപ്പന്നങ്ങൾ ട്രാൻസിറ്റ് ഏരിയയിലൂടെ കടത്തിക്കൊണ്ടുപോകാനും തന്റെ സ്വകാര്യ വാഹനത്തിൽ വിമാനത്താവളത്തിന് പുറത്തെത്തിക്കാനും സഹായിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു.
പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Kerala
നെടുമ്പാശേരി: യുദ്ധത്തെത്തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ 250 പേരെ ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും.
വിസിറ്റിംഗ് വീസയിലും മറ്റുമായി കുവൈറ്റിലെത്തിയ ഇവർക്കായി പ്രവാസി വെൽഫെയർ കുവൈറ്റാണ് അന്നു വൈകുന്നേരം 7.30 ന് കൊച്ചിയിലെത്തുന്ന വിധത്തിൽ പ്രത്യേക ചാർട്ടർ വിമാനം സജ്ജമാക്കിയിട്ടുള്ളത്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ "ഗ്രാൻഡ് ഹൈപ്പറിന്റെ' 49-ാമത് ശാഖ ജഹ്റയിൽ പ്രവർത്തനമാരംഭിച്ചു. ഉപഭോക്താക്കളുമായി കൂടുതൽ അടുത്തുനിൽക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാൻഡ് ഹൈപ്പർ നടത്തുന്ന കുതിപ്പിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു.
ജഹ്റയിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ഷറഹ് പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രാദേശിക ഡയറക്ടർ അയ്യൂബ് കച്ചേരി ആദ്യ വിൽപന നടത്തി.
International
കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തും വിപണനവും തടയുന്നതിനായി കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ പരിശോധനകളിൽ മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിലായി. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സെക്യൂരിറ്റി ന്യൂസ്' പരിപാടിയിലൂടെയാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ ഈ നിർണായക ഓപ്പറേഷന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
പിടിയിലായവരിൽ മൂന്ന് ബംഗ്ലാദേശികൾ, രണ്ട് ഈജിപ്റ്റുകാർ, രണ്ട് സിറിയക്കാർ, ഒരു നേപ്പാൾ സ്വദേശി എന്നിവരും ഉൾപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയ ഇവരിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വൻതോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
മൂന്ന് കിലോയിലധികം കെമിക്കൽ പദാർത്ഥങ്ങൾ, അഞ്ച് ലിറ്റർ സിബിഡി ഓയിൽ, 1.25 കിലോ ഷാബു (മെത്താംഫെറ്റാമൈൻ), 1.1 കിലോ ഹാഷിഷ്, ഒൻപത് ഗ്രാം ഹെറോയിൻ, 15 കിലോ മരിജുവാന എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കൂടാതെ 2,000 കാപ്റ്റഗൺ ഗുളികകളും 650 ലിറിക്ക ഗുളികകളും ലഹരിമരുന്ന് തൂക്കുന്നതിനും പാക്ക് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതികളിൽനിന്ന് കണ്ടെടുത്തു.
പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: പ്രാദേശിക സാഹചര്യങ്ങളെ തുടർന്ന് ഫെബ്രുവരി 28ന് താത്കാലികമായി നിർത്തിവച്ചിരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർസ്പേസ് വ്യാഴാഴ്ച മുതൽ വീണ്ടും തുറക്കുന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ മേധാവി ഷെയ്ഖ് എൻജിനിയർ ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ് അറിയിച്ചു.
ദേശീയ, അന്തർദേശീയ സംവിധാനങ്ങളുമായി സഹകരിച്ച്, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. വരും ദിവസങ്ങളിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ തോതിലാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ ആക്രമണത്തിൽ വിമാനത്താവളത്തിലെ ചില സൗകര്യങ്ങൾക്ക് ഉണ്ടായ കേടുപാടുകൾ പരിശോധിച്ച് പൂർത്തിയാക്കിയതായും സാങ്കേതിക സംഘങ്ങൾ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ആദ്യ ഘട്ടത്തിൽ പരിമിതമായ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ മാത്രമാകും ആരംഭിക്കുക. ഓരോ ഘട്ടവും വിലയിരുത്തിയ ശേഷം മാത്രമേ വിപുലീകരണത്തിലേക്ക് കടക്കുകയുള്ളൂ. ഈ പ്രതിസന്ധി ഘട്ടത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ച സിവിൽ ഏവിയേഷൻ ജീവനക്കാരെയും മറ്റു സർക്കാർ ഏജൻസികളെയും അദ്ദേഹം അഭിനന്ദിച്ചു.
ആദ്യ ഘട്ടത്തിൽ ഞായറാഴ്ച മുതൽ ചില സർവീസുകൾ പുനരാരംഭിക്കും. കുവൈറ്റ് എയർവേയ്സും (ടെർമിനൽ 4) ജസീറ എയർവേയ്സും(ടെർമിനൽ 5) മാത്രമായിരിക്കും ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക.
ആദ്യ ഘട്ടത്തിൽ ഭക്ഷ്യസുരക്ഷ, ചികിത്സാ ആവശ്യങ്ങൾ, വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ, ഗാർഹിക തൊഴിലാളികൾ എന്നിവയുമായി ബന്ധപ്പെട്ട യാത്രകൾക്ക് മുൻഗണന നൽകും.
യാത്രക്കാരുടെ സൗകര്യത്തിനായി ആഭ്യന്തര മന്ത്രാലയവും സിവിൽ ഏവിയേഷനും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
NRI
നെടുമ്പാശേരി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ 250 പേർ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തി. യുദ്ധത്തെത്തുടർന്ന് കുവൈറ്റ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. കുവൈറ്റിൽനിന്നു റോഡ് മാർഗം ദമാമിലെത്തി അവിടെനിന്നാണു വിമാനമാർഗം നെടുമ്പാശേരിയിലെത്തിയത്.
പ്രവാസി വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിലാണ് ചാർട്ടേഡ് വിമാനം സജ്ജമാക്കിയത്. സന്ദർശക വീസയിലും മറ്റും കുവൈറ്റിലെത്തി തിരിച്ചുവരാൻ ബുദ്ധിമുട്ടിയവരും ജോലി നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ളവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഒരാഴ്ച മുമ്പ് മറ്റൊരു ചാർട്ടേഡ് വിമാനത്തിൽ 250 പേർ കുവൈറ്റിൽനിന്ന് എത്തിയിരുന്നു . തുടർന്ന് തിരിച്ചുപോകാൻ കഴിയാതിരുന്ന പ്രവാസികളെ അതേ വിമാനത്തിൽത്തന്നെ കുവൈറ്റിലേക്കു തിരിച്ച് കൊണ്ടുപോകുകയും ചെയ്തു.
Kerala
നെടുമ്പാശേരി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ 250 പേർ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തി. യുദ്ധത്തെത്തുടർന്ന് കുവൈറ്റ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. കുവൈറ്റിൽനിന്നു റോഡ് മാർഗം ദമാമിലെത്തി അവിടെനിന്നാണു വിമാനമാർഗം നെടുമ്പാശേരിയിലെത്തിയത്.
പ്രവാസി വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിലാണ് ചാർട്ടേഡ് വിമാനം സജ്ജമാക്കിയത്. സന്ദർശക വീസയിലും മറ്റും കുവൈറ്റിലെത്തി തിരിച്ചുവരാൻ ബുദ്ധിമുട്ടിയവരും ജോലി നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ളവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഒരാഴ്ച മുമ്പ് മറ്റൊരു ചാർട്ടേഡ് വിമാനത്തിൽ 250 പേർ കുവൈറ്റിൽനിന്ന് എത്തിയിരുന്നു . തുടർന്ന് തിരിച്ചുപോകാൻ കഴിയാതിരുന്ന പ്രവാസികളെ അതേ വിമാനത്തിൽത്തന്നെ കുവൈറ്റിലേക്കു തിരിച്ച് കൊണ്ടുപോകുകയും ചെയ്തു .
NRI
കുവൈറ്റ് സിറ്റി: പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതയായ പരമിത ത്രിപാഠി തന്റെ ഔദ്യോഗിക രേഖകൾ കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബിർ അൽ-സബാഹിന് സമർപ്പിച്ചു.
ബയാൻ പാലസിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് അവർ രേഖകൾ കൈമാറിയത്. കുവൈറ്റിലെ ഇന്ത്യയുടെ ഇരുപതാമത്തെ അംബാസഡറായ പരമിത ത്രിപാഠി, ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ്.
ഔദ്യോഗികമായ ഗാർഡ് ഓഫ് ഓണർ നൽകിയാണ് അധികൃതർ അംബാസഡറെ കൊട്ടാരത്തിൽ സ്വീകരിച്ചത്. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ കുവൈറ്റ് അമീർ അംബാസഡറെ സ്വാഗതം ചെയ്യുകയും പുതിയ ദൗത്യത്തിൽ എല്ലാവിധ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സുദൃഢമായ ബന്ധത്തെയും രണ്ടു ജനതകൾ തമ്മിലുള്ള അടുപ്പവും അദ്ദേഹം എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അമീർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പ്രത്യേക ആശംസകൾ അംബാസഡർ അമീറിനെ അറിയിച്ചു. ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായ കുവൈറ്റുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തുഷ്ടയാണെന്ന് അവർ പറഞ്ഞു.
മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും കുവൈറ്റ് നൽകുന്ന പിന്തുണയെ അവർ പ്രകീർത്തിച്ചു.
NRI
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റ് മലയാളികൾക്കായി നാനോ ഫിലിം ഫെസ്റ്റിവൽ (ഒരു മിനിറ്റ് ഷോർട്ട് ഫിലിം മത്സരം) സംഘടിപ്പിക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 30-04-2026 ആയിരിക്കും.
നിബന്ധനകൾ
1. സമയപരിധി ഒരു മിനിറ്റ് (60 സെക്കൻഡ്)
2. കുവൈറ്റ് മലയാളികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.
3. പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച സിനിമകളായിരിക്കണം.
4. കുവൈറ്റിലെ നിയമത്തിനുള്ളിൽനിന്ന് ചിത്രീകരിച്ച സിനിമകൾ ആയിരിക്കണം.
5. മറ്റേതെങ്കിലും ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ചതോ, സോഷ്യൽ മീഡിയകളിൽ പ്രസിദ്ധികരിച്ചതോ ആയ സിനിമകൾ പരിഗണിക്കില്ല.
6. ലഭിച്ച സിനിമകൾ സ്ക്രീനിംഗിന് ശേഷം കല കുവൈറ്റ് മീഡിയ വിംഗിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.
7. സിനിമ എച്ച്ഡി ഗുണനിലവാരത്തിൽ സബ്മിറ്റ് ചെയ്യണം.
8. മികച്ച ഒന്ന്, രണ്ട്, മൂന്ന് സിനിമകളെ ജൂറി തെരഞ്ഞെടുക്കും.
9. ജൂറിയുടെ തീരുമാനം അന്തിമം ആയിരിക്കും.
10. മീഡിയവിംഗിൽ ഏറ്റവും കൂടുതൽ ഷെയർ ലഭിക്കുന്ന സിനിമയ്ക്ക് പ്രത്യേക സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
11. രജിസ്ട്രേഷനുള്ള അവസാന തീയതി 30/4/2026 ആയിരിക്കും.
12. സിനിമ സബ്മിറ്റ് ചെയ്യേണ്ട അവസാന തീയതി 22/5/2026 ആയിരിക്കും.
13. [email protected] എന്ന ഇമെയിൽ വിലാസത്തി അയക്കേണ്ടതാണ്.
14. പരിപാടിയിൽ മാറ്റങ്ങൾ വരുത്തുവാൻ കമ്മറ്റിക്ക് അധികാരം ഉണ്ടായിരിക്കും.
District News
കുണ്ടറ : കൊല്ലം സ്വദേശിനികുവൈറ്റില് മരിച്ചു. ശാസ്താംകോട്ട മനക്കര പണ്ടാരത്തിന്റെ വിളയില്‍ രേവതി (34) യാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചത്.
ഹൗസ്മെയ്ഡ് ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി വഴി നൽകിവന്നിരുന്ന സൗദി ട്രാൻസിറ്റ് വീസ നടപടികൾ സുഗമമാക്കൽ സേവനം (Transit Visa Facilitation) താത്കാലികമായി അടിയന്തിര പ്രാബല്യത്തോടെ നിർത്തിവച്ചതായി എംബസി അറിയിച്ചു.
ഏപ്രിൽ 15 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായാണ് എംബസി അറിയിച്ചത്. സൗദി അറേബ്യയിൽ ഹജ്ജ് സീസൺ ആരംഭിക്കുന്നത് മുൻ നിർത്തിയാണ് ഈ മാറ്റം. ഇതനുസരിച്ച്, ഇന്ത്യൻ എംബസി മുഖേനയുള്ള ട്രാൻസിറ്റ് വീസ സേവനങ്ങൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ലഭ്യമാകില്ല.
സൗദി അറേബ്യ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇനി മുതൽ അതത് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് എംബസി നിർദേശിച്ചു.
യാത്ര തുടങ്ങുന്നതിന് മുൻപ് പുതുക്കിയ ഇമിഗ്രേഷൻ ചട്ടങ്ങൾ, ട്രാൻസിറ്റ് നടപടിക്രമങ്ങൾ, വീസയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് ബോധ്യപ്പെടേണ്ടതാണ്.
ഹജ്ജ് സീസണിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രക്കാർ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: കേരളത്തിലെ പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം എഴുതുന്നതിനായി കേരളത്തിലെ സെന്ററുകൾ തെരഞ്ഞെടുത്ത കുവൈറ്റിലെ വിദ്യാർഥികൾക്ക് കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം പരീക്ഷാ തീയതിക്ക് മുൻപായി നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഈ വിഷയത്തിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ നടത്തുന്നതിനായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ വിദ്യാർഥികളുടെ വിവരശേഖരണം ആരംഭിച്ചു.
മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ കല കുവൈറ്റിന്റെയും രക്ഷിതാക്കളുടെയും ഇടപെടലിന്റെ ഭാഗമായി കുവൈറ്റിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു. പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് അനുവദിച്ച സമയം എപ്രിൽ ഏഴിന് അവസാനിച്ചതിനാൽ പരീക്ഷാ കേന്ദ്രമായി കേരളം തെരഞ്ഞെടുത്തതും യാത്രാ തടസം നേരിടുന്നതുമായ വിദ്യാർഥികളുടെ കണക്കുകൾ ശേഖരിച്ച് അധികൃതർക്ക് സമർപ്പിക്കാനാണ് സംഘടന ആലോചിക്കുന്നത്.
കേരളം സെന്ററായി തെരഞ്ഞെടുത്തവർ താഴെ കൊടുത്ത ഗൂഗിൾ ഫോം പൂരിപ്പിക്കണമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
https://docs.google.com/forms/d/e/1FAIpQLScU7cbDBN6UpMY6dEZFr4tzdSlTDlP4K86cYh3h7jInJzMH4A/viewform
International
കുവൈത്ത് സിറ്റി: തട്ടിപ്പ് കേസിലെ പ്രതികളിലൊരാളെ വെറുതെ വിട്ട് കുവൈത്ത് കോടതി. ബാങ്ക് രേഖകൾ വ്യാജമായി ചമച്ചും വായ്പ തുക വകമാറ്റിയും 3.48 ലക്ഷം കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസിലാണ് പ്രതികളിലൊരാളെ വെറുതെ കുവൈത്ത് കോടതി വിട്ടത്.
പ്രതിക്ക് ക്ലീൻ ചിറ്റ് നൽകിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. ഔദ്യോഗിക രേഖകളും ബാങ്ക് രേഖകളും വ്യാജമായി നിർമിച്ച് ഒമ്പത് പേർ ചേർന്ന് ബാങ്കിനെ കബളിപ്പിച്ച് ലോൺ തുക തട്ടിയെടുത്തെന്നാണ് കേസ്. ബാങ്ക് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ വായ്പ അനുമതിയും പണവും കൈക്കലാക്കിയത്.
വെറുതെവിട്ട പ്രതിക്കെതിരെ ഗൂഢാലോചന, വ്യാജരേഖകൾ ചമയ്ക്കാൻ സഹായിക്കൽ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. എന്നാൽ പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ മറ്റ് പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ തുടരുകയാണ്.
International
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഫരീദ് അഹമ്മദ്, സർഫറാസ് അഹമ്മദ്, മുഹമ്മദ് ഖാലിദ്, മുക്താർ അഹമ്മദ്, തനാമണ്ടിയിൽ നിന്നുള്ള ഒരു യുവാവ് എന്നിവരാണ് മരിച്ചത്.
ജമ്മുകാഷ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ ബച്ചൻവാലി, ശീന്ദ്ര, തനമണ്ടി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഇവർ. അപകടത്തിൽപ്പെട്ട് ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കണമെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെയും എണ്ണ മന്ത്രാലയത്തിന്റെയും ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഷുവൈഖിലെ ഓയിൽ കോംപ്ലക്സിന് നേരെ ഞായറാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായി.
അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു. അംഗീകൃത സുരക്ഷാ നടപടികൾ അനുസരിച്ച് കെട്ടിടം മുഴുവനായും ഒഴിപ്പിച്ചതായും ആർക്കും പരിക്കുകളില്ലെന്നും കോർപ്പറേഷൻ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ മന്ത്രാലയ സമുച്ചയ കെട്ടിടത്തെ ഡ്രോൺ ആക്രമിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമില്ല.
സംഭവത്തിനു പിന്നാലെ അടിയന്തര നടപടികൾ ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയ സമുച്ചയത്തിലെ ജീവനക്കാർക്ക് റിമോട്ട് ജോലി അനുവദിക്കുകയും സന്ദർശകരെ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന മിനാ അൽ-അഹ്മദി റിഫൈനറിയെ വെള്ളിയാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായതായി കോർപ്പറേഷൻ (കെപിസി) അറിയിച്ചു.
ഇതേ തുടർന്ന് നിരവധി യൂണിറ്റുകളിൽ തീപിടുത്തം ഉണ്ടായി. തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരിസ്ഥിതിയിലേക്ക് യാതൊരു ദോഷവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
പ്രവർത്തനങ്ങളും സുരക്ഷാ സംവിധാനങ്ങളും സാധാരണ നിലയിൽ തുടരുന്നുവെന്നും കെപിസി അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാർ വിമാന യാത്രയിൽ നേരിടുന്ന അതിരൂക്ഷമായ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എൻസിപി എസ്പി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ എംപി.
എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടലിനായ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശ കാര്യ വകുപ്പ് മന്ത്രി ഡോ. ജയശങ്കറിന് കത്ത് നൽകിയത്.
ടിക്കറ്റ് നിരക്കിലെ അനിയന്ത്രിതമായ വർധനവും വിമാനങ്ങളുടെ ലഭ്യതക്കുറവും കാരണം ദുരിതത്തിലായ സാധാരണ പ്രവാസികൾക്ക് സഹായം നൽകാനായി കേന്ദ്ര സർക്കാർ നയതന്ത്ര ചർച്ചകൾ വഴിഇന്ത്യൻ വിമാനകമ്പനികൾ ഉൾപ്പടെ കൂടുതൽ വിമാന സർവീസുകൾക്ക് സൗദി അറേബ്യയിലെ വിവിധ വിമാന താവളങ്ങൾ വഴി അനുമതി ലഭ്യമാക്കാനും സൗദി ട്രാൻസിറ്റ് വീസ നടപടികൾ എളുപ്പമാക്കാനും അതുവഴി അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും മറ്റ് അപ്രതീക്ഷിത ആവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടവർക്കും തുടർപഠനത്തിനും യോഗ്യത പരീക്ഷകൾക്കുമായി നാട്ടിൽ പോകുന്ന കുട്ടികൾക്കും.
സന്ദർശക വിസയിലെത്തി നാട്ടിലേക്കു മടങ്ങി പോകുന്ന പ്രവാസി കുടുബാംഗങ്ങൾക്കും സഹായമൊരുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അടിയന്തിര നടപടികൾ പ്രതീക്ഷിക്കുന്നതായി ഓവർസീസ് എൻസിപി കുവൈറ്റ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എട്ടാമത് ശാഖയായ എംഎംസി മെഡിക്കൽ സെന്ററിൽ(സാൽമിയ ബ്ലോക്ക് മൂന്ന്) ഗർഭിണികൾക്കായി ഏറ്റവും നവീനമായ 4ഡി ആന്റിനേറ്റൽ സ്ക്രീനിംഗ് സംവിധാനം ആരംഭിച്ചു.
ഗൈനക്കോളജി വിദഗ്ധയായ ഡോ. സഹറിന്റെ നേതൃത്വത്തിലാണ് ഈ ആധുനിക സേവനം ലഭ്യമാകുന്നത്. ഗർഭസ്ഥ ശിശുവിന്റെ ഓരോ ചലനവും തത്സമയം വ്യക്തമായി കാണാൻ കഴിയുന്നതാണ് ഈ സാങ്കേതികവിദ്യ.
പരമ്പരാഗത സ്കാനിംഗിനെ അപേക്ഷിച്ച് 4ഡി സ്ക്രീനിംഗ് ശിശുവിന്റെ ചലനങ്ങളും മുഖഭാവങ്ങളും കൂടുതൽ വ്യക്തതയോടെ തത്സമയം കാണാൻ സഹായിക്കുന്നു.
ഇത് ശിശുവിന്റെ വളർച്ചയും ആരോഗ്യനിലയും കൃത്യമായി വിലയിരുത്താൻ ഡോക്ടർമാർക്ക് സഹായകമാകുന്നു. കൂടാതെ, പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി സമയോചിതമായ ചികിത്സ നൽകുന്നതിനും ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനപ്പെടുന്നു.
4ഡി സ്ക്രീനിംഗ് ഒരു മെഡിക്കൽ പരിശോധന മാത്രമല്ല, മാതാപിതാക്കളും കുഞ്ഞും തമ്മിലുള്ള മാനസികബന്ധം കൂടുതൽ ശക്തമാക്കുന്ന ഒരു അനുഭവവുമാണെന്നും ഗർഭസ്ഥ ശിശുവിന്റെ സ്വാഭാവിക ചലനങ്ങൾ നേരിൽ കാണുന്നത് മാതാപിതാക്കൾക്ക് ആത്മവിശ്വാസവും സന്തോഷവും നൽകുകയും ചെയ്യുമെന്നും അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഈ പരിശോധന നടത്തുന്നതെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: പൊതുശുചിത്വവും ഭംഗിയും നിലനിർത്തുന്നതിനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന.
പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപ്പൻസി ഡിപ്പാർട്ട്മെന്റിന്റെ ഫീൽഡ് ടീമുകൾ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
പൊതുസ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് നഗരസഭയുടെ തീരുമാനം.
ഹവല്ലി ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 87 വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്തിരുന്ന ബോട്ടുകളും പിടിച്ചെടുത്ത് നീക്കം ചെയ്തു.
നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്തതിന് 123 ഉടമകൾക്ക് നഗരസഭാ അധികൃതർ കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു.
NRI
കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം വൈദ്യുതി പ്ലാന്റിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കുവൈറ്റിലെ സെൻട്രൽ മോർച്ചറിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതി മോർച്ചറി സന്ദർശിച്ചു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിലെ ജനറൽ ബ്രിഗേഡിയർ അബ്ദുറഹീം അൽ-അവാധിയുമായി അംബാസഡർ ചർച്ച നടത്തി. കുവൈറ്റ് അധികൃതർ നൽകിയ വേഗത്തിലുള്ളതും സഹാനുഭൂതിപൂർണവുമായ സഹായത്തിനും പിന്തുണയ്ക്കും അവർ നന്ദി അറിയിച്ചു.
മരിച്ചയാളുടെ കുടുംബവുമായി എംബസി ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം വേഗത്തിൽ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും എംബസി വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: വൈദ്യുതി വകുപ്പിന്റെ സർവീസ് കെട്ടിടത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി മരണപ്പെട്ടതായി മന്ത്രാലയം വക്താവ് എൻജിനിയർ ഫാത്തിമ അബ്ബാസ് ജോഹർ ഹയാത്ത് അറിയിച്ചു.
മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കെട്ടിടത്തിനു കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്.
International
ടെഹ്റാൻ: കുവൈറ്റിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. പ്ലാന്റിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടതെന്നും ആക്രമണത്തിൽ പ്ലാന്റിനു വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു.
എന്നാൽ ഈ സംഭവത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം കുവൈറ്റ് വ്യോമാതിർത്തിയിൽ 14 മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയിരുന്നു. ഒരു സൈനിക ക്യാമ്പിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 10 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം ബഹ്റൈനിൽ ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രാത്രികാല കടൽയാത്രക്ക് നിരോധനമേർപ്പെടുത്തി. വൈകുന്നേരം ആറു മുതൽ പുലർച്ചെ നാലു വരെയാണ് വിലക്ക്. മത്സ്യബന്ധനത്തിനുൾപ്പടെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
International
കുവൈറ്റ് സിറ്റി: ലെബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയോട് അനുഭാവമുള്ളവരും ഗൾഫ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടവരുമായ ആറു പേർ കുവൈറ്റിൽ അറസ്റ്റിലായി. സംഘത്തിൽ ഉൾപ്പെടുന്ന 14 പേർ രാജ്യത്തുനിന്നു കടന്നുകളഞ്ഞു.
കുവൈറ്റ് നേതാക്കളെ വധിക്കാനുള്ള ആസൂത്രണത്തിനിടെയാണ് ആറു പേരെ പിടികൂടാൻ കഴിഞ്ഞത്. ഇതിൽ അഞ്ചു പേർ കുവൈറ്റ് പൗരന്മാരാണ്. രക്ഷപ്പെട്ടവരിൽ അഞ്ച് കുവൈറ്റ് പൗരന്മാർ, രണ്ടു വീതം ഇറേനിയൻ, ലബനീസ് പൗരന്മാരും ഉൾപ്പെടുന്നു.
കുവൈറ്റ് പൗരന്മാരുടെ പൗരത്വം റദ്ദാക്കിയെന്നാണ് അറിയിപ്പ്. ചാരവൃത്തി നടത്തിയെന്നും തീവ്രവാദ സംഘടനയിൽ ചേരാൻ പദ്ധതിയിട്ടെന്നും അറസ്റ്റിലായവർ സമ്മതിച്ചു.
NRI
കുവൈറ്റ് സിറ്റി: രാജ്യത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായി കുവൈറ്റിലെ ചില പ്രധാന റോഡുകൾ താത്കാലികമായി അടച്ചു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ഫഹാഹീൽ മെയിൻ റോഡ്, സിറ്റിയിൽ നിന്ന് ഫഹാഹീൽ ഭാഗത്തേക്കുള്ള പാത അടച്ചു. ഇവിടെ നിന്നുള്ള വാഹനങ്ങൾ ജഹ്റ ഭാഗത്തേക്ക് ആറാം റിംഗ് റോഡിലൂടെ തിരിച്ചുവിട്ടു. കിംഗ് അബ്ദുൽ അസീസ് റോഡ്, ഫഹാഹീലിൽ നിന്ന് സിറ്റി ഭാഗത്തേക്കുള്ള പാത അടച്ചു.
അൽ-തആവുൻ റോഡ് വഴി അൽ-ഉതൈന ജംഗ്ഷനിലേക്കാണ് ഈ ഭാഗത്തെ ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. അൽ-ഉതൈനയിൽ നിന്ന് അൽ-മസീല ഭാഗത്തേക്കുള്ള പാതയും പൂർണമായി അടച്ചു.
കൂടാതെ ആറാം റിംഗ് റോഡിൽ അൽ-തആവുൻ സ്ട്രീറ്റിന് സമീപമുള്ള യു-ടേണുകൾ നിരോധിച്ചിട്ടുണ്ട്. ഖുറൈൻ മാർക്കറ്റ് ഏരിയയിലേക്കുള്ള പ്രവേശന കവാടത്തിലുള്ള റൗണ്ട് എബൗട്ടും താത്കാലികമായി അടച്ചു.
വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ പ്രവാസിയും സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവക മുൻ ഇടവക അംഗവും മുൻ ഇടവക സെക്രട്ടറിയുമായിരുന്ന റാന്നി പൂവൻമല കുരുടമണ്ണിൽ - കുരുമ്പേൽ അലുങ്കൽ ബോണി കെ. എബ്രഹാം അന്തരിച്ചു.
മൂന്ന് വർഷം മുൻപാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയത്. കുവൈറ്റിലെ വിവിധ സാംസ്കാരിക സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു.
സംസ്കാരം പിന്നീട്. ബോണി കെ. ഏബ്രഹാമിന്റെ നിര്യാണത്തിൽ കുവൈറ്റ് ഇടവക അനുശോചനം രേഖപ്പെടുത്തി.
NRI
കുവൈറ്റ് സിറ്റി: സ്ഫോടനാവശിഷ്ടങ്ങൾ തെറിച്ചു വീണ് വൈദ്യുതി സംപ്രേഷണത്തിനുള്ള ഏഴ് ഓവർഹെഡ് ലൈനുകൾ തകരാറിലായതായി കുവൈറ്റ് ഇലക്ട്രിസിറ്റി മന്ത്രാലയത്തിന്റെ വക്താവ് എൻജിനിയർ ഫാത്തിമ ഹയാത്ത് പറഞ്ഞു.
ഇത് കാരണം ചില പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം നിലച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പരിസരം സുരക്ഷിതമാക്കിയ ഉടൻ സാങ്കേതിക സംഘങ്ങൾ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി, കേടായ ലൈനുകൾ പുനരുദ്ധരിക്കുന്ന നടപടികൾ ആരംഭിക്കും.
NRI
കുവൈറ്റ് സിറ്റി: സൗദി അറേബ്യയിൽ നിന്ന് വരികയായിരുന്ന യാത്രക്കാരനിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ പിടികൂടി. അൽ-സാൽമി അതിർത്തി വഴി കടക്കാൻ ശ്രമിച്ച യാത്രക്കാരനിൽ നിന്നാണ് ഏകദേശം 1400 ഓളം മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വാഹനത്തിനുള്ളിൽ അതിസമർത്ഥമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. പതിവ് പരിശോധനക്കിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത ഗുളികകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പ്രതിക്കെതിരേ തുടർ നിയമനടപടികൾ സ്വീകരിക്കും.
International
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 49 സര്‍വീസുകള്‍. കൊച്ചിയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് 25 സര്‍വീസുകള്‍ നടക്കും. 16 സര്‍വീസുകള്‍ റദ്ദു ചെയ്തു. ഗള്‍ഫില്‍ നിന്നും 24 വിമാനങ്ങള്‍ കൊച്ചിയിലെത്തും. 12 സര്‍വീസുകള്‍ റദ്ദു ചെയ്തിട്ടുണ്ട്.
കൊച്ചിയില്‍ നിന്നും അബുദാബിയിലേക്കാണ് നിലവില്‍ കൂടുതല്‍ സര്‍വീസുകള്‍ നടക്കുന്നത്. കൊച്ചിയില്‍ നിന്നും അബുദാബിയിലേക്കും അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും എട്ടു സര്‍വീസുകള്‍ നടക്കുന്നുണ്ട്. സൗദിയിലും കുവൈറ്റിലും ഇറാന് ആക്രമണം തുടരുന്നതിനാല്‍ കുവൈറ്റിലേക്കും ബഹ്റൈനിലേക്കും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല.
കുവൈറ്റിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ജസീറ എയര്‍വേസ് അറിയിച്ചിരുന്നു. കുവൈറ്റ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ സൗദിയിലെ ഹഫര്‍ അല്‍ ബത്തിന് ഖയിസുമാ വിമാനത്താവളത്തില്‍ നിന്നാകും സര്‍വീസുകള്‍. ഖയിസുമാ വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റിലേക്ക് ബസിലാണ് യാത്രക്കാരെ എത്തിക്കുക.
NRI
കുവൈറ്റ് സിറ്റി: മേഖലയിലെ സംഘർഷത്തിനിടെ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ പരമാവധി ശ്രമിച്ചു പോരുന്നതായി ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി പറഞ്ഞു. ഇന്ത്യൻ എംബസി ഹാളിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അംബാസഡർ നിൽപാട് വ്യക്തമാക്കിയത്.
ഫെബ്രുവരി 28ന് പ്രതിസന്ധി ആരംഭിച്ചത് മുതൽ ഒരു മില്യണിലധികം വരുന്ന ഇന്ത്യൻ സമൂഹത്തെ സഹായിക്കാൻ കുവൈറ്റ് അധികൃതരുമായി ചേർന്ന് എംബസി സജീവമായി രംഗത്തുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ് കിരീടാവകാശിയും തമ്മിലും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായും തമ്മിലും ഫോൺ സംഭാഷണം നടത്തിയതും സ്ഥിതിഗതികൾ വിലയിരുത്തിയതായും അംബാസഡർ പറഞ്ഞു.
ഫെബ്രുവരി 28 മുതൽ പ്രവാസികൾക്കായി പ്രത്യേക ഹെൽപ്ലൈൻ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. കുവൈറ്റ് വ്യോമപാത അടച്ച സാഹചര്യത്തിൽ, ജസീറ എയർവേയ്സ് മാർച്ച് 20 മുതൽ കൊച്ചി, ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് വിമാന സർവീസ് നടത്തും.
കുവൈറ്റിൽ നിന്ന് റോഡ് മാർഗം യാത്രക്കാരെ സൗദിയിലെ അൽ-ഖൈസുമ വിമാനത്താവളത്തിൽ എത്തിച്ച് അവിടെ നിന്നായിരിക്കും വിമാനം പോവുക. സൗദി വഴിയുള്ള യാത്ര എളുപ്പമാക്കാനായി സൗദി അധികൃതരുമായി സഹകരിച്ച് 1,100-ലധികം സൗദി വീസകൾ ഇതിനകം ലഭ്യമാക്കി.
കുവൈറ്റ് എയർവേയ്സിന്റെയും സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെ ഇന്ത്യയിൽ നിന്ന് പച്ചക്കറികളും മറ്റും ഇറക്കുമതി ചെയ്ത് രാജ്യത്തെ ഭക്ഷ്യലഭ്യത ഉറപ്പാക്കാനും ശ്രമിച്ചു വരുന്നുണ്ട്.
പ്രതിസന്ധികൾക്കിടയിലും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ തടസമില്ലാതെ തുടരുന്നുണ്ടെന്ന് സ്ഥാനപതി അറിയിച്ചു. 17 മൃതദേഹങ്ങൾ ഇതിനകം നാട്ടിൽ എത്തിച്ചിട്ടുണ്ട്.
കുവൈറ്റ് വിദേശകാര്യ മന്ത്രാലയം നൽകുന്ന കലവറയില്ലാത്ത പിന്തുണയ്ക്ക് അവർ പ്രത്യേക നന്ദി രേഖപ്പെടുത്തി. പ്രവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും എംബസി നിർദ്ദേശിച്ചു.
NRI
കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പദ്ധതിയിട്ട ഭീകരാക്രമണം സുരക്ഷാ ഏജൻസികൾ തടഞ്ഞതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഹിസ്ബുല്ലയുമായി ബന്ധമുള്ള ഭീകരസംഘത്തിലെ 10 പേരെ അറസ്റ്റ് ചെയ്തത്.
ഇവർ വിദേശ സംഘങ്ങളുമായി ചേർന്ന് ലക്ഷ്യമിട്ട കേന്ദ്രങ്ങളുടെ വിവരങ്ങളും ലൊക്കേഷൻ കോഓർഡിനേറ്റുകളും കൈമാറാൻ ശ്രമിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾ ഹിസ്ബുല്ലയുമായി ബന്ധമുള്ള ക്യാമ്പുകളിൽ ആയുധങ്ങൾ ഉപയോഗിക്കൽ, ഡ്രോൺ നിയന്ത്രണം എന്നിവയിൽ പരിശീലനം നേടിയതായി അന്വേഷണത്തിൽ പുറത്തു വന്നിട്ടുണ്ട്.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം ഭീകര പദ്ധതികളിൽ പങ്കാളികളായ എല്ലാവരെയും കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Kerala
കൊച്ചി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കുവൈറ്റിലേക്കും ബഹ്റിനിലേയ്ക്കും വിമാന സര്‍വീസുകള്‍ ഇല്ല. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 23 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൊച്ചിയിലേക്കുള്ള 11 സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ദോഹയിലേക്ക് നിലവില്‍ ഒരു സര്‍വീസ് മാത്രം നടക്കുന്നുണ്ട്. ദുബായ്, അബുദാബി, മസ്കറ്റ്, ജിദ്ദ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടക്കുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 22 സര്‍വീസുകളാണ് ഇന്ന് കൊച്ചിയില്‍ നിന്നും നടക്കുന്നത്.
ഗള്‍ഫില്‍ നിന്നുള്ള 21 വിമാനങ്ങള്‍ കൊച്ചിയിലേക്ക് എത്തും. അതേസമയം, ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി ഈ വര്‍ഷത്തെ പെരുന്നാള്‍ നമസ്കാരം യുഎഇയില്‍ പള്ളികള്ക്കുള്ളിലായി മാത്രം പരിമിതപ്പെടുത്തി. പൊതുവായ ഈദ് ഗാഹുകളിലോ തുറസായ സ്ഥലങ്ങളിലോ ഇത്തവണ നമസ്കാരം ഉണ്ടായിരിക്കില്ല.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നുള്ള യാത്രക്കാരുടെ ലഗേജ് ചെക്ക്-ഇൻ, ബോർഡിംഗ് പാസ് വിതരണം എന്നിവയുൾപ്പെടെയുള്ള പ്രീ-ട്രാവൽ നടപടികൾ ബുധനാഴ്ച മുതൽ മിഷ്രിഫിലെ അന്താരാഷ്ട്ര എക്സിബിഷൻ സെന്ററിലെ ഹാൾ നമ്പർ എട്ടിൽ വച്ച് പൂർത്തീകരിച്ച ശേഷമായിരിക്കും യാത്ര പുറപ്പെടുകയെന്ന് ജസീറ എയർവേയ്സ് അറിയിച്ചു.
ജസീറ പാർക്ക് ആൻഡ് ഫ്ലൈ കെട്ടിടത്തിൽ നടന്നുവന്നിരുന്ന ഈ സൗകര്യങ്ങൾ പൂർണ്ണമായും പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രക്കാർ നടപടികൾ പൂർത്തിയാക്കാൻ പുതിയ സ്ഥലത്ത് എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
മേഖലയിലെ നിലവിലെ സാഹചര്യത്തിൽ കുവൈറ്റിലെ ഓപ്പറേഷൻ സൗദി അറേബ്യയിലെ ഹഫർ അൽ-ബാത്തിൻ കൈസുമ വിമാനത്താവളം (AQI) വഴിയാണ് ജസീറ എയർവേയ്സ് നടത്തുന്നത്.
കുവൈറ്റിലെ മിഷ്രിഫിൽ പ്രീ ബോർഡിംഗ് നടപടികൾ പൂർത്തിയാക്കി യാത്രക്കാരെ പ്രത്യേക ബസ് മാർഗം കൈസുമ വിമാനത്താവളത്തിൽ എത്തിക്കുകയും അവിടെ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുകയുമാണ് ചെയ്യുക.
യാത്രാ നടപടികൾ സുഗമമാക്കുന്നതിനായി വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 17 മണിക്കൂർ മുമ്പ് തന്നെ യാത്രക്കാർ മിഷ്രിഫിലെ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് കമ്പനി അറിയിച്ചു.
നിലവിൽ അൽ ഐൻ, അലക്സാണ്ട്രിയ, അസ്യൂത്ത്, കെയ്റോ, ലക്സർ, അമ്മാൻ, ഇസ്താംബുൾ, കൊളംബോ എന്നിവിടങ്ങളിലേക്ക് ജസീറ സർവീസുകൾ നടത്തുന്നുണ്ട്.
വരും ദിവസങ്ങളിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടി സർവീസുകൾ വർധിപ്പിക്കാൻ പദ്ധതിയുണ്ട്. യാത്ര സുഗമമാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മിഷ്രിഫിലെ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ജസീറ എയർവേയ്സ് വക്താക്കൾ വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായും വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചതായും സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി പൂർണ ഏകോപനത്തോടെ സംഭവത്തെ കൈകാര്യം ചെയ്തതായി അധികൃതർ വ്യക്തമാക്കി.
കുവൈറ്റിലെ സിവിൽ വ്യോമഗതാഗതത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: മേഖലയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈദുൽ ഫിത്വർ കാലയളവിൽ സ്റ്റേജ് പരിപാടികൾ, പാർട്ടികൾ, വിവാഹങ്ങൾ തുടങ്ങിയ വലിയ പൊതുചടങ്ങുകൾ നടത്തുന്നത് നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വലിയ ജനക്കൂട്ടങ്ങൾ ഒഴിവാക്കുകയും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.
തീരുമാനം കർശനമായി പാലിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന്ആ ഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Kerala
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ അടക്കം ലക്ഷ്യമിട്ട് ഇറാന് ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ വീണ്ടും കുറയുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 31 സര്‍വീസുകള്‍ മാത്രമാണ് നടക്കുക. 50 സര്‍വീസുകളാണ് ഇന്ന് റദ്ദു ചെയ്തത്.
കൊച്ചിയില്‍ നിന്നും ദോഹയിലേക്കും കുവൈറ്റിലേക്കും സര്‍വീസ് നടക്കില്ല. ഒമ്പതു സര്‍വീസുകളും റദ്ദു ചെയ്തു. ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള ആറു സര്‍വീസുകളും റദ്ദാക്കി. എന്നാല്‍ ഖത്തര്‍ എയര്‍വേസിന്റെ ഒരു വിമാനം വൈകിട്ട് 5.40ന് കൊച്ചിയിലെത്തും.
കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള മൂന്നു സര്‍വീസുകളും റദ്ദു ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്കുള്ള മൂന്നു സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ദുബായി, അബുദാബി, ഷാര്‍ജ, മസ്കറ്റ്, റാസല്‍ഖൈമ, റിയാദ് എന്നീ രാജ്യങ്ങളിലേക്കുള്ള ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്.
ബഹ്റൈനിലേക്കും ബഹ്റൈനില്‍ നിന്നും ഒറ്റ വിമാനം പോലും ചാര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളെയും എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണം ഇറാന് തുടരുകയാണ്. ദുബായിയിലെ ആഡംബര ഹോട്ടലുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചു.