കുവൈറ്റ് സിറ്റി: പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതയായ പരമിത ത്രിപാഠി തന്റെ ഔദ്യോഗിക രേഖകൾ കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബിർ അൽ-സബാഹിന് സമർപ്പിച്ചു.
ബയാൻ പാലസിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് അവർ രേഖകൾ കൈമാറിയത്. കുവൈറ്റിലെ ഇന്ത്യയുടെ ഇരുപതാമത്തെ അംബാസഡറായ പരമിത ത്രിപാഠി, ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ്.
ഔദ്യോഗികമായ ഗാർഡ് ഓഫ് ഓണർ നൽകിയാണ് അധികൃതർ അംബാസഡറെ കൊട്ടാരത്തിൽ സ്വീകരിച്ചത്. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ കുവൈറ്റ് അമീർ അംബാസഡറെ സ്വാഗതം ചെയ്യുകയും പുതിയ ദൗത്യത്തിൽ എല്ലാവിധ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സുദൃഢമായ ബന്ധത്തെയും രണ്ടു ജനതകൾ തമ്മിലുള്ള അടുപ്പവും അദ്ദേഹം എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അമീർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പ്രത്യേക ആശംസകൾ അംബാസഡർ അമീറിനെ അറിയിച്ചു. ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായ കുവൈറ്റുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തുഷ്ടയാണെന്ന് അവർ പറഞ്ഞു.
മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും കുവൈറ്റ് നൽകുന്ന പിന്തുണയെ അവർ പ്രകീർത്തിച്ചു.

പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിന് കുവൈറ്റ് നൽകുന്ന പിന്തുണയ്ക്ക് അവർ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പാലമായി പ്രവർത്തിക്കുന്നത് ഈ പ്രവാസി സമൂഹമാണെന്ന് അവർ പറഞ്ഞു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഊർജ്ജം, ആരോഗ്യം, ശാസ്ത്ര-സാങ്കേതികവിദ്യ, തൊഴിൽ വൈദഗ്ധ്യം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിലൂടെ ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 65-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ അംബാസഡറുടെ നിയമനം. അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ഒരേ നിലപാടാണ് പുലർത്തുന്നതെന്നും അത് വരും നാളുകളിലും തുടരുമെന്നും അംബാസഡർ കൂട്ടിചേർത്തു.
Tags : Paramita Tripathi Sheikh Meshal Al-Ahmad Al-Jaber Al-Sabah Kuwait Indian Ambassador