മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തിയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 10 ഡ്രോണുകളും പ്രവേശിച്ചതായും കുവൈറ്റ് സായുധസേന അവയെ വിജയകരമായി നിർവീര്യമാക്കിയതായും പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു.
പ്രതിരോധത്തിൽ തകർന്ന മിസൈൽ അവശിഷ്ടങ്ങൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വസ്തുനാശങ്ങൾക്ക് കാരണമായതായും ഒരാൾക്ക് പരിക്കേറ്റതായും മന്ത്രാലയം വക്താവ് പറഞ്ഞു. പരിക്കേറ്റയാൾ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.
വ്യോമപ്രതിരോധ നടപടികൾക്കുശേഷം വിവിധ സ്ഥലങ്ങളിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി ലാൻഡ് ഫോഴ്സ് എൻജിനീയറിംഗ് വിഭാഗത്തിലെ ഇൻസ്പെക്ഷൻ ആൻഡ് ഡിസ്പോസൽ സംഘം നിരവധി സ്ഥലങ്ങളിൽ ഇടപെട്ടതായും മന്ത്രാലയം അറിയിച്ചു.
സായുധസേന ഉയർന്ന ജാഗ്രതയോടെ ചുമതലകൾ നിർവഹിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
Tags : Kuwait MissileAttack Airspace Defense