മുംബൈ: പാട്ട് ഉച്ചത്തിൽവച്ചതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം രണ്ടു പേരുടെ മരണത്തിൽ കലാശിച്ചു. രണ്ടു പേർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
വിക്രോളിയിലെ പാർക്ക്സൈറ്റിലുള്ള രാഹുൽ നഗറിലായിരുന്നു സംഭവം. ഒരു വീട്ടിൽ കഴിഞ്ഞുവന്ന നാലു സഹോദരങ്ങൾ തമ്മിലാണു കലഹമുണ്ടായത്. അതിരാവിലെ സുനിൽ വിശ്വകർമ (40) ഉയർന്ന ശബ്ദത്തിൽ പാട്ടുവച്ചതിനെ ഇയാളുടെ സഹോദരന്മാരായ സുരേന്ദ്ര വിശ്വകർമയും സൂരജ് വിശ്വകർമയും എതിർത്തു.
തർക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ സുരേന്ദ്രയും സൂരജും സുനിലിനെയും കുടുംബത്തെയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു.
സുനിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാളുടെ 14 വയസുള്ള മകൻ ശ്ലോക് വിശ്വകർമ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. സുനിലിന്റെ ഭാര്യക്കും ഇളയ മകനും ഗുരുതരമായി പരിക്കേറ്റു.