തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിന് മറുപടിയുമായി ബിനോയ് വിശ്വം. എഐഎസ്എഫ് നേതാവ് ടി.ടി. ജിസ്മോന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എം. വിജിൻ നടത്തിയ കമന്റിനാണ് സിപിഐ സംസ്ഥാന സെക്രട്ടറി മറുപടി നൽകിയത്.
സിപിഐ-സിപിഎം ബന്ധത്തിന്റെ രാഷ്ട്രീയം അറിയാത്തവർ പലതും പറയുമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ആ രാഷ്ട്രീയം സിപിഐക്ക് അറിയാമെന്നും വാക്കുകളിൽ പുലർത്തേണ്ട മിതത്വത്തെക്കുറിച്ച് പാർട്ടിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഇന്ത്യ ലക്ഷ്യബോധവും ഹൃദയബോധവുമുള്ള ഇടതുപക്ഷ ഐക്യം ആവശ്യപ്പെടുന്ന സാഹചര്യമാണ്.
അതിൽ പ്രധാനപ്പെട്ടതാണ് സിപിഎം-സിപിഐ ഐക്യമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ഇരു പാർട്ടികളുടെയും യുവജന സംഘടനകളും നിലപാടുകളുമായി രംഗത്തെത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനന്റെ വിമർശനത്തിന് എഐവൈഎഫ് സെക്രട്ടറി ടി.ടി. ജിസ്മോൻ നേരത്തെ മറുപടി നൽകിയിരുന്നു.
ഈ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ കമന്റുമായി എത്തിയത്. നേട്ടം മാത്രമല്ല, നഷ്ടവും പങ്കിടണമെന്ന ഓർമപ്പെടുത്തലായിരുന്നു വിജിന്റെ പ്രതികരണം. ആപത്തിൽ സഹായിക്കാത്ത സുഹൃത്ത് സുഹൃത്തല്ലെന്ന പരാമർശത്തിനൊപ്പം മല്ലനും മാദേവനും കഥയും അദ്ദേഹം ഓർമിപ്പിച്ചിരുന്നു.
തുടർന്ന് ഇതേ പ്രതികരണം വിജിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം അത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് വേണമെന്ന് ഉറച്ചു നിൽക്കുകയാണ് സിപിഐ. ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.