തിരുവല്ല: എംജി സർവകലാശാലാ ബിരുദാനന്തര ബിരുദ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 19 റാങ്കുകൾ തിരുവല്ല മാർത്തോമ്മ കോളജിലെ വിദ്യാർഥികൾ കരസ്ഥമാക്കി.
എംഎ ഇംഗ്ലീഷിൽ നന്ദന ബിനോയി കുമാർ, എംഎസ് സി അനലറ്റിക്കൽ കെമിസ്ട്രിയിൽ ഷഹാന നസ്റി, എംഎസ് സി ഡാറ്റ അനലറ്റിക്സിൽ തമന്ന ജസീൻ എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി. എംഎസ് സി കെമിസ്ട്രിയിൽ കെ.ജെ. അശ്വതി രണ്ടാം റാങ്കും എംഎസ് സി ഡാറ്റ അനലറ്റിക്സിൽ എം.എസ്. അനറ്റ് ഫിലോമിന മൂന്നാം റാങ്കും കരസ്ഥമാക്കി. എംഎസ് സി ഡാറ്റ അനലറ്റക്സിൽ എസ്. അഞ്ജലി, കെ. കൃഷ്ണപ്രിയ, അശ്വിനി നായർ, സ്വാതി ഷാജി, പൂർണിമ ബാബു എന്നിവർ യഥാക്രമം നാല്, അഞ്ച് ഏഴ്, എട്ട്, പത്ത് റാങ്കുകൾക്കുടമകളായി.
എംഎസ് സി അനലിറ്റിക്കൽ കെമിസ്ട്രിയിൽ അന്ന മറിയ ഷാജി, പി. ശ്രേയ, ചന്ദന ടി. രാജേഷ് എന്നിവർ യഥാക്രമം എട്ട്, ഒമ്പത്,പത്ത് സ്ഥാനങ്ങൾ നേടി. എംഎസ് സി കെമിസ്ട്രിയിൽ നസ്ല, കെ. നന്ദന, ശ്രീപ്രിയ രവീന്ദ്രൻ എന്നിവർ ഏഴാം റാങ്ക് പങ്കിട്ടു. എംഎ ഇംഗ്ലീഷിൽ പ്രീതി അനു ജോസ്, ഷീൻ വി. ജോസഫ് എന്നിവർ ആറും പത്തും റാങ്കുകൾ നേടി. ബിരുദ പ്രോഗ്രാമിൽ വിവിധ വിഷയങ്ങളിൽ എഴ് റാങ്കുകൾ ലഭിച്ചിരുന്നു.
ബിരുദ,ബിരുദാനന്തര വിഷയങ്ങളിൽ വിജയികളായവരെ കോളജ് പ്രിൻസിപ്പാൾ ഡോ. ടി.കെ. മാത്യു വർക്കിയും ഗവേണിംഗ് കൗൺസിലും അഭിനന്ദിച്ചു. വിജയികളെ പത്തിനു രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ ആദരിക്കും. വർഗീസ് മാമ്മൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. സഭാ സെക്രട്ടറി റവ. എബി റ്റി മാമ്മൻ, കോളജ് ട്രഷറർ തോമസ് കോശി എന്നിവർ പങ്കെടുക്കും.